Connect with us

Malappuram

പഠനം മുടക്കുന്ന ടി വി പരിപാടികള്‍ വേണ്ടെന്ന് മച്ചിങ്ങലിലെ കുടുംബങ്ങള്‍

Published

|

Last Updated

മലപ്പുറം: കുട്ടികളുടെ പഠനത്തിന് തടസമാകുന്ന തരത്തില്‍ വീട്ടില്‍ ഇനി ടെലിവിഷന്‍ പ്രവര്‍ത്തിക്കില്ല. മലപ്പുറം നഗരസഭയിലെ 26ാം വാര്‍ഡിലെ മച്ചിങ്ങല്‍ ഗവ. എല്‍ പി സ്‌കൂളിലെ പി ടി എ ജനറല്‍ബോഡിയാണ് ഈ തീരുമാനമെടുത്തത്.
പരസ്യങ്ങളുള്‍പ്പെടെയുള്ള ടെലിവിഷന്‍ പരിപാടികള്‍ക്ക് സര്‍ക്കര്‍ മോണിറ്ററിംഗ് ഏര്‍പ്പെടുത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം വാര്‍ഡിലെ മുഴുവന്‍ ജനങ്ങളും ഈ സമയങ്ങളില്‍ വീട്ടില്‍ ടെലിവിഷന്‍ തുറക്കില്ലെന്ന് പ്രതിജ്ഞചൊല്ലിയതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സ്‌കൂളില്‍ പ്രതിജ്ഞ ചൊല്ലിയതെന്ന് വാര്‍ഡ് മെമ്പര്‍ കെ പി ഹൈദരലി പറഞ്ഞു. ടെലിവിഷന്‍ പരിപാടികളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ അമ്മമാര്‍ പ്രാപ്തരാകേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. ശേഷം അവര്‍ പ്രതിജ്ഞ ചൊല്ലി.
“ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രധാനമായും മനസിനെ ഇക്കിളിപ്പെടുത്തന്ന വിഭവങ്ങള്‍ മാത്രം കാഴ്ച വെക്കുകയും ചെയ്യുന്ന ടെലിവിഷന്‍ വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഞങ്ങള്‍ തിരിച്ചറിയുന്നു.
അശ്ലീലങ്ങള്‍ ചേര്‍ത്ത് പ്രേഷകരെ മയക്കുകയും പൈങ്കിളി പ്രവണതയും അനുകരണ ഭ്രമം വളര്‍ത്തുകയും ചെയ്യുന്ന ടെലിവിഷന്‍ ചാനലുകള്‍ കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തേയും പഠനത്തേയും വികലമാക്കുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ആകയാല്‍ മാധ്യമ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി അതിലെ നെല്ലും പതിരും തിരിച്ചറിയാനും വിവേചനത്തോടെ കൈകാര്യ ചെയ്യാനും ഞങ്ങള്‍ തീരുമാനം എടുക്കുന്നു.
വിശേഷിച്ചും മക്കളുടെ ഭാവിയേയും പഠനത്തേയും ഓര്‍ത്ത് വൈകുന്നേരം 6.30 മുതല്‍ 9.30 വരെ ടെലിവിഷന്‍ തുറക്കില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞ എടുക്കുന്നു.” നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. വാര്‍ഡ് മെമ്പര്‍ കെ പി ഹൈദരലി, എച്ച് എം ഇന്ദിര ടീച്ചര്‍, പി ടി എ പ്രസിഡന്റ് ബശീര്‍ മച്ചിങ്ങല്‍ പ്രസംഗിച്ചു.

Latest