Connect with us

Articles

അക്കാദമിക് രംഗത്തെ അമ്പലക്കാളകള്‍

Published

|

Last Updated

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മുതല്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ വരെയുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത വിവാദ വിഷയമായിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിക്കു വിദ്യാഭ്യാസമോ ആരോഗ്യമന്ത്രിക്കു ആരോഗ്യമോ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവെച്ചിട്ടില്ല. എന്തിനു, സാക്ഷാല്‍ സരസ്വതി പോലും യാതൊരു തരത്തിലുള്ള അക്ഷരാഭ്യാസവും നേടിയിരിക്കാനിടയില്ല. എഴുത്തച്ഛന്‍ രാമായണം എഴുതിയതും ഷെക്‌സ്പിയര്‍ നാടകങ്ങളെഴുതിയതും ഒരു സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടായിരുന്നില്ല. നമ്മുടെ ബഷീര്‍ എന്ത് വിദ്യാഭ്യാസം നേടിയിട്ടാണ് ഈ കണ്ട കഥകളത്രയും എഴുതിയത്? ഇവരൊക്കെ ജീവിതം എന്ന സര്‍വകലാശാലയില്‍ നിന്ന് പരിശീലനം നേടി ജനസമ്മതിയാര്‍ജിച്ചവരായിരുന്നു. എന്നാല്‍ സര്‍വകലാശാലാ വൈസ്ചാന്‍സലറന്മാര്‍ ചുരുങ്ങിയ പക്ഷം ഒരു ഡോക്ടര്‍ ബിരുദമെങ്കിലും നേരെ ചൊവ്വേ കരസ്ഥമാക്കിയിരിക്കേണ്ടതല്ലേ? അങ്ങനെ വേണമെന്നില്ല എന്നാണ് ഇപ്പഴിപ്പോള്‍ സര്‍ക്കാറുകള്‍ കരുതുന്നതെന്നു തോന്നുന്നു. സകല രംഗങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളെ കുത്തിത്തിരുകുക, അതു മാത്രം ആയിരിക്കുന്നു ഭരണം കൈയാളുന്നവരുടെ ലക്ഷ്യം.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെന്നാണ് സങ്കല്‍പ്പം. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ യാഥാര്‍ഥ്യങ്ങളേക്കാള്‍ പ്രാധാന്യം സങ്കല്‍പ്പങ്ങള്‍ക്കാണല്ലോ. ശാസ്ത്രാധ്യാപകന്റെ ചൂണ്ടുവിരലിനെ ടെസ്റ്റ്ട്യൂബെന്നും ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തിരിക്കുന്ന ഗ്ലോബിനെ ഭൂഗോളം എന്നും ഒക്കെ സങ്കല്‍പ്പിച്ച് രസതന്ത്രവും ഭൂമിശാസ്ത്രവും പഠിച്ച് 10-ാം ക്ലാസ്സും അതിനപ്പുറവുമൊക്കെ കടന്നുകൂടിയ അഭ്യാസ വീരന്മാരാണ് നമ്മളില്‍ പലരും. ആ നിലക്കു ഒരു വൈസ് ചാന്‍സലറുടെ ഗവേഷണബിരുദത്തെ ചൊല്ലി ഇത്രയേറെ ഒച്ചപ്പാടൊന്നും ഉണ്ടാക്കേണ്ടതുണ്ടോ എന്നു ചോദിക്കുന്ന ശുദ്ധാത്മാക്കളും നമ്മുടെയിടയിലുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന എല്ലാ വൈസ് ചാന്‍സലര്‍ നിയമനവും വിവാദമായി. തിരുവിതാംകൂറില്‍ ആദ്യമായി ഒരു സര്‍വകലാശാലയുണ്ടായപ്പോള്‍ വൈസ് ചാന്‍സലര്‍ പദം ഏറ്റെടുക്കാന്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനെ തന്നെ അന്നത്തെ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ ക്ഷണിച്ചു. നമ്മുടെ വൈസ്ചാന്‍സലറന്മാര്‍ ഐന്‍സ്റ്റയിനോളം ഒന്നും ഉയര്‍ന്ന പ്രതിഭാശാലികളായില്ലെങ്കിലും വെറും എട്ടുകാലി മമ്മുഞ്ഞിമാരാകാതിരിക്കാനെങ്കിലും നോക്കേണ്ടതല്ലേ? വൈസ്ചാന്‍സലറന്മാരെ നിയമിക്കാനുള്ള ചിട്ടവട്ടങ്ങളൊക്കെ വായിച്ചാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. ഇതെല്ലാം ഒത്തിണങ്ങിയ വ്യക്തികളെ കണ്ടെത്തണമെങ്കില്‍ സര്‍ സി പി ചെയ്ത പോലെ ഓക്‌സ്ഫഡിലോ കേബ്രിഡ്ജിലോ ഒക്കെ അന്വേഷിക്കേണ്ടി വരും.
