Connect with us

Kerala

അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷന്‍: സ്ത്രീ ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍

Published

|

Last Updated

crime

 

കോഴിക്കോട്: 25 ലക്ഷം രൂപക്ക് അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്ത സ്ത്രീ ഉള്‍പ്പെട്ട ആറംഗ സംഘം പിടിയില്‍. താമരശ്ശേരി കന്നൂട്ടിപ്പാറ രാധാമണി (50), ഇവരുടെ ഭര്‍ത്താവ് നാരായണന്‍ (54), കൊയിലാണ്ടി കൊല്ലം സ്വദേശി അബൂബക്കര്‍ (60), താമരശ്ശേരി കന്നൂട്ടിപ്പാറ ഹരിദാസന്‍ (48), കിനാലൂര്‍ ഉണ്ണിരാജന്‍, ഇവരുടെ മകന്‍ പ്രജീഷ് എന്നിവരാണ് ചേവായൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
കൊയിലാണ്ടി ചെങ്ങോട്ടുകാവ് പാലത്തിന് സമീപം അഡ്വ. മുസ്തഫയെ വധിക്കാന്‍ ശംസുദ്ദീന്‍ എന്ന വ്യക്തിയാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കരാറായി ഉറപ്പിച്ച 25 ലക്ഷം രൂപയില്‍ 15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. മുസ്തഫയുടെ ഭാര്യയുടെ മുന്‍കാമുകനായ ശംസുദ്ദീന്‍ ഇപ്പോള്‍ കുവൈറ്റിലാണെന്നും ഇയാളെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും കമ്മീഷണര്‍ എ വി ജോര്‍ജ് അറിയിച്ചു.
അഭിഭാഷകനെ വധിക്കാന്‍ പദ്ധതിയിട്ടതായി ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വലയിലാക്കുന്നത്. ഞായറാഴ്ച താമരശ്ശേരിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പ്രജീഷിനെയും ഉണ്ണിരാജനെയുമാണ് ആദ്യം പിടികൂടിയത്. വാഹന പരിശോധനക്കിടെയായിരുന്നു ഇവര്‍ പിടിയിലായത്. ഇവരെ പിടികൂടുമ്പോള്‍ ഒരു ലക്ഷം രൂപയും ഫേട്ടോയും കൈവശമുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികള്‍ കൂടി വലയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: ശംസുദ്ദീനും മുസ്തഫയുടെ ഭാര്യയും മുമ്പ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്നു. പിന്നീട് അടുത്തിടെ ഫെയ്‌സ്ബുക്ക് വഴി ഇവരുടെ ബന്ധം ദൃഢമായി. ഈ ബന്ധം സുഗമമായി നിലനിര്‍ത്താന്‍ മുസ്തഫയെ വധിക്കാന്‍ ശംസുദ്ദീന്‍ തീരുമാനിക്കുകയായിരുന്നു. രാധാമണി മുഖേനയാണ് മുസ്തഫയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. രാധാമണി കുവൈറ്റില്‍ ശംസുദ്ദീന്റെ വീട്ടിലെ ജോലിക്കാരിയാണ്. നാട്ടിലെത്തിയപ്പോഴാണ് മുസ്തഫയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഇതിനുള്ള ആസൂത്രണം തുടങ്ങിയത്. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ രാധാമണിക്ക് കുവൈറ്റിലേക്ക് മടങ്ങിപ്പോകേണ്ട തിരക്ക് മൂലമാണ് പദ്ധതി വൈകിയത്. ഏത് തരത്തിലാണ് ഇവര്‍ മുസ്തഫയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂവെന്ന് കമ്മീഷണര്‍ പറഞ്ഞു.
എന്നാല്‍ മുസ്തഫയെ വധിക്കാന്‍ ശംസുദ്ദീന്‍ പദ്ധതി തയ്യാറാക്കുന്നത് മുസ്തഫയുടെ ഭാര്യക്ക് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. ശംസുദ്ദീന്‍ ക്വട്ടേഷന്റെ കാര്യം ആദ്യം രാധാമണിയോടാണ് സംസാരിച്ചത്. പിന്നീട് ഇവരുടെ ഭര്‍ത്താവും സഹായത്തിനെത്തുകയായിരുന്നു. ഇവര്‍ ചേര്‍ന്ന് താമരശ്ശേരി കന്നൂട്ടിപ്പാറ ഹരിദാസനെ ബന്ധപ്പെട്ടു. ഹരിദാസനാണ് ബാലുശ്ശേരിയിലുള്ള ഉണ്ണിരാജനെയും ഇയാളുടെ മകനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഉണ്ണിരാജനും മകന്‍ പ്രജീഷുമാണ് മുസ്തഫയെ വധിക്കാമെന്നേറ്റത്. ക്വട്ടേഷന്‍ സംഘത്തിന് ശംസുദ്ദീന്റെ പിതാവ് അബൂബക്കറാണ് മുസ്തഫയുടെ ഫോട്ടോയും ക്വട്ടേഷന്‍ തുകയുടെ ആദ്യഗഡുവായ 10 ലക്ഷം രൂപയും നല്‍കിയത്. ഇയാള്‍ തന്നെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് വീടും കാണിച്ചുകൊടുത്തിരുന്നു. കൂടാതെ വക്കീല്‍ ഉപയോഗിക്കുന്ന കാറിന്റെ നമ്പറും പ്രതികള്‍ ശേഖരിച്ചിരുന്നു. സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ എ വി ജോണ്‍, എസ് ഐ പി കെ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest