Connect with us

Kozhikode

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഏതന്വേഷണത്തോടും സഹകരിക്കും- ബൈത്തുല്‍ ഇസ്സ

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി കോം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസും സര്‍വകലാശാലാ അധികൃതരും നടത്തുന്ന ഏതന്വേഷണത്തോടും സഹകരിക്കുമെന്ന് നരിക്കുനി ബൈത്തുല്‍ ഇസ്സ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷാ സെന്റര്‍ മാറ്റിയ നടപടി കാലിക്കറ്റ് സര്‍വകലാശാല പുനഃപരിശോധിക്കണം. ഒരു വ്യക്തിയുടെ തെറ്റിന്റെ ഉത്തരവാദിത്വം സ്ഥാപനത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതായി പോലീസ് കണ്ടെത്തിയ കോളജിലെ ഓഫീസ് സൂപ്രണ്ട് തസ്‌നീം അലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. പ്രതിയുടെ വ്യക്തിപരമായ സാമ്പത്തികനേട്ടം മാത്രമാണ് സംഭവത്തിന് പിന്നിലെന്നത് വ്യക്തമാണ്.
ബൈത്തുല്‍ ഇസ്സ ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളജിലെ ഒരു വിദ്യാര്‍ഥി മരണപ്പെട്ടതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 17ന് അവധിയായിരുന്നു. അന്നേ ദിവസം വിശ്വാസത്തിന്റെ പുറത്ത് സര്‍വകലാശാല അധികൃതര്‍ തസ്‌നിമിനെയാണ് ചോദ്യപേപ്പറുകള്‍ ഏല്‍പ്പിച്ചത്. സാധാരണ നിരവധി ലോക്കറുകളിലായി ഭദ്രമായാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാറുള്ളതെന്നിരിക്കെ വിദ്യാര്‍ഥിയുടെ മരണവും അവധിയുമായി ബന്ധപ്പെട്ട് അക്കാര്യത്തില്‍ കാലതാമസം വന്നു. തസ്‌നിം കുറ്റവാളിയാണെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അതിനിടയിലാവാം ചോദ്യപേപ്പറുകള്‍ അയാള്‍ ചോര്‍ത്തിയതെന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്.
ഒരു ജീവനക്കാരന്‍ നടത്തിയ വിശ്വാസവഞ്ചനയുടെ പേരില്‍ തികച്ചും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ബൈത്തുല്‍ ഇസ്സ എന്ന സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. കച്ചവട താത്പര്യമോ മറ്റ് സങ്കുചിത ലക്ഷ്യങ്ങളോ ഇല്ലാതെ സുതാര്യമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ബൈത്തുല്‍ ഇസ്സ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സബൂര്‍ ബാഹസന്‍ അവേലം , മാനേജര്‍ “ടി എ മുഹമ്മദ് അഹ്‌സനി, അബ്ദുര്‍റഹിമാന്‍ ഹാജി, മുഹമ്മദ് സഖാഫി, ഇ പി അബ്ദുല്ല, എം സുരേഷ്, ഹുസൈന്‍ ഹാജി പാലത്ത്, ശമീര്‍ പങ്കെടുത്തു.

 

Latest