ഒരു വശത്ത് ലിഖിത നിയമങ്ങള്‍ അഥവാ ഏട്ടിലെ പശു! ഇതിനൊക്കെ എത്രയോ മീതെയാണ് വര്‍ഷങ്ങളായി അവലംബിച്ചുപോരുന്ന ചില അലിഖിത നിയമങ്ങള്‍. കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍, കഴിയുന്നതും ഒരു നായരായിരിക്കണം എന്നതാണടിസ്ഥാന യോഗ്യത. ഇങ്ങനെ നായന്മാരുടെ ഇലയില്‍ മാത്രമുള്ള ഈ വിളമ്പില്‍ മനം മടുത്തു മുറവിളികൂട്ടിയ മുസ്‌ലിംകള്‍ക്കു വേണ്ടിയാണ് നമ്മള്‍ കോഴിക്കോട് സര്‍വകലാശാല ഉണ്ടാക്കിയതു തന്നെ. ഇത്രയും ആയപ്പോള്‍ മുന്തിയ ഇനം ക്രിസ്ത്യാനികള്‍ക്കു അടങ്ങിയിരിക്കാനാകുമോ? അവര്‍ക്കു വേണ്ടി സ്ഥാപിച്ചതാണ് കോട്ടയം എം ജി സര്‍വകലാശാല.
അപ്പോഴാണ് കണ്ണൂരിലെ സമര സഖാക്കളുടെ വിപ്ലവവീര്യം ഉണര്‍ന്നത്. “ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്‌ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം” എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന കുട്ടി സഖാക്കള്‍ക്കു അവരിലുള്ളത് ഏത് രക്തമാണെന്ന ആശങ്ക കലശലായി. അത് പരിഹരിക്കാന്‍ കണ്ണൂരിനു കിട്ടി ഒരു സര്‍വകലാശാല. രാഷ്ട്രീയക്കാറ്റ് പ്രതികൂലമായി ബാധിച്ചപ്പോള്‍ സര്‍വകലാശാലയുടെ ആജീവനാന്ത ഭരണം എന്ന സ്വപ്‌നം പാളിപ്പോയി. കമ്മ്യൂണിസ്റ്റ് മതേതരവാദികളിരുന്ന വൈസ്ചാന്‍സലര്‍ക്കസേരയില്‍ കോണ്‍ഗ്രസ്സ് മതേതരക്കാര്‍ നോട്ടമിട്ടു തുടങ്ങി. ഖാദര്‍ മാങ്ങാടിന്റെ പി എച്ച് ഡി തീസീസ്സല്ല ഇതോട് ബദ്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത്. നമ്മുടെ കോളജ് അധ്യാപകരെ ഇങ്ങനെ ഓടിച്ചിട്ടു പി എച്ച് ഡി നല്‍കുന്നതുള്‍പ്പടെയുള്ള യു ജി സി പരിഷ്‌കാരങ്ങള്‍ പൊതുസമൂഹത്തിനു എന്തു പ്രയോജനം ചെയ്യുന്നു എന്ന അന്വേഷണമാണ് വേണ്ടത്. ആര്‍ക്കും വേണ്ടാത്ത ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത എത്രയെത്ര ഗവേഷണ പ്രബന്ധങ്ങളാണ് നമ്മുടെ സര്‍വകലാശാലാ ലൈബ്രറികളില്‍ പൊടിപിടിച്ചു കിടക്കുന്നത്? ഇതു വല്ലതും ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? കോളജുകളിലെ പ്രൊഫസര്‍ സഖാക്കന്മാര്‍ സമരം ചെയ്തു നേടിയെടുത്ത യു ജി സി എന്ന ഫൈവ് സറ്റാര്‍ സദ്യ, തികഞ്ഞ സോഷ്യലിസ്റ്റ് മാനദണ്ഡം പാലിച്ചുകൊണ്ടു തന്നെ കേരളമാകെ വിളമ്പി. എന്നിട്ടും ഈ പ്രൊഫസര്‍മാര്‍ കുട്ടികളുടെ മുമ്പില്‍ പഴയ ചോക്കും ഡസ്റ്ററും മാത്രമായി ക്ലാസ്സെടുക്കാന്‍ എത്തുന്നു. അധ്യാപകര്‍ കുട്ടികള്‍ക്കു മാര്‍ക്ക് നല്‍കുന്ന പഴഞ്ചന്‍ സമ്പ്രദായം മാറി കുട്ടികള്‍ അധ്യാപകര്‍ക്കു മാര്‍ക്കിടുന്ന രീതി പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും നടപ്പിലായതായി കേള്‍ക്കുന്നു. ഇതെങ്ങാനും നമ്മുടെ നാട്ടില്‍ നടപ്പായാല്‍ നമ്മുടെ അധ്യാപകരുടെ കാര്യം കഷ്ടത്തിലാകും. യു ജി സി ശമ്പള പരിഷ്‌കാരവും മറ്റും നമ്മുടെ കോളജുകളില്‍ എന്തു വ്യത്യാസമാണ് വരുത്തിയതെന്നു കാര്യമായ ഒരന്വേഷണവും ആരും നടത്തിയെന്നു തോന്നുന്നില്ല.
