Connect with us

Wayanad

നിയമലംഘനങ്ങളുടെ നേര്‍ക്കാഴ്ച അതീവപരിസ്ഥിതി ലോലപ്രദേശമായ കടുവാസങ്കേതത്തിനുള്ളില്‍;ബാവലിയിലെ അനധികൃതമദ്യ ശാലകള്‍ വയനാടിന്റെ സൈ്വരജീവിതം തകര്‍ക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: അനുമതികളൊന്നുമില്ലാതെ നാഗര്‍ഹോള കടുവാസങ്കേതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത റിസോര്‍ട്ടും മദ്യശാലകളും വയനാടിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ ബൈരക്കുപ്പയില്‍പ്പെട്ട പ്രദേശത്താണ് നാടിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് മൂന്ന് ബാറുകളും മദ്യവില്‍പ്പനശാലയും റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിച്ച് കബനി റിസര്‍വോയറിലേക്ക് ഒഴുകുന്ന കാളിന്ദി നദി കയ്യേറിയും നദിയില്‍ മണ്ണിട്ട് നികത്തി സ്വാഭാവിക ഒഴുക്കിന്റെ ഗതിയെ മാറ്റിയുമാണ് റിസോര്‍ട്ടും ബാറുകളും നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതിക പ്രദേശവും അന്തര്‍ദേശീയ പ്രശസ്തിയാര്‍ജ്ജിച്ചതുമായ കര്‍ണാടകത്തിലെ നാഗര്‍ഹോള കടുവാസങ്കേതത്തിന്റെയും രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെയും കേരളത്തിന്റെ പരിധിയില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്നതുമായ പരിസ്ഥിതിലോല പ്രദേശത്താണ് അനധികൃത റിസോര്‍ട്ടും മദ്യശാലകളും പ്രവര്‍ത്തിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ ആവാസവ്യവസ്ഥ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഏത് തരത്തിലുള്ള ഉപയോഗങ്ങള്‍ക്കും മാറ്റലുകള്‍ക്കും നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി ആവശ്യമാണ്. കൂടാതെ നാഷണല്‍പാര്‍ക്കിനുള്ളില്‍ നടത്തുന്ന നിര്‍മ്മാണപ്രവൃത്തികള്‍ക്ക് സുപ്രീംകോടതിയുടെ മുന്‍കൂര്‍ അനുമതിയും വാങ്ങേണ്ടതാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ കൊമേഴ്‌സ്യല്‍ ലോഡ്ജ്, ഹോട്ടല്‍, റെസ്റ്റോറന്റ് തുടങ്ങിയവക്ക് നാഷണല്‍ നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി ആവശ്യമാണ്. കൂടാതെ ഗോവ ഫൗണ്ടേഷന്‍ കേസില്‍ സുപ്രീം കോടതിയുടെയും വന്യജീവി സങ്കേതങ്ങളുടെയും കടുവാസങ്കേതങ്ങളുടെയും ടൈഗര്‍ റിസ്സര്‍വുകളുടെയും 10 കിലോമീറ്റര്‍ പരിധിയില്‍ ഏതെങ്കിലും രീതിയിലുള്ള നിര്‍മ്മാണപ്രവൃത്തികള്‍ക്കും ദേശീയ വന്യജീവി ബോര്‍ഡിന്റെയും സുപ്രീംകോടതിയുടെയും മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും ഇത്തരത്തിലുള്ള അനുമതി ലഭിച്ചിട്ടില്ല. നിര്‍ബന്ധമായും ലഭിച്ചിരിക്കേണ്ട ബന്ധപ്പെട്ട വനം വന്യജീവി വകുപ്പുകളുടെ നിരാക്ഷേപ പത്രങ്ങളോ അനുമതികളോ റെക്കമന്റേഷനോ ഏതുമില്ലാതെയാണ് ടൂറിസം വകുപ്പും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും പഞ്ചായത്തും അനുമതികള്‍ നല്‍കിയതെന്നത് വ്യക്തമായ നിയമലംഘനവും അഴിമതിയുമാണ് വ്യക്തമാക്കുന്നത്.
കൂടാതെ പുതിയതായി നിര്‍മ്മിച്ച ബാറുകളും റിസോര്‍ട്ടുകളും കാലങ്ങളായി പ്രവര്‍ത്തിക്കുന്ന മദ്യചില്ലറ വില്‍പ്പന ശാലക്ക് സമീപമായി ഏതൊരുവിധ സൈന്‍ ബോര്‍ഡുകളോ അടയാളങ്ങളോ ഇല്ലാതെ ബില്ലുകളും ക്യാഷ് റെസീറ്റുകളും നല്‍കാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയതായി നിര്‍മ്മിച്ച റിസോര്‍ട്ടിന് നിയമവിരുദ്ധമായി അനുവദിച്ച സി എല്‍ സെവന്‍ ലൈസന്‍സ് മാത്രമാണുള്ളത്. എന്നാല്‍ ഈ ലൈസന്‍സിന്റെ പിന്‍ബലത്തില്‍ പ്രസ്തുത സ്ഥലത്ത് എ സി, നോണ്‍ എ സി, ലോക്കല്‍ ബാര്‍, ചില്ലറ മദ്യവില്‍പ്പനശാല എന്നിവയും മറ്റ് ബാംബുഹട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മദ്യചില്ലറ വില്‍പ്പനശാലകള്‍ക്ക് അനുവദിക്കുന്ന സി എല്‍ 7 ലൈസന്‍സുകള്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ ലൈസന്‍സുകള്‍ ഉണ്ട് എന്ന വ്യാജേനയാണ് മദ്യമാഫിയകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കടുവാസങ്കേതത്തിനുള്ളില്‍ ടൂറിസം നിയന്ത്രണത്തിന്റെ ഭാഗമായി നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വ് പുറത്തിറക്കിയ ടൂറിസം റെഗുലേഷനിലെ റഗുലേഷന്‍ നമ്പര്‍ അഞ്ച് പ്രകാരം ഇത്തരം റിസര്‍വ്വുകളില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയതായി റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമായി പറയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കെ എസ് റിസോര്‍ട്ട് എന്ന പുതിയ ബാര്‍ അറ്റാച്ച്ഡ് റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. കേരളത്തിന്റെ പരിധിയില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും 70 മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഈ അനധികൃത ബാര്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 2002-ലെ 337/1995ാം നമ്പര്‍ പരാതിയിലെ സുപ്രീംകോടതി വിധി പ്രകാരം വന്യജീവി സങ്കേതത്തിനുള്ളില്‍ കൊമേഴ്‌സ്യല്‍ ലോഡ്ജ്, ഹോട്ടല്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അനുമതി വേണമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാല്‍ ഇത്തരം അനുമതികള്‍ ഒന്നുമില്ലെന്ന് മാത്രമല്ല, അനധികൃത മദ്യവില്‍പ്പന ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് തകൃതിയായി നടക്കുകയാണ്. ഒരു അംഗം ഒഴികെ മറ്റെല്ലാ മെമ്പര്‍മാരും എസ് ടി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കര്‍ണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനോടും, ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിനോടും ചേര്‍ന്നാണ് ഈ അനധികൃത മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നത് ഗുരുതല പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്നു. മദ്യം കുടിച്ചുള്ള മരണങ്ങളും ഈ പ്രദേശത്ത് പതിവാണ്. കാളിന്ദി പുഴയില്‍ നിന്നും പ്രത്യേകം മോട്ടോറുകള്‍ ഘടിപ്പിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ജലം പമ്പ് ചെയ്യുന്നത് കൂടാതെ എല്ലാ മാലിന്യങ്ങളും പൈപ്പ് വഴി തുറന്നുവിട്ടിരിക്കുന്നത് അതീവപ്രാധാന്യമര്‍ഹിക്കുന്ന കബനിയുടെ കൈവഴിയായ ഈ നദിയിലേക്കാണ്. പുഴയിലേക്ക് നിര്‍മ്മിച്ചിരിക്കുന്ന മരങ്ങള്‍ കൊണ്ടുള്ള പടവുകളും, മുളകളുപയോഗിച്ച് നടത്തിയ എര്‍ത്ത്ഫില്ലിംഗും നിയമലംഘനങ്ങളുടെ നഗ്നമായ കാഴ്ചയാണ്. മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകനും, കേരള അസോസിയേറ്റഡറ്റ് സൊസൈറ്റി ഫോര്‍ തോട്ട്‌സ് ആന്റ് റിലീഫ് എന്ന സംഘടനയുടെ പ്രസിഡന്റുമായ അഡ്വ. ശ്രീജിത്ത് പെരുമന പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക്, നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വ് ഡയറക്ടര്‍, മൈസൂര്‍ജില്ലാ പൊലീസ് സൂപ്രണ്ട്, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡ്വ. ശ്രീജിത്തിന്റെ പരാതി പ്രകാരം സ്ഥലം സന്ദര്‍ശിച്ച നോര്‍ത്ത് വയനാട് ഡി എഫ് ഒ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര ശ്രദ്ധ പതിയേണ്ട ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി ജില്ലാകലക്ടര്‍ക്കും, രാജീവ്ഗാന്ധി നാഷണല്‍പാര്‍ക്ക്/ഹുന്‍സൂര്‍ വനം ഡിവിഷന്‍ ഡയറക്ടര്‍ക്കും കത്തുകള്‍ നല്‍കിയിട്ടുണ്ട്.

Latest