Connect with us

Ongoing News

മെസ്സി ഗോള്‍ നേടി;അര്‍ജന്റീന രക്ഷപ്പെട്ടു

Published

|

Last Updated

റിയോ ഡി ജനീറോ: ലോകകപ്പിലെ കന്നി മത്സരത്തിനിറങ്ങിയ ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ അര്‍ജന്റീന രക്ഷപ്പെട്ടു. ബോസ്‌നിയയുടെ ആക്രമണ ഫുട്‌ബോളില്‍ ഒന്ന് പകച്ചുപോയ അര്‍ജന്റീന ഒടുവില്‍ മെസിയുടെ മാസ്മരിക ഗോളില്‍ തടിതപ്പുകയായിരുന്നു. ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോകള്‍ക്കാണ് അര്‍ജന്റീന ബോസ്‌നിയയെ മറികടന്നത്.
വിഖ്യാതമായ മാറക്കാന സ്റ്റേഡയിത്തില്‍ മെസിയുടെ കളി കാണാനായി തടിച്ചുകൂടിയത് 73,738 കാണികളായിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ അവര്‍ക്ക് ലീഡ് ലഭിച്ചു. ബോസ്‌നിയയുടെ കൊളാസ്‌നിനാച്ച് സമ്മാനിച്ച സെല്‍ഫ് ഗോളിലായിരുന്നു ഈ മുന്‍തൂക്കം. മെസിയുടെ ഫ്രീകിക്കിനൊടുവില്‍ ബോസ്‌നിയന്‍ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് കൊളാസ്‌നിനാച്ചിന്റെ കാലില്‍ തട്ടി ബോസ്‌നിയയുടെ വലയിലേക്ക് കയറി.
ബോസ്‌നിയന്‍ കോച്ച് സഫെറ്റ് സൂസിചിന്റെ തന്ത്രങ്ങള്‍ വമ്പന്‍മാരെ പൂട്ടുന്ന കാഴ്ച്ചയായിരുന്നു മൈതാനത്ത്. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒന്നാം മിനുട്ടില്‍ തന്നെ ലീഡ് വീണു കിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ബോസ്‌നിയയുടെ കുതിപ്പായിരുന്നു. നന്നായി ഗൃഹപാഠം നടത്തിയ ബോസ്‌നിയ മെസ്സിയെ ഒന്നാന്തരമായി പൂട്ടി. മഷരാനോയുടെയും ഡിമാരിയോയുടെയും മധ്യനിരയിലെ നീക്കങ്ങളെ അവര്‍ പൊളിച്ചടുക്കി. നല്ലൊരു നീക്കം പോലും പരുവപ്പെടുത്തിയെടുക്കാന്‍ കഴിയാതെ അവര്‍ കിടന്നു വട്ടം കറങ്ങി. അര്‍ജന്റീനയുടെ എല്ലാ നീക്കങ്ങളും മധ്യനിരയില്‍ തന്നെ ഒടുങ്ങുന്ന കാഴ്ച്ച. മെസിക്ക് ഓരോ തവണ പന്ത് കിട്ടുമ്പോഴും മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും കൂടി ഇടംവലം തിരിയാന്‍ അനുവദിച്ചില്ല.
മറുഭാഗത്ത് ബോസ്‌നിയ ശരവേഗ നീക്കങ്ങളിലൂടെ കളിയിലുടനീളം മേധാവിത്വം പുര്‍ത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡിന്‍ സെക്കോ അര്‍ജന്റീന പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഏതു നിമിഷവും അവര്‍ ഗോള്‍ സ്വന്തമാക്കുമെന്ന അവസ്ഥ. ആദ്യ പകുതി ഗോള്‍ വഴങ്ങാതെ അര്‍ജന്റീന പിടിച്ചുനിന്നു.
രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ കോച്ച് സബെല്ല തന്ത്രത്തില്‍ മാറ്റം വരുത്തി. മാക്‌സി റോഡ്രിഗസ്, ഹ്യൂഗോ കമ്പഗ്നാരോ എന്നിവര്‍ക്ക് പകരം ഹിഗ്വെയ്‌നെയും ഗാഗോയെയും ഇറക്കി ആക്രമണത്തിന് ഒരാളെക്കൂടി ചുമതലപ്പെടുത്തുകയായിരുന്നു കോച്ച്. ഈ തന്ത്രം അവരുടെ കളിക്ക് അല്‍പ്പം വ്യത്യാസം നല്‍കി. മെസി പതിയെ താളം കണ്ടെത്തിയതോടെ നിരവധി അവസരങ്ങള്‍ തുറന്നുകിട്ടി. ഇത്തരമൊരു നീക്കമാണ് അര്‍ജന്റീനിയുടെ രണ്ടാം ഗോള്‍. അതുവരെ കൂട്ടുകാര്‍ക്ക് ആവും വിധം പന്തെത്തിച്ച് നിരാശനായ മെസി തന്റെ പെരുമയുടെ കൈയ്യൊപ്പ് പതിപ്പിച്ച മനോഹരമായ ഗോള്‍. 65ാം മിനുട്ടിലായിരുന്നു അതിന്റെ പിറവി. ഡി മാരിയ- ഹിഗ്വെയ്ന്‍ ദ്വയത്തിന്റെ നീക്കത്തിനൊടുവില്‍ പന്ത് മെസിക്ക്. ബോസ്‌നിയന്‍ പ്രതിരോധ നിരയെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട് അര്‍ജന്റൈന്‍ നായകന്‍ ഈ ലേകകപ്പിലെ ആദ്യ ഗോള്‍ നേടി.
2-0ത്തിന് പിന്നിലായതോടെ സമയം പാഴാക്കാനില്ലെന്ന തിരിച്ചറിവില്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞ പരിശ്രമം നടത്തി ബോസ്‌നിയ. നിരന്തരം സബ്സ്റ്റിറ്റിയൂഷനുകളും ഈ ഘട്ടത്തില്‍ കോച്ച് സുസിച്ച് കൊണ്ടുവന്നു. ഒടുവില്‍ കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ഇബിസെവിച്ച് ബോസ്‌നിയയുടെ ആശ്വാസ ഗോളിന് ഉടമയായി. 84ാം മിനുട്ടില്‍ അപ്രതീക്ഷിതമായാണ് ഇബിസെവിച്ച് അര്‍ജന്റീനയുടെ വല കുലുക്കിയത്. ലുലിച്ചിന്റെ പാസ് ഓടി പിടിച്ച് ഇബിസെവിച്ച് ചെറുതായി തട്ടിയ പന്ത് അര്‍ജന്റൈന്‍ ഗോളി റൊമേറോയുടെ പിഴവില്‍ മെല്ലെ ഉരുണ്ടു വലയില്‍ കയറി. ബോസ്‌നിയയുടെ ആദ്യ ലോകകപ്പ് ഗോള്‍.
കന്നി ലോകകപ്പ് കളിക്കുന്നതിന്റെ ഒരു സമ്മര്‍ദവുമില്ലാതെ ഒഴുക്കനും വേഗതയാര്‍ന്നതുമായ കളി കാഴ്ച്ചവെച്ച ബോസ്‌നിയ എതിരാളികള്‍ക്ക് കൃത്യമായ സൂചനയും നല്‍കി കഴിഞ്ഞു.

Latest