പണം കൊടുത്തു പുസ്തകം വാങ്ങിക്കുന്ന ശീലം പണ്ടേ ഇല്ലാത്ത നമ്മുടെ അധ്യാപകര്‍ക്കു മറ്റെന്തിനു സമയമുണ്ടായാലും വായനക്കു സമയമില്ലെന്നാണ് പരാതി. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കു വിവരം തീരെ കുറവാണെങ്കിലും മാര്‍ക്ക് വളരെ കൂടുതലാണെന്നാണ് അധ്യാപകരുടെ കണ്ടെത്തല്‍. എന്തടിസ്ഥാനത്തിലാണ് ഈ കുട്ടികള്‍ക്കിങ്ങനെ മാര്‍ക്ക് വാരിക്കോരി കൊടുക്കുന്നത്? എം എ പരീക്ഷക്കു 80 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി പോലും, കേവലം എസ് എസ് എല്‍ സി മാത്രം അടിസ്ഥാന യോഗ്യതയായി നിര്‍ണയിച്ചിട്ടുള്ള എല്‍ ഡി ക്ലര്‍ക്കിനെ തിരഞ്ഞെടുക്കാന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സരപ്പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ നാലയലത്തു പോലും ഇടം നേടുന്നില്ല. ആ നിലക്കു ഈ ഉദാരമായ മാര്‍ക്കുദാനത്തിനു ഒരൊറ്റ ലക്ഷ്യമേയുള്ളു എന്നു വ്യക്തമാകുന്നു. കോളജുകളില്‍ നിലവിലുള്ള കോഴ്‌സുകള്‍ ഇതേപോലെ തുടര്‍ന്നു പോകണം. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടികള്‍ വിട്ടു പോയാല്‍ അധ്യാപക തസ്തികകള്‍ ഇല്ലാതാകും. അതെങ്ങനെയും ഒഴിവാക്കണം. ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനുള്ള മാന്ത്രിക വടിയൊന്നും ഒരു വൈസ് ചാന്‍സലറുടെയും കൈവശം ഉണ്ടെന്നു ആരും ധരിക്കുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇതിലും വഷളാക്കാതെ നോക്കേണ്ട ബാധ്യതയെങ്കിലും സത്യസന്ധമായി നിറവേറ്റാന്‍ വി സിമാര്‍ക്കു കഴിയേണ്ടേ?
അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനു ഒരു ഘട്ടത്തില്‍ യു ജി സി നിര്‍ദേശിച്ച പോംവഴിയായിരുന്നു ഗവേഷണബിരുദം എന്നത്. ഗവേഷണബിരുദവും അധ്യാപനവൈദഗ്ധ്യവും തമ്മില്‍ എന്തു ബന്ധമെന്നു ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല. നല്ല അധ്യാപകന്‍ നല്ല ഗവേഷകനോ നല്ല ഗവേഷകന്‍ നല്ല അധ്യാപകനോ ആകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. പ്രത്യേകിച്ചും മാനവിക വിഷയങ്ങളില്‍ കോളേജധ്യാപകനാകാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന രണ്ടാം ക്ലാസ്സ് എം എ ബിരുദം പോലും നേടാന്‍ കഴിയാത്ത എത്രയോ പ്രഗത്ഭരായ അധ്യാപകരെ കേരളം കണ്ടിട്ടുണ്ട്. മഹാകവി ജി ശങ്കരക്കുറുപ്പ്, പ്രൊഫ ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ എത്രയോ തേഡ് ക്ലാസ്സ് എം എക്കാര്‍ അധ്യാപനരംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മികച്ച കോളജധ്യാപകരെ കണ്ടെത്താനുള്ള ഇപ്പോഴത്തെ നെറ്റ് പരീക്ഷ പോലും വണ്ടിക്കു പിന്നില്‍ കുതിരയെ കെട്ടി ഓടിക്കുന്നതിനു തുല്യമാണ്. തികച്ചും അശാസ്ത്രീയമായ ഒരേര്‍പ്പാട്. മിക്ക വിഷയങ്ങളിലും ഒരൊറ്റ അടിസ്ഥാന ഗ്രന്ഥം പോലും ഹൃദിസ്ഥമാക്കാതെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കൗശലക്കാരായ ഏജന്റുമാര്‍ തയ്യാറാക്കുന്ന ഗൈഡുകളും അവയില്‍ നല്‍കിയിരിക്കുന്ന ഒറ്റവാക്ക് ഉത്തരങ്ങളും മാത്രം ഓര്‍മയില്‍ വെക്കാന്‍ കഴിയുന്ന ഏതു ഭാഗ്യാന്വേഷിക്കും അനായാസം പാസ്സാകാവുന്നതേയുള്ളൂ ഇത്തരം പരീക്ഷകള്‍. ഇവര്‍ക്ക് ഏറിപ്പോയാല്‍ വ്യവസ്ഥാപിത അറിവുകളുടെ വിതരണക്കാരാകുക എന്നതിനപ്പുറം യാതൊരു പുതിയ അറിവുകളുടെയും ഉത്പാദകരാകാന്‍ കഴിയില്ല എന്നതാണ് പരമാര്‍ഥം.
യു ജി സി നിര്‍ദേശപ്രകാരം കോളജധ്യാപകരെല്ലാം പി എച്ച് ഡി നേടിയിരിക്കണം. സര്‍വീസില്‍ വരുന്നതിനു മുമ്പ് അത് കഴിയാതെ പോയവര്‍ക്ക് മുഴുവന്‍ ശമ്പളത്തോടു കൂടി മൂന്ന് വര്‍ഷത്തെ ലീവ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഡോക്ടര്‍ ആകാവുന്നതാണ്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് കണ്ണൂര്‍ വി സി, കമലാദാസിന്റെ ഇംഗ്ലീഷ് കവിതകളെ അസംസ്‌കൃതവസ്തുവാക്കി മറ്റനേകം ജോലികള്‍ക്കിടയില്‍ ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിങ്ങനെ പൊല്ലാപ്പാകുമെന്നൊന്നും അദ്ദേഹം കരുതിയിരുന്നില്ല. പേരിനോടൊപ്പം സ്ഥലപ്പേരൊക്കെ ചേര്‍ത്തിട്ടുണ്ടെങ്കിലും സാഹിത്യ രചനയുമായി ഖാദര്‍ സാറിനു ബന്ധമുണ്ടെന്ന ഒരാരോപണം ആരും ഇതുവരെ ഉന്നയിച്ചു കേട്ടില്ല. ഗവേഷണ പ്രബന്ധങ്ങളെന്ന നിലയിലല്ലാതെ തന്നെ ബഷീറിനെയും ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും എന്തിനു മാധവിക്കുട്ടിയെന്ന കമലാദാസിനെയും സമഗ്രമായി പഠിച്ച് ഘനഗാംഭീര്യമാര്‍ന്ന പുസ്തകങ്ങള്‍ രചിച്ച എത്രയോ സാഹിത്യ നിരൂപകന്മാര്‍ നമുക്കുണ്ടായിട്ടുണ്ട്. അവരില്‍ ഐ എ എസുകാരും ബേങ്ക് ക്ലര്‍ക്കുമാരും തുടങ്ങി സാദാ ഓഫീസ് ഗുമസ്ഥന്മാര്‍ വരെ പെടും. ഇത്തരം സര്‍ഗാത്മക രംഗത്തുനിന്നു കോളജധ്യപകന്മാര്‍ പടിയിറങ്ങുന്ന ചിത്രമാണ് നമ്മള്‍ കണ്ടു വരുന്നത്. നമ്മുടെ കോളേജധ്യാപകന്മാര്‍ക്ക് എന്തുപറ്റി എന്ന ചോദ്യം ഗൗരവമായി ചോദിക്കാന്‍ കാലമായിരിക്കുന്നു.
മൂന്ന് മണിക്കൂര്‍ പരീക്ഷ രണ്ട് മണിക്കൂര്‍ കൊണ്ട് എഴുതിത്തീര്‍ത്തതിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് നിഷേധിക്കുന്നതു പോലെയാണ് കാലാവധിക്കു മുമ്പെ ഗവേഷണം പൂര്‍ത്തിയാക്കിയ തന്റെ കഴിവിനെ ഇവിടുത്തെ ഒരുപറ്റം സഖാക്കള്‍ ആക്ഷേപിക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ണൂര്‍ വി സി പറയുന്നത്. കണ്ണൂര്‍ മാത്രമല്ല മറ്റു ചില വി സിമാരും ആരോപണങ്ങളുടെ മുള്‍മുനയിലാണ്. സര്‍വകലാശാലാ ഭരണവും കേരളാ കോണ്‍ഗ്രസ് ജില്ലാതല ഭരണവും ഒപ്പം നടത്തി കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ വി സിയെ ഗവര്‍ണര്‍ പറഞ്ഞു വിട്ടത്. ഇല്ലാത്ത യോഗ്യതകള്‍ വെച്ചുകെട്ടി രാഷ്ട്രീയ യജമാനന്മാര്‍ക്കു പാദസേവ നടത്തി കരസ്ഥമാക്കാവുന്ന ഒരു പദവിയാണ് ഒരു സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ സ്ഥാനം എന്ന അവസ്ഥ കഷ്ടം തന്നെ!
കാലിക്കറ്റ് സര്‍വകലാശാല വി സി ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണം. അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷനും പുറമെ വി സി എന്ന നിലയിലുള്ള ശമ്പളവും വാങ്ങി പോലും. ഇത്രയൊക്കെ പണം കൈപ്പറ്റി ജോലി ചെയ്യുന്ന നമ്മുടെ വൈസ്ചാന്‍സലര്‍മാരുടെ അദ്ധ്വാന ഭാരത്തിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള അവകാശം കൂടി നികുതിദായകരായ നമ്മള്‍ക്ക് വേണം. കലിക്കറ്റ് വി സിയുടെ മറ്റൊരു പരിഷ്‌കാരം പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ക്കു രഹസ്യ കോഡ് നമ്പര്‍ നല്‍കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുക എന്നതാണ്. ഇതോടെ ഏത് കുട്ടിയുടെ ഏതു പേപ്പര്‍ ഏതധ്യാപകനാണ് പരിശോധിച്ചു മാര്‍ക്കിടുന്നതെന്നു താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സൗകര്യം ലഭിക്കും. ഇതോടെ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കു വിദ്യാര്‍ഥികളെ കാര്യമായി ഒന്നും പഠിപ്പിക്കാതെ തന്നെ മൊത്തമായി ജയിപ്പിച്ചെടുക്കാനും തങ്ങള്‍ പ്രതീക്ഷിക്കുന്ന ഫീസ് കുട്ടികളില്‍ നിന്നും വാങ്ങിക്കാനും കഴിയും. വൈജ്ഞാനിക മേഖലയുടെ നിത്യശത്രുക്കളായ അമ്പലക്കാളകള്‍ക്ക് യഥേഷ്ടം മേഞ്ഞു നടക്കാനുള്ള പുല്‍മേടുകളായി നമ്മുടെ സര്‍വകലാശാലകള്‍ മാറുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇത്തരം ആക്ഷേപങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
വാല്‍ക്കഷണം-
കണ്ണൂരും കോഴിക്കോടുമൊക്കെ പാവം എസ് എഫ് ഐ പിള്ളേരെ പോലീസിന് വേട്ടയാടാന്‍ വിട്ടുകൊടുക്കുന്നതിനു പകരം നമ്മുടെ പ്രൊഫസര്‍ സഖാക്കളടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടിക്കാര്‍ രംഗത്തിറങ്ങി വി സിവിരുദ്ധ സമരം സജീവമാക്കുന്ന കാര്യം എന്തുകൊണ്ട് ആലോചിച്ചു കൂടാ?
(കെ സി വര്‍ഗീസ്, ഫോണ്‍- 9446268581)

Latest