Connect with us

International

ഇറാഖ്: ഒരു നഗരം കൂടി സായുധ സംഘം പിടിച്ചു

Published

|

Last Updated

ബഗ്ദാദ്: പോരാട്ടം കനക്കുന്ന ഇറാഖിലെ മറ്റൊരു സുപ്രധാന നഗരമായ തല്‍ അഫറും സായുധ സംഘമായ ഇസില്‍ പിടിച്ചെടുത്തു. ശിയാ നേതൃത്വത്തിന്റെ കീഴിലുള്ള ഇറാഖ് സര്‍ക്കാറിന് മറ്റൊരു തിരിച്ചടി കൂടിയാണിത്. അതിനിടെ, ഇറാഖ് സൈന്യത്തിന് പിന്തുണ നല്‍കി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നത് പരിഗണനയിലാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. കൂടുതല്‍ യു എസ് യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കയുടെ ജോര്‍ജ് ഡബ്ല്യു എച്ച് ബുഷ് വിമാനവാഹിനി കപ്പലും രണ്ട് യുദ്ധക്കപ്പലുകളും നേരത്തെ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നല്ലൊരു ഭാഗവും ഇപ്പോള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) പിടിച്ചെടുത്തിരിക്കുകയാണ്. ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന തല്‍ അഫര്‍ നഗരത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ സ്ഥിരതാമസക്കാരായുണ്ടെന്നും ഇവരില്‍ കൂടുതല്‍ പേരും ശിയാക്കളും സുന്നികളുമാണെന്നും മേയര്‍ അബ്ദുല്ല അല്‍ അബ്ദുല്‍ പറഞ്ഞു.
ബഗ്ദാദില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച തങ്ങള്‍ പിടികൂടിയ ശിയാ വിഭാഗത്തില്‍പ്പെട്ട സൈനികരെ വധിച്ചതായി ഇസില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
നഗരം ഇപ്പോള്‍ പൂര്‍ണമായും ഇസില്‍ സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. വാഹനങ്ങളില്‍ സായുധസജ്ജരായി ഇവര്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരം കീഴടങ്ങുന്നതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന സുരക്ഷാ വിഭാഗങ്ങള്‍ നഗരം വിട്ടിരുന്നു. ഇത് സായുധ സംഘമായ ഇസിലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഇവിടുത്തെ ജനങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്നും കുര്‍ദ് സുരക്ഷാ സേനയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേക്ക് അവര്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്‌രീതും ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൂസ്വിലും കഴിഞ്ഞ ആഴ്ച ഇസില്‍ സംഘം പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ മറ്റൊരു നഗരമായ അല്‍ അഫറും ഇവര്‍ നിയന്ത്രണത്തിന് കീഴിലാക്കിയത്.
ഞായറാഴ്ചയാണ് നഗരത്തിന് വേണ്ടിയുള്ള പോരാട്ടം ഇസില്‍ ആരംഭിച്ചിരുന്നത്. മൂസ്വിലിലെ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്ത റോക്കറ്റുകള്‍ സായുധ സംഘം അല്‍ അഫര്‍ നഗരത്തിന് നേരെ തൊടുത്തുവിട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തടവിലുള്ള ഇറാഖി സൈനികരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ വധിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു.
അമേരിക്ക വ്യോമാക്രമണത്തിന് മുതിരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സായുധ സംഘത്തിന്റെ മുന്നേറ്റം മന്ദഗതിയിലായിട്ടുണ്ട്. ബഗ്ദാദിലേക്ക് പ്രവേശിക്കാന്‍ സംഘത്തിന് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest