Connect with us

Editorial

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച

Published

|

Last Updated

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപ കാലത്ത് ഈ മേഖലയെക്കുറിച്ചു നടത്തിയ പഠനങ്ങളത്രയും. ഏറ്റവുമൊടുവില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം ഊന്നിപ്പറയുന്നു. സ്‌കൂളുകള്‍ മാത്രമല്ല, സംസ്ഥാനത്തെ അധ്യാപക പരിശീലന സമ്പ്രദായവും ഗുരുതരമായ നിലവാര്‍ത്തകര്‍ച്ചയിലാണെന്നാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാ വിഭാഗം മുന്‍മേധാവി പ്രൊഫ. രമാകാന്ത് അഗ്നിഹോത്രയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പഠന സംഘത്തിന്റെ വിലയിരുത്തല്‍. ഏപ്രിലില്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രൈമറി തലം മുതല്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപകര്‍ക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത പരിശീലനമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അധ്യാപകരില്‍ ഭൂരിഭാഗത്തിന്റെയും ഭാഷാ പരിജ്ഞാനം മോശമാണെന്നും എസ് സി ഇ ആര്‍ ടി നല്‍കുന്ന പരിശീലനത്തിന്റെ ഫലങ്ങള്‍ വിദ്യാര്‍ഥികളിലെത്തുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. പഠിതാക്കളെ യോഗ്യരായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അധ്യാപകര്‍ക്കുള്ള അക്കാദമിക് യോഗ്യതയും അധ്യാപനത്തിനുള്ള കഴിവും പരമ പ്രധാനമാണ്. പാഠ്യപദ്ധതി എത്ര മികച്ചതെങ്കിലും പകര്‍ന്നു കൊടുക്കുന്ന അധ്യാപകന്റെ യോഗ്യതയെയും നിലവാരത്തെയും ആശ്രയിച്ചാണ് വിദ്യാര്‍ഥികളില്‍ അതിന്റെ ഫലം പ്രകടമാകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പരിശീലനത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കിലും െ്രെപമറി വിദ്യാഭ്യാസ രംഗത്ത് പരിശീലനം പലപ്പോഴും കേവലമൊരു ചടങ്ങായി അധഃപതിക്കുകയാണ്. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാട്ടിക്കൂട്ടലായി പലപ്പോഴും അധ്യാപക പരിശീലനം തരം താഴുന്നതായി അധ്യാപകര്‍ക്കിടയില്‍ തന്നെ പരാതിയുണ്ട്. പരിശീലകരില്‍ പലര്‍ക്കും വേണ്ടത്ര യോഗ്യയില്ലെന്നതും നിലവാരത്തകര്‍ച്ചക്ക് കാരണമാണ്. അഞ്ചോ ആറോ ദിവസത്തെ ക്ലാസ് നല്‍കി അധ്യാപകര്‍ക്കിടയില്‍ നിന്ന് തന്നെയാണ് പരിശീലകരെ സൃഷ്ടിക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസമെന്നത് പുതിയ യുഗത്തില്‍ കേവലം എഴുത്തും വായനയും മാത്രമല്ല. വിവരസാങ്കേതിക വിദ്യയുടെ വിശാലമായ മേഖലയില്‍ നിന്നും ചുറ്റുപാടുകളില്‍നിന്നും അറിവിന്റെ നൂതനപാഠങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കുന്നുണ്ട്. ഉപഗ്രഹ സാങ്കേതികവിദ്യയും വിദ്യാഭ്യാസ രംഗത്ത് വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ വളര്‍ന്നു വരുന്ന പുതിയ സാഹചര്യം മനസ്സിലാക്കി അധ്യാപനം നടത്തിയെങ്കില്‍ മാത്രമേ അവരുടെ ശ്രദ്ധ ക്ലാസിലും അധ്യാപകനിലും കേന്ദ്രീകരിക്കുകയുള്ളു. പരിശീലന രംഗത്ത് ഇതിനനുസൃതമായ പരിഷ്‌കരണവും സമഗ്രതയും അനിവാര്യമാണ്. അധ്യാപകര്‍ ചിന്താപരമായും സര്‍ഗാത്മകമായും ഉയരേണ്ടതും കര്‍മോത്സുകരുമാകേണ്ടതും പഠന നിലവാരത്തിന്റെ മികവിന് അത്യന്താപേക്ഷിതവുമാണ്.
അധ്യാപകരുടെ പരിശീലനക്കുറവോ പ്രാപ്തിക്കുറവോ കൊണ്ട് മാത്രമല്ല, തൊണ്ണൂറുകളുടെ പകുതിയോടെ അധ്യാപന രംഗത്ത് നടപ്പിലായ മാറ്റങ്ങള്‍ക്കും സ്‌കൂളിലെ പഠന നിലവാരത്തിന്റെ പതനത്തില്‍ സാരമായ പങ്കുണ്ട്. ജില്ലാ െ്രെപമറി വിദ്യാഭ്യാസ പരിപാടിക്ക് (ഡി പി ഇ പി) ചില ഗുണങ്ങളുണ്ടെങ്കിലും ഒട്ടേറെ ദോഷങ്ങളുമുണ്ട്. കോപ്പിയെഴുത്ത്, ഗൃഹപാഠം, ഗുണനപ്പട്ടിക മനഃപാഠമാക്കല്‍, കവിത കാണാതെ പഠിക്കല്‍, പ്രബന്ധ രചന തുടങ്ങിയവയെല്ലാം വേണ്ടെന്നുവെച്ചത് പഠന നിലവാരത്തിന് ക്ഷതമേല്‍പ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസ അവകാശ രേഖയിലെ നിര്‍ദേശവും എട്ടാം ക്ലാസ് വരെ തോല്‍പ്പിക്കരുതെന്ന ഉത്തരവും നിലവാരത്തെ ബാധിച്ചിട്ടുണ്ട്.
അധ്യാപകരുടെ സംഘടനാ പ്രവര്‍ത്തനമാണ് മറ്റൊരു ഘടകം. സംഘടനാ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്ത് പരിമതപ്പെടുത്തണമെന്നും പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്‌കൂളിലെത്തിയാല്‍ കേവലം അധ്യാപകനായി മാറണമെന്നുമുള്ള തത്വം പലരും വിസ്മരിക്കുന്നു. ഹാജര്‍ പട്ടികയില്‍ ഒപ്പ് വെച്ചു രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തിനത്തിനിറങ്ങുന്നവരും സ്‌കൂളിനകത്ത് തന്നെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരും അധ്യാപകരിലുണ്ട്. ഇവര്‍ക്ക് പഠിപ്പിക്കാനെവിടെ നേരം! രാജ്യത്തിന്റെ ഭാവിസ്വപ്‌നങ്ങളായ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുകയാണിവര്‍. അധ്യാപകരില്‍ 20 ശതമാനം മാത്രമാണ് അധ്യാപന രംഗത്ത് കുറേയെങ്കിലും കാര്യക്ഷമത പ്രകടിപ്പിക്കുന്നതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം കാണിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകക്കും ഗുണനിലവാരത്തിനും സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ തകര്‍ച്ച അതീവ ഗൗരവത്തോടെ കാണുകയും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പഴയ നിലവാരത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്.