Connect with us

Palakkad

പുലാമന്തോള്‍ പാലത്തിലെ ടോള്‍ പിരിവ്: പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

പട്ടാമ്പി: പുലാമന്തോള്‍ പാലത്തിലെ ടോള്‍പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 10 വര്‍ഷത്തോളമായി തുടരുന്ന ടോള്‍പിരിവ് നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് ടോള്‍ ബൂത്തിന് മുന്നില്‍ ബഹളം പതിവായി.
ചില വാഹനങ്ങളില്‍ നിന്ന് മാത്രമാണ് പിരിവ് നടത്തുന്നതെന്നും തദ്ദേശീയരായ വാഹനങ്ങളില്‍ നിന്ന് പിരിവ് എടുക്കുന്നില്ലെന്നുമാണ് പരാതി. ഇരുചക്രവാഹനങ്ങളില്‍ നിന്നും ഓട്ടോകളില്‍ നിന്നും പിരിവെടുക്കാന്‍ പാടില്ലെന്ന അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ചാണ് ടോള്‍ പിരിവെന്നും ആക്ഷേപമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയപാലം തകര്‍ന്നതിനെ തുടര്‍ന്ന് 2003ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ പാലം പണിതത്. പാലം ഉദ്ഘാടനം നടത്തി 2005മുതലാണ് പാലത്തില്‍ ടോള്‍ബൂത്ത് സ്ഥാപിക്കുന്നത്. ടോള്‍ബൂത്തിനെതിരെ അന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ഇത് വകവെക്കാതെ പിരിവ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് ടോള്‍ബൂത്തിന്റെ ചുമല. ഒരു വര്‍ഷത്തിനാണ് പരിവിനായി കരാറുകാരനെ ചുമലപ്പെടുത്തുന്നത്.
പാലത്തിന്റെ നിര്‍മാണച്ചെലവ് പിരിഞ്ഞ്കിട്ടുന്നത് വരെ പിരിവ് തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് പ്രകാരം പാലത്തിലെ ടോള്‍പിരിവ് അവസാനിക്കുന്നത് 2020 സെപ്തംബറിലാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇരുപത് വര്‍ഷമാണ് പാലത്തില്‍ ടോള്‍ പിരിവ് നടത്തേണ്ടതെന്നും അധികൃതര്‍ പറയുന്നു. അതേ സമയം നാട്ടുകാരായ ചിലര്‍ പിരിവിനെതിരെ രംഗത്ത് വന്നതോടെ ഇവരുടെ പക്കല്‍ നിന്ന് ഇപ്പോള്‍ പിരിവെടുക്കുന്നില്ല. അന്യജില്ലകളില്‍ നിന്നും കടന്നുപോകുന്ന മറ്റു വാഹനങ്ങളില്‍ നിന്നുമാണ് ടോള്‍പിരിവ്. ഇത് നിയമവരുദ്ധമാണെന്നും പകല്‍കൊള്ളയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന് ചെലവഴിച്ച് കഴിഞ്ഞ തുക സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞെന്നും ടോള്‍പിരിവ് നിര്‍ത്തണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

Latest