Connect with us

Palakkad

വായ്പ പുതുക്കുമ്പോള്‍ മുതലും പലിശയും തീര്‍ത്ത് അടക്കണമെന്ന വ്യവസ്ഥ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു

Published

|

Last Updated

പാലക്കാട്: ദേശസാത്കൃതബേങ്കുകളിലെ കാര്‍ഷികവായ്പ പുതുക്കുമ്പോള്‍ മുതലും പലിശയും തീര്‍ത്ത് അടക്കണമെന്ന വ്യവസ്ഥ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.
സ്വര്‍ണമോൂമിയോ പണയപ്പെടുത്തി ഒരുവര്‍ഷ കാലയളവിലേക്ക് എടുക്കുന്ന വായ്പയുടെ വാര്‍ഷികപലിശ മാത്രം അടച്ച് പുതുക്കിവെക്കുന്ന സംവിധാനം ഇല്ലാതായതോടെയാണിത്. കാര്‍ഷികവായ്പ പുതുക്കാന്‍ ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും ബ്ലേഡുകാരില്‍നിന്ന് പണം കടംവാങ്ങേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. ബ്ലേഡുകാരുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ ബേങ്കുകള്‍ വായ്പാവ്യവസ്ഥകള്‍ ഉദാരമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടും ദേശസാത്കൃതബേങ്കുകള്‍ നടപടിയൊന്നും എടുത്തിട്ടില്ല. ഏഴുശതമാനം വാര്‍ഷികപലിശക്കാണ് കാര്‍ഷികവായ്പ അനുവദിക്കുന്നത്.
ഏക്കറിന് 50,000 രൂപ നിരക്കില്‍ പരമാവധി മൂന്നുലക്ഷംരൂപവരെയാണ് വായ്പ അനുവദിക്കുക. ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കുകയോ പുതുക്കുകയോ ചെയ്താല്‍ പലിശനിരക്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡിയടക്കം മൂന്നുശതമാനം ഇളവ് കിട്ടും.
ഫലത്തില്‍, കര്‍ഷകര്‍ നാലുശതമാനം പലിശയേ നല്‍കേണ്ടിവരുന്നുള്ളൂ.—ഒരുവര്‍ഷകാലാവധിക്കുള്ളില്‍ കാര്‍ഷികവായ്പ പുതുക്കാതിരിക്കുകയോ അടച്ചുതീര്‍ക്കാതിരിക്കുകയോ ചെയ്താല്‍ പലിശനിരക്ക് പന്ത്രണ്ടരശതമാനമായി ഉയരും. വായ്പ പുതുക്കാതിരുന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് കര്‍ഷകന്‍ പണയവസ്തുവിന്റെ ജപ്തി, ലേലം നടപടി നേരിടേണ്ടിവരും. നോട്ടീസ്ചാര്‍ജ് ഉള്‍പ്പെടെ മറ്റ് പല പിഴകളും അടക്കേണ്ടതായും ഉണ്ട്.
വാര്‍ഷികപലിശ മാത്രം അടച്ച് വായ്പ പുതുക്കിവെക്കാന്‍ കഴിയുന്നത് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. വായ്പയും പലിശയും ചേര്‍ത്തുള്ള തുക മുഴുവനായി അടച്ച് പുതിയ വായ്പ എടുക്കണമെന്നതാണ് നിലവിലുള്ള വ്യവസ്ഥയെന്ന് എസ്ബി ടി യുടെയും കനറാബേങ്കിന്റെയും ശാഖാമാനേജര്‍മാര്‍ വ്യക്തമാക്കി. പലിശമാത്രം അടച്ച് വായ്പ പുതുക്കാന്‍ ഒരുവര്‍ഷംമുമ്പുവരെ അനുവദിച്ചിരുന്നു. ബേങ്കിങ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗവും ആര്‍ ബി ഐ ഓഡിറ്റ് വിഭാഗവും ഇതിപ്പോള്‍ അനുവദിക്കുന്നില്ല.——
പലിശമാത്രം അടച്ച് പലപ്പോഴായി പുതുക്കുന്ന വായ്പയെ കിട്ടാക്കടം (എന്‍ പി എ വിഭാഗത്തിലാണ് ഓഡിറ്റിങ് വിഭാഗം ഉള്‍പ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നയപരമായ തീരുമാനം എടുക്കുകയും ദേശസാത്കൃതബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയുംചെയ്താലേ ഫലമുണ്ടാകൂ.—
പ്രാഥമികസഹകരണസംഘങ്ങള്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും ഏക്കറിന് 2,000 രൂപ വരെ ഏഴുശതമാനം നിരക്കില്‍ വായ്പയും അനുവദിക്കുന്നുണ്ട്. എന്നാല്‍, വായ്പാത്തുകയുടെ പരിധി കുറവായതും പലിശനിരക്ക് ഉയര്‍ന്നതും സഹകരണസംഘങ്ങളിലെ വായ്പ അനുവദിക്കല്‍ രാഷ്ട്രീയതാത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും െചയ്യുന്നതും കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നുണ്ട്.

Latest