Connect with us

Kozhikode

കടല്‍ ക്ഷോഭം: സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു

Published

|

Last Updated

കോഴിക്കോട്: ജില്ലയുടെ തീരമേഖലയില്‍ കടല്‍ ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു.
ദുരന്തനിവാരണ വകുപ്പില്‍ നിന്ന് അനുവദിച്ച തുക അടിയന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവൃത്തികള്‍ക്കും വിനിയോഗിക്കുമെന്ന് കലക്ടര്‍ സി എ ലത അറിയിച്ചു. കടലാക്രമണം പ്രതിരോധിക്കുന്നതിനുള്ള സംവിധാനം, കടല്‍ ക്ഷോഭത്തിന് ഇരയാകുന്നവര്‍ക്ക് താമസ സൗകര്യം, കുടിവെള്ളം, വൈദ്യുതി, സൗജന്യ റേഷന്‍ തുടങ്ങിയവ ഉറപ്പാക്കുന്നതിന് തുക വിനിയോഗിക്കും.
വൈദ്യുതി വിതരണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി കെ എസ് ഇ ബിക്കും തുക അനുവദിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിച്ച് കഴിഞ്ഞു. വടകരയില്‍ ആവിക്കല്‍ മുതല്‍ കുരിയാടി ഫിഷ് ലാന്റിംഗ് സെന്റര്‍ വരെയുള്ള 310 മീറ്റര്‍ പ്രദേശത്ത് കടല്‍ഭിത്തിക്ക് ഉയരം കൂട്ടും. ഇവിടുത്തെ തകര്‍ന്ന തീരദേശ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. മാളിയേക്കല്‍ ബീച്ച് മുതല്‍ മാടാക്കര വരെ മൂന്ന് കിലോ മീറ്റര്‍ പ്രദേശത്തെ സംരക്ഷണഭിത്തി ഉയരം കൂട്ടുന്നതിനും പ്രൊപ്പോസല്‍ നല്‍കും. വടകരയില്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ 40 മീറ്റര്‍ കടല്‍ സംരക്ഷണ ഭിത്തി പുതുതായി നിര്‍മിക്കാനും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
അതിനിടെ കടലാക്രമണം രൂക്ഷമായ വടകര, പുതിയങ്ങാടി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കലക്ടര്‍ ഒഞ്ചിയം അറക്കല്‍ ക്ഷേത്രപ്പരിസരത്തെ കടല്‍തീര പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമായതിനാല്‍ ഇവരെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ചിട്ടുള്ള ഫഌറ്റിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഒഞ്ചിയം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഈ ഫഌറ്റുകളില്‍ താമസിക്കുന്നവരുടെ ആവശ്യത്തിന് കിണര്‍ കുഴിക്കുന്നതിനും വൈദ്യുതി ഉറപ്പാക്കാനും ഹൗസിംഗ് ബോര്‍ഡിനും കെ എസ് ഇ ബിക്കും നിര്‍ദേശം നല്‍കിയതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Latest