Connect with us

Articles

ഇറാഖില്‍ ആര് ജയിക്കും?

Published

|

Last Updated

രാഷ്ട്രം അങ്ങേയറ്റം ദുര്‍ബലമായ ഒരു നീക്കുപോക്കാണെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചരിത്രം. കണ്ണടച്ച് തുറക്കും മുമ്പ് രാഷ്ട്രീയ അതിര്‍ത്തികള്‍ മായുകയും പുതിയത് വരക്കപ്പെടുകയും ചെയ്യുന്നു. ഭരണാധികാരികള്‍ പലായനം ചെയ്യുന്നു. ചിലര്‍ കാരാഗ്രഹത്തില്‍ അടക്കപ്പെടുന്നു. മറ്റു ചിലര്‍ വധിക്കപ്പെടുന്നു. വേറെ ചിലര്‍ ഇതൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി നാട്ടില്‍ തന്നെ പിഴച്ച് പോകുന്നു. കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ജനത തന്നെ മാറിപ്പോയേക്കാം. ജനതയുടെ നല്ല പങ്ക് അയല്‍രാജ്യത്തേക്കോ കടലിനപ്പുറമുള്ള ദേശത്തേക്കോ ഒഴുകിയേക്കാം. അവശിഷ്ട ജനത പഴയ രാഷ്ട്രത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ പ്രതിഫലിപ്പിക്കാനാകാതെ വല്ലാത്ത ഒറ്റപ്പെടലിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ ഒരു രാഷ്ട്രം അസ്തമിക്കുന്നു. വിഭജനങ്ങള്‍, അട്ടിമറികള്‍, കലാപങ്ങള്‍, അധിനിവേശങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍. ലോകത്തിന്റെ ചരിത്രമാണ് ഇവ. ഇവക്ക് മുന്നില്‍ രാഷ്ട്രങ്ങള്‍ സ്വയം സംരക്ഷിക്കാനാകാത്ത നോക്കുകുത്തികളായി മാറുന്നു. ഇറാഖ് ഈ സ്ഥിതിവിശേഷത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ്.
പ്രാദേശികമായി ചില ആക്രമണങ്ങള്‍ നടത്തുകയും സര്‍ക്കാറിന്റെ നിയമങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത അത്രയൊന്നും ശക്തമല്ലാതിരുന്ന ഒരു സായുധ സംഘം ഇറാഖിന്റെ തലസ്ഥാനത്തിന് അടുത്തെത്തിയിരിക്കുന്നു. ഏത് നിമിഷവും ഭരണയന്ത്രം തകര്‍ന്നു തരിപ്പണമാകുമെന്ന സ്ഥിതി. ഫലൂജയില്‍ മാത്രമായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്(ഐ എസ് ഐ എല്‍-ഇസില്‍) എന്ന സായുധ സംഘത്തിന് ശക്തിയുണ്ടായിരുന്നത്. സിറിയയുടെ ചില മേഖലകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അല്‍ഖാഇദയുടെ ശാഖയെന്നാണ് അറിയപ്പെടുന്നത്. വംശീയമായി സുന്നികളെന്ന് വിളിക്കപ്പെടുന്നു. (സുന്നി എന്നതിന്റെ ആഗോള അര്‍ഥം തീര്‍ത്തും വ്യത്യസ്തമാണ്. ശിയേതരമായതെല്ലാം അവിടെ സുന്നിയാണ്) സദ്ദാം ഹുസൈന്റെ കൂടെയുണ്ടായിരുന്ന 7000ത്തോളം സൈനികരാണ് ഈ ഗ്രൂപ്പിന്റെ യഥാര്‍ഥ ശക്തി. യു എസ് അധിനിവേശത്തിനും തുടര്‍ന്ന് വന്ന നൂരി അല്‍ മാലിക്കി സര്‍ക്കാറിന്റെ ഭരണത്തിനുമിടയില്‍ സൈന്യത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ഇവര്‍ തീവ്രവാദ പ്രവണതകളും വംശീയ അതിവൈകാരികതയുമുള്ള യുവാക്കളെ സംഘടിപ്പിച്ചാണ് ഇസില്‍ രൂപവത്കരിച്ചത്. സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ആയുധങ്ങള്‍ തരപ്പെടുത്തുന്നതിലായിരുന്നു അവരുടെ ആദ്യകാല ശ്രദ്ധ. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൂടെയുള്ളതിനാല്‍ ഈ ദൗത്യം എളുപ്പമായിരുന്നു. പാശ്ചാത്യര്‍ ഉപേക്ഷിച്ച ആയുധങ്ങളും അവര്‍ കൈവശപ്പെടുത്തി. അബൂബക്കര്‍ അല്‍ ബഗ്ദാദിയെന്നയാളാണ് ഗ്രൂപ്പിന്റെ മേധാവിയെന്ന് പാശ്ചാത്യ ചാര സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയൊരാളേ ഇല്ലെന്നും റിപ്പേര്‍ട്ടുകളുണ്ട്. വടക്കന്‍ ഇറാഖിലെ പ്രവിശ്യകളും സിറിയയിലെ കിഴക്കന്‍ പ്രവിശ്യകളും ചേര്‍ത്ത് ഒരു ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണത്രേ സംഘടനയുടെ ലക്ഷ്യം. അതിന് ബശര്‍ അല്‍ അസദിനെ താഴെയിറക്കണം. ഇറാഖില്‍ നൂരി അല്‍ മാലിക്കിയെയും. അലവൈത്ത് വിഭാഗക്കാരനായ അസദിനെയും ശിയാ ആയ മാലിക്കിയെയും ആക്രമിക്കുന്നതില്‍ വംശീയതയുടെ തലം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.
ഇസില്‍ സായുധ സംഘത്തിന്റെ ആക്രമണങ്ങളെ അവഗണിക്കുകയാണ് നൂരി അല്‍ മാലിക്കി സര്‍ക്കാര്‍ ചെയ്തിരുന്നത്. ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് വംശീയത ആളിക്കത്തിക്കാന്‍ ഉപകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അന്താരാഷ്ട്ര ഉപദേശകരില്‍ നിന്നും ഈ നിര്‍ദേശം തന്നെയാകും അദ്ദേഹത്തിന് കിട്ടയിട്ടുണ്ടാകുക. സുന്നി ശക്തികേന്ദ്രങ്ങളില്‍ ഒരു കാലത്തും സര്‍ക്കാറിന് വലിയ നിയന്ത്രണം ലഭിച്ചിട്ടില്ല. സര്‍ക്കാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ പേരിന് മാത്രമാണ്. പ്രാദേശിക സൈന്യങ്ങളാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ സ്‌ഫോടനങ്ങള്‍ നിത്യ സംഭവമാണ്. നൂറുകണക്കിന് നിരപരാധികള്‍ ഓരോ മാസവും മരിച്ചു വീണിരുന്നു. പക്ഷേ സര്‍ക്കാര്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. രാജ്യത്തെ വലിപ്പത്തില്‍ രണ്ടാമതുള്ള പ്രവിശ്യയായ മൂസ്വിലില്‍ സായുധസംഘം നടത്തിയ ആസൂത്രിത ആക്രമണത്തോടെ മാത്രമാണ് നൂരി അല്‍ മാലിക്കി സര്‍ക്കാര്‍ ഇവരെ ഗൗരവമായി എടുത്തതെന്ന് ചുരുക്കം. മൂസ്വിലില്‍ സായുധ സംഘം നടത്തിയത് വെറും ആക്രമണമായിരുന്നില്ല. സൈന്യത്തെയും മറ്റെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും തുരത്തുകയാണ് അവര്‍ ചെയ്തത്. അതുകൊണ്ടാണ് മൂസ്വില്‍ “പിടിച്ചു” എന്ന പ്രയോഗം നടത്തുന്നത്. സദ്ദാം ഹുസൈന്റെ ജന്‍മനാടായ തിക്‌രീത്തിലും അത് തന്നെ സംഭവിച്ചു. ഏറ്റവും പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന ബെയ്ജിയും സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. അന്‍ബാര്‍, സലാഹുദ്ദീന്‍ പ്രവിശ്യകളുടെ ഭാഗിക നിയന്ത്രണം അവര്‍ കൈക്കലാക്കിയിട്ടുണ്ട്. ദിയാല പ്രവിശ്യയിലെ ജലൂല, സായ്ദിയ പട്ടണങ്ങള്‍ കൂടി പിടിച്ചതോടെ തലസ്ഥാനമായ ബഗ്ദാദിനോട് സായുധ സംഘം ഏറെ അടുത്തിരിക്കുന്നു. ഇതുവരെ നടത്തിയ പിടിച്ചടക്കലിന്റെ മാതൃകആവര്‍ത്തിക്കുകയാണെങ്കില്‍ സമ്പൂര്‍ണമായ പതനമാണ് ബഗ്ദാദിനെ കാത്തിരിക്കുന്നത്. ദയനീയമായ ഒരു അന്ത്യം. അത് നൂരി അല്‍ മാലിക്കി ഭരണകൂടത്തിന് വിധിക്കും.
ഇതിന് സമാന്തരമായി നടക്കുന്ന സംഭവങ്ങളെയാണ് കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടത്. കുര്‍ദ് വിഭാഗത്തിന് സ്വയംഭരണം നല്‍കിയ മേഖലകളില്‍ അവര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയാണ്. കിര്‍ക്കുക്ക് അവര്‍ വരുതിയിലാക്കിക്കഴിഞ്ഞു. സംഘര്‍ഷം ശക്തമായി തുടരുന്ന ബേയ്ജി, തിക്‌രീത്ത്, സമാറ എന്നിവിടങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നത് കുര്‍ദ് സ്വയംഭരണ മേഖലയിലേക്കാണ്. ഇത് കുര്‍ദുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. അഭയാര്‍ഥികളുടെ സാന്നിധ്യം ഈ മേഖലയിലേക്ക് ഒരു സൈനിക മുന്നേറ്റം നടത്തുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു. അതോടെ ഇസില്‍ സംഘത്തിന്റെ മുന്നേറ്റത്തേക്കാള്‍ വലിയ ആഘാതം സൃഷ്ടിക്കുക കുര്‍ദുകളായേക്കും. സമാറ അങ്ങേയറ്റം വൈകാരികപ്രധാന്യമുള്ള നഗരമാണ്. ഇവിടെയാണ് പ്രധാന ശിയാ പുണ്യ കേന്ദ്രങ്ങളെല്ലാം ഉള്ളത്. ഇസില്‍ സംഘം ഇങ്ങോട്ട് നീങ്ങിയാല്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം എന്നതില്‍ നിന്ന് ജനതയൊന്നാകെ ഇറങ്ങിത്തിരിക്കുന്ന വംശീയ ആഭ്യന്തര കലാപമായി ഇപ്പോഴത്തെ പ്രതിസന്ധി മൂര്‍ച്ഛിക്കും.
ഇത്തരത്തിലുള്ള ധ്രുവീകരണത്തിന് ശിയാ നേതൃത്വം പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. ആയത്തുല്ല സിസ്താനിക്ക് വേണ്ടി ശൈഖ് അബ്ദുല്‍ മഹ്ദി അല്‍ കര്‍ബല ജുമുഅ നിസ്‌കാരത്തിന് ശേഷം നടത്തിയ ആഹ്വാനം ഇതിന്റെ തെളിവാണ്. തീവ്രവാദികളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ഇത് ഏറ്റെടുത്ത നൂറു കണക്കിന് യുവാക്കള്‍ സൈന്യത്തെ സഹായിക്കാന്‍ ചാവേറുകളായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇറാനും ഈ വിഭജനത്തിന് ആക്കം കൂട്ടുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. അവര്‍ ഇറാഖിലേക്ക് സൈന്യത്തെ അയച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സുന്നികള്‍ക്കെതിരെ അമേരിക്കയുമായി സഹകരിക്കാമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഒടുവില്‍ പ്രഖ്യാപിച്ചത്.
ഇവിടെ അമേരിക്കയുടെ നിലപാട് നിര്‍ണായകമാണ്. നൂരി മാലിക്കി അമേരിക്കയുടെ കാല് പിടിക്കുക സ്വാഭാവികം. അദ്ദേഹത്തെ സിംഹാസനത്തില്‍ ഇരുത്തിയതും ഉറപ്പിച്ച് നിര്‍ത്തുന്നതും അമേരിക്കയാണല്ലോ. പക്ഷേ അവര്‍ ഇറാഖിലേക്ക് ഒരിക്കല്‍ കൂടി എടുത്തുചാടുമോ എന്നതാണ് പ്രധാനം. ഇല്ലാത്ത കൂട്ടനശീകരണ ആയുധം തേടിച്ചെന്ന് ഇറാഖിനെ എക്കാലത്തേക്കും അസ്ഥിരപ്പെടുത്തുകയും രാഷ്ട്രത്തലവനെ പച്ചക്ക് കൊല്ലുകയും ചെയ്ത യാങ്കി ഭീകരതക്കെതിരെ ആഭ്യന്തരമായി പോലും ശബ്ദമുയര്‍ന്നതാണ്. അമേരിക്കന്‍ ജനതയുടെ വലിയ പങ്കും ഇറാഖ് അധിനിവേശം തെറ്റായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇനിയൊരു പ്രത്യക്ഷ സൈനിക നടപടിക്ക് അവര്‍ മുതിരുമെന്ന് തോന്നുന്നില്ല. ദേശീയ പതാക പുതച്ച ശവപ്പെട്ടികള്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നത് ഇനി അമേരിക്കന്‍ ജനത സഹിച്ചെന്നു വരില്ല. അത്‌കൊണ്ടാണ് ഡ്രോണ്‍ ആക്രമണമെന്ന “സുരക്ഷിതമായ” വഴി അമേരിക്ക കൈക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം അമേരിക്കന്‍ വെടിക്കോപ്പുകള്‍ നിറച്ച കൂടുതല്‍ കപ്പലുകള്‍ നങ്കൂരമിടും. ഇറാഖ് സൈന്യത്തിനായി അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നു വരും.
ഇറാഖിലെ പ്രതിസന്ധി സംബന്ധിച്ച ചില തെറ്റദ്ധാരണകളെ ഈ ഘട്ടത്തില്‍ തുറന്നു കാണിക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഉണ്ടായതാണെന്ന ധാരണയാണ് ആദ്യത്തേത്. എങ്ങനെ ഇത്ര പെട്ടെന്ന് ഒരു സായുധ സംഘത്തിന് ഒരു രാഷ്ട്രത്തിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കാനായി എന്ന് ചോദിക്കുന്നവരാണ് ഏറെയും. ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് ഹാശിമി ഭരണകൂടം സ്ഥാപിച്ചപ്പോള്‍ സാമ്രാജ്യത്വം വിതച്ചു പോയ വംശീയതയാണ് ഇന്ന് വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്നത്. അന്ന് ശിയാ വിഭാഗത്തിനും കുര്‍ദുകള്‍ക്കും ഭരണത്തില്‍ ഒരു പ്രാധാന്യവും നല്‍കിയില്ല. പിന്നീട് രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തെയും ഇറാനെയും ഒരു പോലെ വെല്ലുവിളിക്കാന്‍ സദ്ദാമിനെ ആയുധമണിയിച്ചപ്പോഴും ഈ വിവേചനം തുടര്‍ന്നു. ശിയാ, കുര്‍ദ് കൂട്ടക്കൊലയുടെ ചോരക്കറ സദ്ദാമില്‍ മായാതെ കിടന്നിരുന്നുവല്ലോ. പിന്നെ, രാജ്യത്തിന്റെ എണ്ണ സമ്പത്ത് വിദേശ കമ്പനികളില്‍ നിന്ന് മോചിപ്പിച്ചെടുത്തപ്പോള്‍ പാശ്ചാത്യ ശക്തികള്‍ക്ക് സദ്ദാം ശത്രുവായി. അദ്ദേഹത്തെ തൂത്തെറിയാനും സാമ്രാജ്യത്വം ഉപയോഗിച്ചത് വംശീയതയായിരുന്നു. സദ്ദാമിനെ ബലിപെരുന്നാള്‍ തലേന്ന് തൂക്കിലേറ്റിയപ്പോള്‍ ഇറാഖ് ജനത ആഘോഷിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവസരം കൈവന്നത് അങ്ങനെയാണ്. ഭരണമേല്‍പ്പിക്കപ്പെട്ട നൂരി അല്‍ മാലിക്കി ഒട്ടും ദേശീയ കാഴ്ചപ്പാടില്ലാത്ത നേതാവായിരുന്നു. തികഞ്ഞ ശിയാവത്കരണമാണ് അദ്ദേഹം നടത്തിയത്. അതിന് അമേരിക്കയുടെ ആശീര്‍വാദമുണ്ടായിരുന്നു. പ്രസിഡന്റായി സുന്നി നേതാവായ ജലാല്‍ തലബാനിയുണ്ടല്ലോ എന്നാകാം ചോദ്യം. പദവി മാത്രം. അധികാരം തരിമ്പു പോലുമില്ലായിരുന്നു തലബാനിക്ക്. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്റലിജന്‍സ് മന്ത്രിയും മാലിക്കി തന്നെയായിരുന്നു. സദ്ദാം ഹുസൈനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം മാലിക്കിയുടെ കാര്യത്തില്‍ കൂടുതല്‍ മിഴിവോടെ തെളിയുന്നുവെന്ന് ചുരുക്കം. ഈ വിവേചനമാണ് ഇസില്‍ പോലുള്ള ഗ്രൂപ്പുകള്‍ക്കും കുര്‍ദുകള്‍ക്കും ശക്തി പകര്‍ന്നത്.
സൈനികമായ പരാജയമാണോ ഇറാഖില്‍ സംഭവിച്ചത്? തീര്‍ച്ചയായും പരാജയപ്പെട്ടത് സൈന്യം തന്നെയാണ്. ഇറാഖ് സൈന്യത്തിന് പരാജയം ഒരു പുതുമയല്ല. ഇറാഖ്- ഇറാന്‍ യുദ്ധം, കുവൈത്ത് ആക്രമണം, പാശ്ചാത്യ സംയുക്ത സൈന്യത്തിന്റെ ആക്രമണം തുടങ്ങിയ യുദ്ധമുഖങ്ങളിലെല്ലാം അവര്‍ തോല്‍ക്കുകയായിരുന്നു. എന്താണ് അവര്‍ ഇങ്ങനെ തോല്‍ക്കുന്നത്? അതിന്റെ കാരണവും കിടക്കുന്നത് വംശീയതയിലാണ്. സമീപകാല ചരിത്രത്തിലൊരിടത്തും ശരിയായ ദേശീയ സൈന്യം ഇറാഖിലുണ്ടായിട്ടില്ല. സങ്കലിത വംശീയ സമൂഹത്തിന്റെ നേര്‍പതിപ്പായ സൈന്യത്തില്‍ അപ്പപ്പോഴത്തെ രാഷ്ട്രീയ സവിശേഷതകള്‍ക്കനുസരിച്ച് സൈന്യത്തിലെ ഒരു വിഭാഗം നിഷ്‌ക്രിയമാകുന്നു. സൈനികബാഹ്യമായ കാരണങ്ങളാണ് സൈനിക പരിഹാരങ്ങള്‍ക്ക് കാരണമെന്നര്‍ഥം. അതുകൊണ്ടാണ് ഓരോ പരാജയഘട്ടത്തിലും വിദേശശക്തികളെ ക്ഷണിക്കേണ്ടി വരുന്നത്. സദ്ദാമിനും കിട്ടിയിരുന്നു ഇത്തരം സഹായങ്ങള്‍. നൂരി അല്‍ മാലിക്കിയും അതിനായി കാത്തിരിക്കുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി ഇറാഖില്‍ മാത്രം ഒതുങ്ങുമോയെന്നതാണ് അടുത്ത ചോദ്യം. ഒരുക്കലുമില്ല. സിറിയയിലാണ് ആദ്യ പ്രതിഫലനമുണ്ടാകുക. ഇസില്‍ സംഘത്തെ അവിടെ ബശര്‍ അല്‍ അസദ് കൂടുതല്‍ ശക്തമായി നേരിടും. നേരത്തേ അവരെ തൊടാതെ വിടുകയായിരുന്നു അസദ്. മറ്റ് വിമത ഗ്രൂപ്പുകള്‍ തന്നെയാണ് ഇസിലിനോട് മുട്ടിയിരുന്നത്. അത് അസദ് ആസ്വദിച്ചിരുന്നു. തമ്മില്‍ തല്ലട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തില്‍ ഇറാന്റെ കൂടി താത്പര്യത്തില്‍ അദ്ദേഹം ഇസില്‍വേട്ട ശക്തമാക്കും. ഇറാനും അമേരിക്കയും തമ്മില്‍ പുതിയ സാഹചര്യത്തില്‍ രൂപപ്പെടുന്ന അവസരവാദ, താത്കാലിക സഖ്യത്തിന്റെ യഥാര്‍ഥ ഗുണഭോക്താവ് ബശര്‍ അല്‍ അസദ് ആയിരിക്കും.
ഒരു വശത്ത് ശിയാ വിഭാഗവും മറുഭാഗത്ത് സുന്നീ വിഭാഗവുമെന്ന തരത്തില്‍ മുസ്‌ലിം ലോകം വിഭജിക്കപ്പെടുകയെന്നത് അമേരിക്കയടക്കമുള്ളവരുടെ എക്കാലത്തേയും വലിയ സ്വപ്‌നമാണ്. ഇസില്‍ ആയുധധാരികളെ പോരാളികളെന്ന് വിളിച്ച് പിന്തുണക്കുന്നവര്‍ ഈ സ്വപ്‌നത്തിന് സാക്ഷാത്കാരമൊരുക്കുകയാണ് ചെയ്യുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest