Connect with us

Malappuram

മലപ്പുറത്തിന്റെ തനത് വിഭവങ്ങള്‍ പ്രചരിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ജില്ലയുടെ രുചികരമായ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വഴിയൊരുക്കുന്നു.
അന്യംനിന്ന് പോകുന്ന മലപ്പുറത്തിന്റെ തനത് വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുന്നതിലൂടെ മലപ്പുറത്തിന്റെ ഭക്ഷ്യസംസ്‌കാരം വീണ്ടെടുത്ത് ബ്രാന്‍ഡ് ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ജില്ലയിലെ ടൂറിസം സാദ്ധ്യതയുള്ള പത്ത് സ്ഥലങ്ങളിലാണ് ഇത്തരം റെസ്റ്റോറെന്റുകള്‍ ആരംഭിക്കുന്നത്. ഒരേ പേരില്‍, ഒരേ ഡിസൈനിലും, ഒരേ രൂപ ഭാവത്തിലും ആരംഭിക്കുന്ന റെസ്റ്റോറെന്റുകള്‍ മലപ്പുറത്തിന്റെ മുഖമായി മാറും. കേന്ദ്രീകൃത രീതിയില്‍ പരിശീലനം നല്‍കി ഒരേ രീതിയില്‍ നിശ്ചിത ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കി ആഗോള ബ്രാന്‍ഡഡ് മാതൃകയിലായിരിക്കും ഭക്ഷണശാല ഒരുക്കുന്നത്. രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ചുരുങ്ങിയ ചെലവില്‍ എത്തിക്കുന്നതോടൊപ്പം, സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന തരത്തിലാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രചാരണം, പരിശീലനം, ഓണ്‍ലൈന്‍ ബുക്കിംഗ്, മോണിറ്ററിംഗ്, ബ്രാന്‍ഡിംഗ് എന്നിവ ഡി ടി പി സി നല്‍കും. അനുയോജ്യമായ കെട്ടിടവും, മുതല്‍ മുടക്കാന്‍ തയ്യാറുമുള്ളവര്‍ക്കാണ് പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സാധിക്കുക.
വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവര്‍ക്ക് വനിതാവികസന കോര്‍പ്പറേഷന്‍, പിന്നോക്കക്ഷേമ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചുരുങ്ങിയ പലിശയില്‍ വായ്പ ലഭ്യമാക്കും.
ജില്ലയില്‍ ലഭ്യമാവുന്ന തനത് വിഭവങ്ങള്‍, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ ശേഖരിക്കുന്ന വന വിഭവങ്ങള്‍, ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വനസംരക്ഷണ സമിതി തുടങ്ങിയവര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും, കര്‍ഷകരുടെ സുഗന്ധ വ്യഞ്ജനങ്ങളും പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വില്‍ക്കാനുമുള്ള സൗകര്യവും ഈ ഭക്ഷ്യശാലകളില്‍ ഒരുക്കുന്നുണ്ട്.
ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ മാത്രമായിരിക്കും ഈ ഹോട്ടലുകളില്‍ വില്‍ക്കുന്നത്. സഞ്ചാരികള്‍ക്ക് പായ്ക്ക് ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തില്‍ ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാന്‍ കഴിയുന്ന രീതിയിലുള്ള മധുര പലഹാരങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ചക്ക, മാങ്ങ തുടങ്ങിയ വിഭവങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിദഗ്ദര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഭക്ഷണശാലകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മലപ്പുറം ഡി.ടി.പി.സി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പറുകള്‍: 0483 2731504, 9539070474.

Latest