Connect with us

Articles

കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍

Published

|

Last Updated

ജനാധിപത്യത്തില്‍ പത്രമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണായി സങ്കല്‍പ്പിക്കുന്നതും. മര്‍ദിതന്റെയും ചൂഷിതന്റെയും ശബ്ദം ഉയര്‍ന്നുവന്നത് മാധ്യമങ്ങളിലൂടെയായിരുന്നു. അവരുടെ പ്രതിഷേധങ്ങളെ പരിഗണിക്കാനും സമരങ്ങളെ മുഖ്യധാരക്ക് പരിചയപ്പെടുത്താനും മുന്‍ കാലങ്ങളില്‍ മാധ്യമങ്ങള്‍ വളരെയധികം ഉത്സാഹിച്ചിരുന്നു. ജനാധിപത്യ ഭരണസംവിധാനത്തില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറച്ചെങ്കിലും സ്ഥാനം നല്‍കാന്‍ മാധ്യമ ഇടപെടലുകള്‍ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ബഹുമാനത്തോടെയാണ് സമൂഹം സമീപിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകരെ സമൂഹം ആദരിക്കുകയും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും പക്ഷപാതവും അവിശുദ്ധ ബന്ധങ്ങളുമൊക്കെ പൊതുജന സമക്ഷം തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാട്ടി. ബോഫോഴ്‌സ് മുതല്‍ ടു ജി സ്‌പെക്ട്രം വരെ നിരവധി ഉദാഹരണങ്ങള്‍ മുമ്പിലുണ്ട്. ഇത്തരം അഴിമതികളിലൂടെ കോര്‍പറേറ്റ് മുതലാളിമാരുമായി ഭരണാധികാരികള്‍ പുലര്‍ത്തുന്ന അവിശുദ്ധ ബന്ധങ്ങളുടെ രഹസ്യങ്ങളും മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അഴിമതിക്കെതിരെ ശക്തമായ പൊതുജനാഭിപ്രായ രൂപവത്കരണത്തിന് ഇത്തരം വെളിപ്പെടുത്തലുകള്‍ ഊര്‍ജം പകര്‍ന്നു.
പക്ഷേ, നിഷ്പക്ഷവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മാധ്യമരംഗത്തെ കോര്‍പറേറ്റ്‌വത്കരണം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കോര്‍പറേറ്റ് സംരംഭം പ്രമുഖ മീഡിയാ ഗ്രൂപ്പ് ആയ നെറ്റ്‌വര്‍ക്ക് 18 ഏറ്റെടുത്തതോടെ മാധ്യമരംഗത്തുള്ള കോര്‍പറേറ്റ് നിയന്ത്രണം ഒന്നുകൂടി ശക്തിപ്പെട്ടു. കേരളത്തിലെ ചായക്കടച്ചര്‍ച്ചകളില്‍ സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു കാര്യമാണ് ഇന്ത്യ ഭരിക്കുന്നത് അംബാനിയാണ് എന്നത്. അംബാനി എന്ന് പൊതുജനം ഉദ്ദേശിച്ചത് ആ വിഭാഗത്തിലുള്ള സകലമാന കോര്‍പറേറ്റുകളെയുമാണ്. കോര്‍പറേറ്റുകളുടെ നയങ്ങളും പദ്ധതികളും നടപ്പിലാക്കാനുള്ള ഒരു അതോറിറ്റി മാത്രമായി ഭരണകൂടം ചുരുങ്ങിപ്പോയി എന്നാണ് പൊതുജനത്തിന് അനുഭവപ്പെടുന്നത്. അവരുടെ ലാഭവര്‍ധനവിന് എന്തൊക്കെ ചെയ്തുകൊടുക്കാന്‍ പറ്റുമോ, അതൊക്കെയങ്ങു ചെയ്തുകൊടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ജോലി. കോര്‍പറേറ്റുകള്‍ക്കെതിരെ പടവാളെടുക്കുന്ന ഇടതുപക്ഷത്തിനും ഈ ആരോപണത്തില്‍ നിന്ന് കൈ കഴുകാനാകില്ല. ടാറ്റക്കു വേണ്ടി സിംഗൂരിലെ കൃഷിഭൂമി ഒഴിപ്പിച്ച് ഒടുക്കം അവിടെ കൃഷിയുമില്ല, വ്യവസായവുമില്ല എന്ന അവസ്ഥ സംജാതമായത് ഇന്ന് അവരുടെ പതനത്തിന് വഴിവെച്ചല്ലോ.
