Connect with us

Sports

മെസിയിറങ്ങുന്നു, തടുക്കാനുണ്ടോ?

Published

|

Last Updated

റിയോ ഡി ജനിറോ: മെസിയുടെ അര്‍ജന്റീന പോര്‍ക്കളത്തിലിറങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30ന്, വിഖ്യാത മാറക്കാന സ്റ്റേഡിയത്തില്‍ അര്‍ജന്റീന പുതുക്കക്കാരായ ബോസ്‌നിയ-ഹെര്‍സെഗൊവിനയെ നേരിടും. ഗ്രൂപ്പ് എഫ് ചാമ്പ്യന്‍മാരാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന അര്‍ജന്റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവര്‍ ബോസ്‌നിയന്‍ നിരയിലുണ്ട്. എങ്കിലും അവസാന ചിരി തങ്ങളുടേതാക്കാന്‍ പോന്ന പ്രതിഭാധനര്‍ ഒപ്പമുള്ളതാണ് അര്‍ജന്റീന കോച്ച് അലസാന്‍ഡ്രൊ സബെലയുടെ ആത്മബലം.
നാല് തവണ ഫിഫ ബാലണ്‍ദ്യോര്‍ ജേതാവായ ബാഴ്‌സലോണയുടെ ഇതിഹാസം ലയണല്‍ മെസി നായകസ്ഥാനത്തുള്ളത് അര്‍ജന്റീനക്ക് എന്തെന്നില്ലാത്ത സാധ്യതകള്‍ നല്‍കുന്നു. കഴിഞ്ഞാഴ്ചയില്‍ സ്ലോവേനിയക്കെതിരായ സന്നാഹ മത്സരത്തില്‍ മെസി അര്‍ജന്റീനക്കായി തന്റെ മുപ്പത്തെട്ടാം ഗോള്‍ നേടി മികവറിയിച്ചിരുന്നു. 2006 ജര്‍മനി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മെസിക്ക് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ബാഴ്‌സലോണയിലെ സഹതാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും ശൈലീവ്യത്യാസവുമാണ് മെസിയെ ലോകകപ്പുകളില്‍ കാഴ്ചക്കാരനാക്കി മാറ്റിയത്. ഇത്തവണ സബെല തന്ത്രമൊരുക്കുന്നത് മെസിക്ക് അനുയോജ്യമായ രീതിയിലാണ്.
ക്ലബ്ബ് സീസണില്‍ പരുക്ക് കാരണം മെസിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് ബാഴ്‌സലോണക്ക് കിരീടമില്ലാ സീസണ്‍ എന്ന ദുര്യോഗമാണ് സമ്മാനിച്ചത്. ലോകകപ്പിന് മുന്നോടിയായി ക്ലബ്ബ് സീസണില്‍ നിറം മങ്ങുന്നത് ശുഭസൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. സിദാനും റൊണാള്‍ഡോയും മുന്‍ ഉദാഹരണങ്ങള്‍.
ബോസ്‌നിയക്കെതിരെ മുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചിരുന്നു. ഏഴ് ഗോളുകളാണ് ബോസ്‌നിയന്‍ വലയില്‍ കയറിയത്. നവംബറിലെ സൗഹൃദ മത്സരത്തില്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന സെര്‍ജിയോ അഗ്യെറോയുടെ ഇരട്ട ഗോളുകളില്‍ 2-0ന് ജയിച്ചു.
ലോകോത്തര ആക്രമണ നിരയും ശരാശരി പ്രതിരോധവുമാണ് അര്‍ജന്റീനയുടെ ടോട്ടാലിറ്റി. എന്നാല്‍, മിഡ്ഫീല്‍ഡര്‍ ഗാഗോ പറയുന്നത് പതിനൊന്ന് പേരും ഒരേ മനസോടെ കളിക്കുന്നതാണ് അര്‍ജന്റീന ടീം. ഡിഫന്‍സും മിഡ്ഫീല്‍ഡും അറ്റാക്കിംഗും തമ്മില്‍ വേര്‍തിരിവില്ല. അഗ്യെറോ, മെസി, ഡി മാരിയ എന്നീ അതിവേഗ അറ്റാക്കര്‍മാരെ പ്രതിരോധിച്ചുള്ള പരിചയം ഡിഫന്‍ഡര്‍മാര്‍ക്കുണ്ട്. ആ പരിചയം മാത്രം മതി ഏത് ടീമിന്റെയും മുന്നേറ്റ നിരയെ നേരിടാന്‍ – ഗാഗോ പറഞ്ഞു.
ആംഗിള്‍ ഇഞ്ചുറിയുള്ള ഗോണ്‍സാലെ ഹിഗ്വെയിന് പകരം എസെക്വെല്‍ ലാവെസി ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന. ഫിറ്റ്‌നെസ് വീണ്ടെടുത്ത ഗാരേ, ഫെഡറികോ ഫെര്‍നാണ്ടസിനൊപ്പം സെന്റര്‍ ഡിഫന്‍സിലുണ്ടാകും. വിംഗ് ബാക്കുകളായി സബലെറ്റയും റോജോയും. ഗാഗോ, മഷെറാനോ, ഡി മാരിയ എന്നിവര്‍ മധ്യനിരയിലുണ്ടാകും. വിംഗ് അറ്റാക്കറുടെ റോള്‍ കൂടി ഡി മാരിയക്കുണ്ടാകും. മെസിയും ലാവെസിയും സ്‌ട്രൈക്കര്‍ അഗ്യെറോക്ക് പിറകിലായിട്ടും അണിനിരക്കും. ഗോള്‍വല കാക്കുക റൊമേറോ. 4-3-3 ആണ് അര്‍ജന്റൈന്‍ ശൈലി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എദെന്‍ സെക്കോയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയില്‍ ബോസ്‌നിയ-ഹെര്‍സെഗൊവിന ലൈനപ്പ് ചെയ്യും. ബെഗോവിചാണ് ഗോളി. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി ബ്ലാക്‌സിച്, സ്പാഹിച്.
വിംഗ് ബാക്കുകളായി കോലസിനാചും സയെവിചും. മെദുജാനിന്‍, സാലിഹോവിച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാര്‍. ലുലിച് ജാനിച് വിംഗ് അറ്റാക്കര്‍മാര്‍. സെക്കോക്ക് പിറകില്‍ രണ്ടാം സ്‌ട്രൈക്കറായി മിസിമോവിച്.

സാധ്യതാ ലൈനപ്പ്
അര്‍ജന്റീന : റൊമേറോ (ഗോളി), സബലെറ്റ, ഗാരെ, ഫെര്‍നാണ്ടസ്, റോജോ, ഡി മാരിയ, മഷെറാനോ, ഗാഗോ, ലാവെസി, മെസി, അഗ്യെറോ.

ബോസ്‌നിയ : ബെഗോവിച്, മുദ്‌സ, ബികാസിച്, സ്പാഹിച്, കോലസിനാച്, മിസിമോവിച്, ജാനിച്, സാലിഹോവിച്, ലുലിച്, സെക്കോ, ഇവിസെവിച്.

---- facebook comment plugin here -----

Latest