Connect with us

Articles

മദ്യം പാവം; ആസക്തിയാണ് പ്രശ്‌നക്കാരന്‍

Published

|

Last Updated

ബെന്യാമിന്റെ ആ കുറുംകഥയില്‍, ഷാപ്പില്‍ വെച്ച് കരിമീന്‍ കറി തൊട്ടുകൂട്ടിക്കൊണ്ട് ഗാന്ധിജി പറയുന്നുണ്ടല്ലോ “നല്ല സ്വയമ്പന്‍ സാധനം” എന്ന്. എന്തുപറ്റി മഹാത്മാവേ എന്ന സംശയത്തിന് അദ്ദേഹം മറപടി പറയുന്നത് “ഒന്നുമില്ലടോ പയ്യന്‍സ്, പത്തെഴുപത് കൊല്ലമായി നിങ്ങളെന്നെ പിന്തുടരാന്‍ നോക്കുന്നു. പറ്റിയില്ല, എങ്കില്‍ പിന്നെ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നേക്കാം” എന്നാണ്. നമ്മുടെ കാലത്തെ ഗാന്ധിക്കും ഗാന്ധിയന്മാര്‍ക്കും നമ്മെ പിന്തുടരുകയല്ലാതെ മറ്റെന്ത് വഴി? നമ്മുടെ അടഞ്ഞുകിടക്കുന്ന 418 ബാറുകളും അത് തുറക്കാനും തുറക്കാതിരിക്കാനും നടക്കുന്ന കളികളും കള്ളക്കളികളും കാഞ്ഞങ്ങാട്ടെ പുതിയ ആ ബാറുമെല്ലാം കാണുന്ന ഏത് ഗാന്ധിക്കും മറ്റു വഴികളൊന്നുമില്ല.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും സഹധര്‍മിണിയും ഒന്നോ രണ്ടോ പാവം ഗാന്ധിയന്‍മാരും വാഹന ജാഥകള്‍ നടത്തിയും പ്രസംഗിച്ചു നടന്നും ബാറുകള്‍ക്ക് മുമ്പില്‍ ഉപവാസം സംഘടിപ്പിച്ചും നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഈ പാവങ്ങളുടെ മാത്രം ഒരു പ്രശ്‌നമായിരുന്നു മദ്യം. മറ്റേതെങ്കിലും വിഷയത്തില്‍ സര്‍ക്കാറുമായി മസില്‍ പിടിക്കുമ്പോള്‍ ഉപചാരം പോലെ ഒരു സഭ പ്രസ്താവനയിറക്കും. “സര്‍ക്കാര്‍ മദ്യനയത്തെ പ്രോത്സാഹിപ്പിക്കുന്നു.” ഹാഫിസ് മുഹമ്മദ് ഇടക്കിടെ മദ്യവിപത്തിനെതിരെ ഒരു ലേഖനം എഴുതി മുഖ്യധാരയിലെവിടെയെങ്കിലും പ്രസിദ്ധീകരിക്കും. ചിലപ്പോഴെല്ലാം തിരുവനന്തപുരുത്ത് ഒരു ഉപവാസം ഉണ്ടായെന്നും വരും. പാളയം ഇമാമും ഒരു സ്വാമിയും ഒരച്ചനും കുറച്ച് രാഷ്ട്രീയ നേതാക്കളും കുറേ വേദാന്തം പറയും. തീര്‍ന്നു; കേരളത്തിലെ മദ്യവിരുദ്ധത.
എന്നാല്‍, പറഞ്ഞുപറഞ്ഞ് കളി കാര്യമാകുന്നിടത്തെത്തി. രണ്ട് കാലില്‍ നടന്നു നീങ്ങുന്നവര്‍ അപൂര്‍വ കാഴ്ചയായി. അങ്ങനെയാണ് “മദ്യാസക്തി”ക്കെതിരെ ബോധവത്കരണം വേണമെന്ന് എസ് എഫ് ഐക്കാര്‍ക്കും ജനാധിപത്യ മഹിളകള്‍ക്കും തോന്നാന്‍ തുടങ്ങിയത്.
എന്നാല്‍, സത്യസന്ധമായി വിഷയത്തെ സമീപിക്കാനുള്ള ആര്‍ജവം ഇനിയും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. “മദ്യാസക്തി”ക്കെതിരെ എന്ന ഉണ്ടയില്ലാ വെടി വെക്കുകയാണ് ഇപ്പോഴും പലരും. “മദ്യം” പ്രശ്‌നമില്ല “ആസക്തി”യാണ് കുഴപ്പക്കാരന്‍ എന്നാണ് കേട്ടാല്‍ തോന്നുക. മദ്യം ഒഴുക്കിവിട്ട് ആസക്തി കുറക്കണമെന്നാണ് പറയുന്നത്! പാവം മദ്യം, ആസക്തിയാണ് കച്ചറ!! മദ്യത്തിനെതിരെ പറയില്ല, മദ്യാസക്തിക്കെതിരെയാണ് ബഹളം. മദ്യം ഇല്ലാതെ ആസക്തിയുണ്ടാകുമോ? ഇത്തരം അസംബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തിന് പറയണം, ബാര്‍ലൈസന്‍സ് വിഷയത്തില്‍ വി എം സുധീരന് തുറന്ന കത്തെഴുതുമ്പോള്‍ പോലും സാറാ ജോസഫ് “സമ്പൂര്‍ണ മദ്യനിരോധം അപ്രായോഗികമാണെങ്കിലും” എന്ന് ഇടറുന്ന കാഴ്ചയാണല്ലോ കാണുന്നത്. അടിയന്തര പ്രധാന്യത്തോടെ നാം നിരോധിക്കേണ്ട കുറച്ച് മഹദ്‌വചനങ്ങളുണ്ട്. മദ്യവര്‍ജനമാണ് വേണ്ടത്. മദ്യാസക്തി കുറച്ചുകൊണ്ടുവരണം, ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും… എത്ര കാലമായി ഇവരിങ്ങനെ പറയാന്‍ തുടങ്ങിയിട്ട്? എന്നിട്ടെന്തുണ്ടായി? അനായാസകരമായ ലഭ്യത ഒരു പ്രലോഭനം തന്നെയാണെന്ന സത്യം അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണം.
“ഗുണനിലവാരമില്ലാത്ത” 418 ബാറുകള്‍ പൂട്ടിയത് ഒരു ഗാന്ധിയന്‍ പാര്‍ട്ടിയിലും അവര്‍ നയിക്കുന്ന മുന്നണിയിലും പ്രതിസന്ധികള്‍ സൃഷ്ടിച്ചു എന്നു വരുമ്പോള്‍ സംഗതിയുടെ ആഴം മനസ്സിലാക്കാന്‍ പ്രയാസമില്ല. വലിയ പൊട്ടിത്തെറികള്‍ നാം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കേട്ടു. ഒരു കാലത്ത് സുധീരന്റെ സുധീരനായിരുന്ന സതീശന്‍ വരെ സുധീരന് രണ്ട് കിഴുക്ക് കൊടുത്തു. ഒളിയുദ്ധങ്ങളും കുത്തുവാക്കുകളും അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങുന്നു. ഈ ഘട്ടത്തില്‍ കഥയിലെ ഏത് ഗാന്ധിക്കാണ് തിരിച്ചുചിന്തിക്കാതിരിക്കാന്‍ കഴിയുക?
ഒപ്പം തന്നെ ഒന്നുകൂടിയുണ്ടായി. 418 ബാറുകളില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ സംരക്ഷണം മാത്രം ഒരു മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിലപാടായി മാറി. എന്നാല്‍, അവിടങ്ങളില്‍ നിന്ന് മോന്തിക്കുടിച്ച് വീടണയുകയും അണയാതിരിക്കുകുയും ഒടുവില്‍ അണഞ്ഞുപോകുകയും ചെയ്യുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെയും അവരുടെ വീട്ടുകാരുടെയും കുട്ടികളുടെയും ചിത്രം കേന്ദ്ര കമ്മിറ്റി അംഗത്തിന് വിഷയമാകാതെ വരുന്നതെന്തുകൊണ്ടാണ്? വിഷയങ്ങളെ കുറച്ചുകൂടിയൊക്കെ വസ്തുതാപരമായി സമീപിക്കാന്‍ സി പി എം പോലുള്ള ഒരു പാര്‍ട്ടി തയ്യാറാകേണ്ടതല്ലേ?
സത്യത്തില്‍ മദ്യത്തെക്കുറിച്ച് മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളായ സി പി എമ്മിനും സി പി ഐക്കും കൃത്യമായ നിലപാടുണ്ട്. മദ്യപന്മാര്‍ക്ക് ആ പാര്‍ട്ടികള്‍ അംഗത്വം നല്‍കില്ല. ഇത്രയും “മദോന്മത്തരായ” ഒരു സമൂഹത്തില്‍ ഈ കാര്‍ക്കശ്യം നിലനിര്‍ത്തുക എന്നത് ശ്രമകരവും ശ്ലാഘനീയവുമായ സംഗതി തന്നെയാണ്. എത്ര പാര്‍ട്ടികള്‍ക്ക് ഈ നിലപാടിലേക്ക് ഉയരാന്‍ കഴിയും എന്നതും ആലോചിക്കേണ്ടതുണ്ട്. എന്നാല്‍, ഈ മഹത്തായ തീരുമാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഒരു നിലപാടിലെത്താന്‍ ആ പാര്‍ട്ടികള്‍ പരാജയപ്പെടുന്നു. തങ്ങളുടെ അംഗങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത ഒരു പാനീയം ഇങ്ങനെ ഈ നാട്ടില്‍ ഒഴുകി നടക്കുന്നത് അവസാനിപ്പിക്കാന്‍, അതില്ലെങ്കില്‍ പോകട്ടെ ഒഴുക്ക് കുറക്കാനെങ്കിലും ശക്തമായൊരു നീക്കം അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. എന്ന് മാത്രമല്ല, മദ്യത്തിന്റെ ഒഴുക്ക് കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുന്ന സമീപനവും ഈ പാര്‍ട്ടികള്‍ സ്വീകരിക്കുന്നു. തങ്ങളുടെ അംഗങ്ങള്‍ക്ക് വര്‍ജ്യമായ ഒരു പാനീയം തങ്ങളുടെ അനുഭാവികളും നാട്ടുകാരും കുടിക്കട്ടെ എന്ന് ഇവര്‍ എങ്ങനെ നിലപാടെടുക്കുന്നു?
മദ്യവുമായി ബന്ധപ്പെട്ടുള്ള തൊഴിലിന്റെ പ്രശ്‌നമാണ് അവരെ ഇത്തരമൊരു നിലപാടിലെത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അണി നിരന്നിരിക്കുന്നവരുടെ സാമൂഹിക, സാമൂദായിക പരിസരവും ചരിത്രവും മനസ്സിലാക്കുമ്പോള്‍ അത് വ്യക്തമാകും. എന്നാല്‍, ഏത് വിഷയവും തൊഴില്‍ എന്ന കോണിലൂടെ മാത്രം കാണുന്നത് ശരിയാണോ? ഒരു സമൂഹത്തില്‍ കുറച്ചു പേരുടെ തൊഴില്‍ പ്രധാനം തന്നെയാണ്. എന്നാല്‍ അതിലും വലുതാണല്ലോ ആ സമൂഹം എന്നത്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പ്.
തൊഴില്‍ പ്രശ്‌നം എന്ന് സാമാന്യമായി പറഞ്ഞ് പര്‍വതീകരിക്കുന്നത് ശരിയല്ല. ഇവിടെ മദ്യവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴില്‍ മാത്രമാണ് വിഷയം. കേട്ടാല്‍ തോന്നുക എല്ലാ തൊഴിലാളികളും മദ്യവുമായി ബന്ധപ്പെട്ടാണ് ഇവിടെ പണിയെടുക്കുന്നത് എന്നാണ്. എന്നാല്‍, മദ്യവുമായി ബന്ധപ്പെട്ടുള്ള തൊഴിലിലേര്‍പ്പെട്ടവര്‍ മൊത്തം തൊഴിലാളികളുടെ ചെറിയൊരു ശതമാനമേ വരൂ. ഒരു സാമൂഹിക പ്രശ്‌നമെന്ന നിലയില്‍ മദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ തൊഴിലാളികളെ മാത്രമല്ല, മുന്നില്‍ കാണേണ്ടത്. എല്ലാ തൊഴിലാളികളേയും തൊഴിലൊന്നുമെടുക്കാത്തവരുമുള്‍പ്പെടെയുള്ളവരെയുമാണ്.
അതേസമയം, തൊഴിലാളികളെ പ്രത്യേകമായി കാണേണ്ട പ്രത്യേക സാഹചര്യവുമുണ്ട്. അത് തൊഴില്‍ നഷ്ടം എന്ന രൂപത്തിലല്ല. മദ്യത്തിന്റെ ഭവിഷ്യത്ത് ഏറ്റവും നന്നായി അനുഭവിക്കുന്നവരില്‍ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമുണ്ട് എന്നത് കാണണം. ഇങ്ങനെ തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ക്ക് മറ്റു പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം കൈവരുന്നുണ്ട്; വിപരീതമാണ് അവരുടെ സമീപനമെങ്കിലും. മദ്യവില്‍പ്പനശാലകളുടെയും കള്ള് ഷാപ്പുകളുടെയും സമീപമെങ്കിലും ചെന്നാല്‍, അറിയാം, “വര്‍ഗ”പരമായി ഏത് വിഭാഗത്തില്‍ പെട്ടവരാണ് മദ്യപരില്‍ കൂടുതലെന്ന്. തൊഴിലാളികളും താഴ്ന്ന സാമൂഹിക നിലയിലുള്ളവരുമാണ് എന്നത് നൂറ് തരം. അങ്ങനെ, ദുര്‍ബലന്റെ നിസ്സഹായതയെ കൂടുതല്‍ ദയനീയമാക്കുന്നു ഈ മദ്യപാനം.
മാത്രവുമല്ല, എല്ലാ തൊഴിലും എന്നും നിലനില്‍ക്കണമെന്നില്ല. ഒരു ജനതയുടെ സാമൂഹിക വളര്‍ച്ചയുടെയും പുരോഗതിയുടെയും ഭാഗമായി ചിലത് അസ്തമിച്ചുപോയേക്കാം. തോട്ടിപ്പണി ഇന്നില്ലല്ലോ. ഇക്കാലത്ത് തൊഴില്‍ എന്ന വാദമുന്നയിച്ച് തോട്ടിപ്പണി നിലനിര്‍ത്തണമെന്ന് ആരെങ്കിലും വാദിക്കുമോ?
നമ്മുടെ മദ്യനയ ചര്‍ച്ച 418 ബാറുകളുടെ ലൈസന്‍സിലൊതുങ്ങിയത് അത്ര ക്രിയാത്മകമായ ഒന്നായി കാണാന്‍ കഴിയില്ല. (ബാറുകള്‍ പൂട്ടിക്കിടക്കുന്ന കാലത്തോളം വി എം സുധീരന് നന്ദി.) എന്നാല്‍, “നിലവാരമില്ലായ്മ” ബാറുകള്‍ക്ക് മാത്രമല്ല, കള്ള് ഷാപ്പുകള്‍ക്കുമുണ്ട് എന്നത് അറിയാത്തവരാണോ അധികൃതരും രാഷ്ട്രീയ നേതൃത്വവും? ബാറിനു മാത്രമേ ചട്ടങ്ങള്‍ ഉള്ളൂ എന്നുണ്ടോ? മദ്യഷാപ്പുകള്‍ക്കും നിയമങ്ങളുണ്ട്. അത് പരസ്യമായി ലംഘിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, ഒരൊറ്റ മദ്യഷാപ്പിന്റെയും ലൈസന്‍സ് റദ്ദാക്കപ്പെടുന്നില്ല. അങ്ങനെ വല്ല നടപടിയും വേണമെങ്കില്‍ വിഷമദ്യ ദുരന്തമുണ്ടായി പത്തോ ഇരുപതോ പേര്‍ മയ്യത്താകണം. കള്ളു ഷാപ്പില്‍ മറ്റു ഭക്ഷ്യവിഭവങ്ങള്‍ വിളമ്പരുതെന്ന് നിയമമുണ്ട്. പക്ഷേ, നടക്കുന്നതെന്താണ്? ഇവിടുത്തെ ശുചിത്വത്തെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ചിന്തയുണ്ടോ? ഇതിന്റെയൊക്കെ പേരില്‍ റദ്ദാക്കാവുന്നതാണ് ലൈസന്‍സ്. പക്ഷേ, എക്‌സൈസുകാരുടെ മൂക്കിന് മുമ്പില്‍ തന്നെ ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണ് നിയമവിരുദ്ധമായി നടത്തുന്ന കള്ള് ഷാപ്പുകള്‍ നടത്തിക്കൊണ്ടുപോകാന്‍ വേണ്ട ഒത്താശ എല്ലാവരും ചെയ്യുന്നത്?
ഇനി എന്നായിരിക്കും നമുക്ക് സത്യസന്ധമായി മദ്യനയത്തെ സമീപിക്കാന്‍ കഴിയുക?

Latest