പറഞ്ഞുവരുന്നത്, ഇന്ത്യയിലെ ഭരണാധികാരികള്‍ ഏതു രാഷ്ട്രീയ നയം പിന്തുടരുന്നവരുമാകട്ടെ, അടിസ്ഥാനപരമായി കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഭരിക്കുക എന്നതാണ് അവരുടെ ഭരണ രീതി. അഴിമതിയും കൈക്കൂലിയും കള്ളപ്പണവും കുടിയൊഴിപ്പിക്കലുമൊക്കെ ഈ ഭരണരീതിയുടെ അവിഭാജ്യ ഘടകമാണ്. ആയിരം കോടിയുടെ വികസനം വരുമ്പോള്‍ അഞ്ഞൂറ് കോടിയുടെ അഴിമതി സ്വാഭാവികമാണ് എന്ന് പൊതുജനങ്ങളും സമ്മതിച്ചു കൊടുത്ത മട്ടാണ്. ഇത്തരം കറുത്ത സത്യങ്ങളെ മൂടിവെക്കുക എന്നതാണ് പത്രമാധ്യമങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ കോര്‍പറേറ്റുകള്‍ ഉദ്ദേശിക്കുന്നത്. പല കോര്‍പറേറ്റുകളും അവരുടെതായ പത്രസ്ഥാപനങ്ങള്‍ ആരംഭിച്ചു നോക്കിയിരുന്നെങ്കിലും കൈ വല്ലാതെ പൊള്ളിയപ്പോള്‍ പിന്‍വലിയുകയാണുണ്ടായത്. അതില്‍ നിന്നു പഠിച്ച പാഠമാണ് വിജയിച്ച മധ്യമസ്ഥാപനങ്ങളെ സ്വന്തമാക്കുക എന്നത്. അങ്ങനെയാണെങ്കില്‍ കൈ പൊള്ളുന്നത് ഒഴിവാക്കുകയും ചെയ്യാം, തങ്ങളുടെ അജന്‍ഡ നടപ്പിലാക്കുകയും ചെയ്യാം.
നെറ്റ്‌വര്‍ക്ക് 18ന്റെ സി എന്‍ എന്‍ ഐ ബിഎന്‍ ചാനലിലെ ഐക്കണ്‍ താരം രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയും ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ സാഗരിക ഘോഷ് വെളിപ്പെടുത്തിയ ഒരു രഹസ്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. നരേന്ദ്ര മോദിക്കെതിരായി വരുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ വെളിച്ചം കണ്ടുപോകരുത് എന്ന് മാനേജ്‌മെന്റ് തനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു എന്നതായിരുന്നു ആ രഹസ്യം. നിര്‍ഭാഗ്യവശാല്‍ ഏതാനും പത്രങ്ങളിലെ ഒരു ചെറുകോളം ന്യൂസ് മാത്രമായി അത് അസ്തമിച്ചു പോയി. നരേന്ദ്ര മോദി എങ്ങനെയൊക്കെ മാധ്യമങ്ങളെ സ്വാധീനിച്ചു എന്ന് പുറത്തറിയിക്കാനുള്ള ഈ അവസരം മുതലെടുക്കാന്‍ പോലും ഒരു മാധ്യമവും തയ്യാറായില്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോദി പത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്നുവന്ന സമയം കൂടിയായിരുന്നു അതെന്ന് ഓര്‍ക്കണം. നരേന്ദ്രമോദിയെന്ന കോര്‍പറേറ്റ് നടത്തിപ്പുകാരന്‍ കളങ്കപ്പെടരുത് എന്ന കരുതല്‍ തന്നെയായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ക്ക്. ഒറ്റപ്പെട്ട ശബ്ദങ്ങളാകട്ടെ, എവിടെയും ശ്രദ്ധിക്കപ്പെട്ടുമില്ല.
