Connect with us

Gulf

ഉച്ച വിശ്രമം: നിയമം പ്രബല്യത്തില്‍; വിവിധ ഭാഗങ്ങളില്‍ പരിശോധന

Published

|

Last Updated

അബുദാബി: പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യു എ ഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഉച്ച വിശ്രമ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമം ലഭിക്കുമെന്നതാണ് നിയമത്തിന്റെ നേട്ടം.
ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും വിശ്രമം നല്‍കിയിരിക്കണമെന്നാണ് നിയമം നിഷ്‌ക്കര്‍ഷിക്കുന്നത്. നിയമം നടപ്പായതോടെ ഇന്നലെ മുതല്‍ അബുദാബി, ദുബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്നലെ മുതല്‍ സമഗ്രമായ പരിശോധനയാണ് സംഘത്തിന് കീഴില്‍ നടന്നുവരുന്നത്. ഉച്ച വിശ്രമ നിയമം പിന്‍വലിക്കപ്പെടുന്ന സെപ്തംബര്‍ 15 വരെ പരിശോധന തുടരും.
80,000 തൊഴില്‍ സ്ഥലങ്ങളില്‍ അടുത്ത മൂന്ന് മാസത്തിനകം പരിശോധന നടത്താനാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കയിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് കനത്ത ചൂടില്‍ സൂര്യാതപമേറ്റ് തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യു എ ഇ സര്‍ക്കാര്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കാന്‍ ആരംഭിച്ചത്.
ഉച്ച വിശ്രമ നിയമം ലംഘിച്ചു തൊഴിലെടുപ്പിച്ചാല്‍ ഓരോ തൊഴിലാളിക്കും കമ്പനി ഉടമയില്‍ നിന്നു 15,000 ദിര്‍ഹം വീതം പിഴയായി ഈടാക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest