Connect with us

Sports

ഫ്‌ളൈയിംഗ് ഡച്ച്

Published

|

Last Updated

സാല്‍വദോര്‍: വാന്‍ പഴ്‌സിയുടെ പറക്കും ഹെഡ്ഡര്‍ ബ്രസീലില്‍ ഡച്ച് പട പറക്കാന്‍ പോകുന്നതിന്റെ സൂചനയായി മാറിക്കഴിഞ്ഞു. ആര്യന്‍ റോബന്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ കുതിച്ച് നേടിയ ഗോളും വലിയ സൂചനയാണ് – ഹോളണ്ടിന്റെ കുതിപ്പ് തടയാന്‍ എതിരാളികള്‍ക്ക് ഒരുപക്ഷേ സാധിച്ചേക്കില്ലെന്ന മുന്നറിയിപ്പ്. 2010 ലോകകപ്പ് ഫൈനലിന്റെ റീമാച്ച് ഓറഞ്ച് പട മധുരപ്രതികാരത്തിനുള്ള വേദിയാക്കിയപ്പോള്‍ 5-1ന് സ്‌പെയിന്‍ തകര്‍ന്നു തരിപ്പണം. പൊസഷന്‍ ഫുട്‌ബോള്‍ പുറത്തെടുത്ത സ്‌പെയിനിനെ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ തകര്‍ക്കാനുള്ള ഡച്ച് കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ തന്ത്രം റോബിന്‍ വാന്‍ പഴ്‌സിയും റോബനും സ്‌നൈഡറും വ്രിജുമെല്ലാം ചേര്‍ന്ന് ഭംഗിയാക്കി.
അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയെ മുന്‍നിരയില്‍ നിര്‍ത്തി ടിക്കി-ടാക്ക പയറ്റിയ സ്‌പെയിന്‍ ആദ്യ പകുതിയില്‍ സ്വതസിദ്ധ ഫോമിലേക്കുയര്‍ന്നു. കോസ്റ്റയെ ബോക്‌സിനുള്ളില്‍ ഡി വ്രിജ് കൊളുത്തിവലിച്ചിട്ടത്തിന് സ്‌പെയിനിന് അനുകൂലമായി ഇറ്റാലിയന്‍ റഫറി നികോള റിസോളി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മിഡ്ഫീല്‍ഡര്‍ സാബി അലോണ്‍സോ എതിരില്ലാതെ പന്ത് വലയിലാക്കുമ്പോള്‍ സമയം 27 മിനുട്ട്. ലോകചാമ്പ്യന്‍മാര്‍ വീണ്ടും ഹോളണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഉണര്‍ന്നു കളിച്ച ഡച്ച് ടീം ഹാഫ് ടൈമിന് പിരിയും മുമ്പെ സമനില പിടിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ മനോഹരമായ ഹെഡര്‍ ഗോളില്‍ റോബിന്‍ വാന്‍ പഴ്‌സി വിസ്മയിപ്പിച്ചു. ഡാലെ ബ്ലിന്‍ഡ് ഇടത് ഹാഫില്‍ നിന്ന് തൊടുത്ത ലോംഗ് പാസ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ശ്രദ്ധയില്‍ പെടുന്നതിന് മുമ്പ് റോബിന്‍ വാന്‍ പഴ്‌സി തകര്‍പ്പന്‍ ഹെഡറിലൂടെ വല കുലുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ശരിക്കും വായുവില്‍ പറക്കുകയായിരുന്നു. ഫ്‌ളൈയിംഗ് ഡച്ച് മാന്‍ എന്ന വിശേഷണവും വാന്‍ പഴ്‌സിക്ക് ലഭിച്ചു. ലക്ഷ്യത്തിലേക്ക് പതിനഞ്ച് വാര അകലത്തില്‍ പന്ത് തലക്ക് മുകളിലെത്തുമ്പോള്‍ വാന്‍ പഴ്‌സി ക്ലിയര്‍ ചെയ്യാന്‍ ഒന്ന് നിന്നു. ഗോളി കസിയസിനെ വെട്ടിക്കണമെങ്കില്‍ ഒരു വഴി മാത്രം. തലക്ക് മുകളിലൂടെ. വാന്‍ പഴ്‌സി അളന്ന് തൂക്കിവിട്ട ഹെഡര്‍ മഴവില്‍ പോലെ വലയില്‍ പതിച്ചു. സമനിലയുടെ ആശ്വാസവുമായി ഹാഫ് ടൈം പൂര്‍ത്തിയാക്കിയ ഹോളണ്ട് രണ്ടാം പകുതിയില്‍ സ്‌പെയിനിനെ കശക്കിയെറിഞ്ഞു. അമ്പത്തിമൂന്നാം മിനുട്ടില്‍ റോബന്റെ ഗോളില്‍ 2-1ന് ഹോളണ്ട് ലീഡെടുത്തു. ഇത്തവണയും ബ്ലിന്‍ഡായിരുന്നു ലോംഗ് പാസ് നല്‍കിയത്. വായുവില്‍ പന്ത് കാലില്‍ കുരുക്കിയ റോബിന്‍ സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെയെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു. വാന്‍പഴ്‌സിയുടെ ഹാഫ് വോളി ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ സ്‌പെയിന്‍ വരാനിരിക്കുന്ന ദുരന്തം മുന്നില്‍ കണ്ടു. സ്‌നൈഡറുടെ ഇന്‍സ്വിംഗ് ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളി കസിയസ് കാണിച്ച മണ്ടത്തരം ഡി വ്രിജിന്റെ ഗോളിന് വഴിയൊരുക്കി. 64താം മിനുട്ടില്‍ ഡച്ച് 3-1ന് മുന്നില്‍ക്കയറി. നാലാം ഗോള്‍ എഴുപത്തിരണ്ടാം മിനുട്ടില്‍ വാന്‍ പഴ്‌സി നേടി. കസിയസിന്റെ ദാനമെന്ന് പറയാം. ബാക് പാസ് സ്വീകരിച്ച കസിയസിന് പിഴച്ചു. ഫസ്റ്റ് ടച്ച് പോയത് വാന്‍ പഴ്‌സിയുടെ കാലിലേക്ക്. ഉരുണ്ടു മറഞ്ഞു നോക്കിയെങ്കിലും കസിയസിന് നാണക്കേടൊഴിവാക്കാന്‍ സാധിച്ചില്ല. വാന്‍ പഴ്‌സി അനായാസം സ്‌കോര്‍ ചെയ്തു (4-1). അഞ്ചാം ഗോള്‍ റോബിന്റെ സ്പീഡില്‍. സ്‌നൈഡര്‍ നല്‍കിയ ത്രൂബോള്‍ സ്‌പെയിന്‍ ഡിഫന്‍ഡര്‍ റാമോസിനെ ഓടിത്തോല്‍പ്പിച്ച് റോബന്‍ സ്വന്തം വരുതിയിലാക്കുന്ന കാഴ്ച അനുപമം. ലോകകപ്പിലെ മറ്റൊരു മനോഹര ഗോളില്‍ റോബിന്‍ ഡച്ച് വിജയം ഗംഭീരമാക്കി.