മുന്‍നിര ബിസിനസ് ചാനലായ സിഎന്‍ ബി സി ടി വി 18, ഹിന്ദി ചാനല്‍ സി എന്‍ ബി സി ആവാസ് എന്നിവയും മണി കണ്‍ട്രോള്‍.കോം, ഐ ബി എന്‍ ലൈവ്.കോം, ജോഷ്18.കോം, ക്രിക്കറ്റ്‌നെക്സ്റ്റ്.കോം, കമ്മോഡിറ്റീസ് കണ്‍ട്രോള്‍.കോം, ഫസ്റ്റ്‌പോസ്റ്റ്. കോം തുടങ്ങിയ വെബ്‌സൈറ്റുകളും കളേഴ്‌സ്, എം ടി വി ഇന്ത്യ, നിക്ക് ഇന്ത്യ എന്നീ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും പൂര്‍ണമായും നെറ്റ് വര്‍ക്ക് 18ന്റെ കീഴിലാണ്. സി എന്‍ എന്‍ ഐ ബി എന്‍, ഐബി എന്‍-7(ഹിന്ദി), ഐ ബി എന്‍(മറാഠി), മറാഠി ന്യൂസ്‌പേപ്പറായ ലോക്മാത് എന്നിവയിലും നെറ്റ്‌വര്‍ക്ക് 18നാണ് ഭൂരിഭാഗം ഓഹരികള്‍. ഇത്രയധികം മാധ്യമങ്ങളെയാണ് നാലായിരം കോടി രൂപ കൊടുത്ത് അംബാനി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ മെയ് 29ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതിനു മുമ്പേ, 2002 മുതല്‍ റിലയന്‍സിന് നെറ്റ്‌വര്‍ക്ക് 18ല്‍ നിക്ഷേപമുണ്ടായിരുന്നു. കൂടാതെ ഈനാട് ടി വിയും റിലയന്‍സിന്റെ കൈവശമുണ്ട്.
ടാറ്റയ്ക്ക് പങ്കാളിത്തമുള്ള പത്രമാണ് സ്റ്റേറ്റ്‌സമാന്‍. കെ കെ ബിര്‍ള ഹിന്ദുസ്ഥാന്‍ ടൈംസില്‍ സ്വാധീനം നേടിപ്പോള്‍ ആദിത്യ ബിര്‍ള കുറച്ചുകൂടി ഉന്മേഷത്തോടെ ലിവിംഗ് മീഡിയയില്‍ 27.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ലിവിംഗ് മീഡിയയുടെ കൈയിലാണ് ഇന്ത്യ ടുഡേ, ആജ്തക് ടി വി, ടി വി ടുഡേ, ബിസിനസ് ടുഡേ എന്നീ സംരംഭങ്ങള്‍. എന്‍ ഡി ടി വിയില്‍ അഭയ് ഓസ്വാള്‍ 14.2 ശതമാനം ഓഹരി നേടിയപ്പോള്‍ സാഹു ജെയ്ന്‍ ടൈംസ് ഓഫ് ഇന്ത്യയുമായി നേരത്തേ തന്നെ കളത്തിലിറങ്ങിയിരുന്നു.
ചുരുക്കത്തില്‍ മാധ്യമങ്ങളുടെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കരങ്ങളിലേക്ക് എത്തിത്തുടങ്ങുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് കണക്കുകള്‍ നമ്മോടു പറയുന്നത്. ഇനി മുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ തീരുമാനിക്കും ഇന്ത്യന്‍ ജനത എന്തൊക്കെ അറിയണം, എന്തൊക്കെ അറിയാന്‍ പാടില്ല എന്ന്. തങ്ങള്‍ക്കെതിരാകുന്ന വാര്‍ത്തകളെ മൂടിവെക്കാനും തങ്ങള്‍ക്കനുകൂലമായ രീതിയില്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും അംബാനിക്കും കൂട്ടര്‍ക്കും എളുപ്പം സാധിക്കും. തങ്ങളുടെ പത്രത്തിലെ/ചാനലിലെ ജേര്‍ണലിസ്റ്റ് എത്ര പ്രതിഭാശാലിയായാലും കഠിനാധ്വാനിയായാലും തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്തയുമായി വന്നാല്‍ അവനെ തൂക്കിയെടുത്ത് വെളിയിലിടും.
ഭരണരംഗം അതാര്യമാകുന്നതിന്റെ ആദ്യപടിയാണ് മാധ്യമങ്ങളുടെ ഈ മാറ്റം. ജനാധിപത്യത്തിനു പകരം കോര്‍പറേറ്റ് ആധിപത്യത്തിന് വഴിയൊരുക്കലാണിത്. കോര്‍പറേറ്റുകളുടെ അഭിപ്രായങ്ങള്‍ പൊതുജനാഭിപ്രായങ്ങളായി ചിത്രീകരിക്കുകയും അതിനനുസരിച്ച് ഭരണചക്രം ചലിക്കുകയും ചെയ്യും. ഈ മാറ്റം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയം നമ്മോടു പറയുന്നത്. ബ്രാന്‍ഡ് ചെയ്യപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനവും “വികാസ് പുരുഷ്” പ്രതിച്ഛായയും ജനമനസ്സുകളിലേക്ക് മായാതെ പതിപ്പിക്കുന്നതില്‍ മോദിയെ സഹായിച്ചത് ഗൗതം അദാനിയും മുകേഷ് അംബാനിയും അടങ്ങുന്ന മുതലാളിമാരാണ്. ദേശീയ മാധ്യമങ്ങള്‍ എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന പത്ര, ദൃശ്യ മാധ്യമങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തന്നെ മോദിയുടെ വിജയക്കൊയ്ത്തിന് നിലമൊരുക്കാന്‍ തുടങ്ങിയിരുന്നു. നവ മാധ്യമങ്ങളാകട്ടെ, ഏറെക്കുറെ ബി ജെ പിയുടെയും സംഘ് പരിവാറിന്റെയും നീരാളിക്കൈകളില്‍ അമര്‍ന്നിരുന്നു. (ഇന്ത്യയിലെ നവമാധ്യമങ്ങള്‍ ഹിന്ദുത്വയുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് എന്‍ എസ് മാധവന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു).
ഇത്തരത്തില്‍ ആപത്കരമായ ഒരു മാധ്യമ സംസ്‌കാരത്തിന്റെ ഉദയകിരണങ്ങള്‍ വെളിപ്പെടുന്നത് കാണുമ്പോള്‍ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉയരുകയാണ്. പ്രത്യേകിച്ച് തരുണ്‍ തേജ്പാലിന്റെ തെഹല്‍ക്ക പോലും നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കോംപ്രമൈസ് ചെയ്തിട്ടുണ്ട് എന്ന് ആ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചവര്‍ തന്നെ വിളിച്ചു പറയുന്നതു കൂടി കേട്ടപ്പോള്‍. ഇതിനിടയിലും സത്യസന്ധത പുലര്‍ത്തുന്ന ധാര്‍മിക പത്രപ്രവര്‍ത്തനവുമായി കോബ്ര പോസ്റ്റ് പോലുള്ള ചെറു സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം അവരുടെ ആദര്‍ശങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാതിരുന്നെങ്കില്‍ മതിയായിരുന്നു എന്ന പ്രത്യാശയാണ് ഇനി ബാക്കിയുള്ളത്.

---- facebook comment plugin here -----

Latest