Connect with us

Editorial

ബിയാസ് ദുരന്തത്തിന്റെ പിന്നാമ്പുറക്കഥകള്‍

Published

|

Last Updated

ആന്ധ്രാപ്രദേശില്‍ ബച്ചുപള്ളിയിലെ വി എന്‍ ആര്‍ വിജ്ഞാന്‍ ജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി കോളജിന് ഇനിയും കണ്ണീര്‍ ചോര്‍ന്നിട്ടില്ല. കോളജില്‍ നിന്ന് ഹിമാചല്‍പ്രദേശിലേക്ക് പഠനയാത്രക്ക് പോയ 49 വിദ്യാര്‍ഥികളും 16 അധ്യാപകരും ഉള്‍പ്പെട്ട 65 അംഗ സംഘത്തിലെ 24 വിദ്യാര്‍ഥികള്‍ ബിയാസ് നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായത് ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാനാകു. ദുരന്തം അത്രയും കുടുംബങ്ങളുടെ പ്രതീക്ഷയും മോഹന സ്വപ്‌നങ്ങളുമാണ് തച്ചുടച്ചത്. ഈ ദുരന്തത്തില്‍ മണല്‍ മാഫിയകളുടെ ഒടുങ്ങാത്ത ദുരകൂടി കാരണമാണെന്നറിയുമ്പോള്‍ ദുരന്തത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നു. മണല്‍ മാഫിയകളും അണക്കെട്ടിന്റെ ചുമതലക്കാരായ ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അരുതായ്മകളാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന ആരോപണം ഗൗരവമേറിയതാണ്. ബിയാസ് നദിയിലെ ലാര്‍ജി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണി മുന്നറിയിപ്പൊന്നുമില്ലാതെ അധികൃതര്‍ തുറന്ന് വിട്ടതാണ് ദുരന്തത്തിന് കാരണമായതെന്നും ആരോപണമുണ്ട്. ജലസംഭരണിയുടെ ഷട്ടറുകള്‍ ഒന്നിച്ച് തുറക്കുമ്പോള്‍ ഉണ്ടാകുന്ന കുത്തൊലിപ്പില്‍ അണക്കെട്ടിന് അടിയിലും നദിയിലും അടിഞ്ഞുകൂടിയ മണലും ചെളിയും ഒന്നിച്ച് കുതിച്ചെത്തും. നദിയുടെ ഇരു തടങ്ങളിലും, മണല്‍ മാഫിയകള്‍ മണല്‍ സംഭരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കും. നദിയിലെ ജലപ്രവാഹം സംഹാരമൂര്‍ത്തീഭാവം കൈവരിക്കുമ്പോള്‍ നദീതടങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ആളപായവും കൃഷിനാശവും സംഭവിക്കാതിരിക്കാന്‍ അണക്കെട്ടിന്റെ ചുമതലക്കാര്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ദുരന്ത ദിവസം അതുണ്ടായില്ലെന്നാണ് അറിയുന്നത്. മണല്‍ മാഫിയകളും അണക്കെട്ടിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനക്ക് മുന്നില്‍ ഇത്തരം മുന്‍കരുതലുകള്‍ വിസ്മരിക്കപ്പെട്ടു എന്ന് വേണം കരുതാന്‍. അതുകൊണ്ട്തന്നെ ബിയാസ് ദുരന്തം “മനുഷ്യനിര്‍മിതി”യാണോ എന്ന സംശയം ബലപ്പെടുന്നു.
ബിയാസ് നദിയുടെ ഇരുകരകളിലേക്കും നാഷനല്‍ ഹൈവെയില്‍ നിന്നും ചെറുതും വലുതുമായ നിരവധി അനധികൃത അപ്രോച്ച് റോഡുകളുണ്ട്. ഇരുകരകളിലും അടിഞ്ഞുകൂടുന്ന മണല്‍ ഊറ്റിയെടുക്കാന്‍ മാഫിയകള്‍ ഒരുക്കിയതാണ് ഈ ഊടു വഴികള്‍. വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട മണാലി- കിരാപുട് റോഡിലെ തലേട്ടില്‍ നദിക്കരയില്‍ മാഫിയകള്‍ക്ക് ചാകര തന്നെയായിരുന്നു. മണല്‍ സംഭരിക്കാന്‍ മാഫിയകളുടെ ലോറികളും ട്രോളികളും ട്രാക്ടറുകളും നിരനിരയായി അണിനിരന്നിരുന്നു. മരുഭൂമി കണക്കെ മണല്‍ക്കുനകള്‍ ഇവിടെ രൂപപ്പെട്ടിരുന്നു. മണല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. കാരണം മറ്റൊന്നുമല്ല മാഫിയകള്‍ക്ക് സര്‍ക്കാറിന്റെ ഒത്താശയുണ്ട്, സംരക്ഷണവുമുണ്ട്. ശാന്തമായൊഴുകുന്ന നദിയില്‍ ആകൃഷ്ടരായാണ് വിദ്യാര്‍ഥികള്‍ വെള്ളത്തിലേക്ക് ഇറങ്ങിയത്. പ്രകൃതി സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തിയും സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തും ഉല്ലസിക്കുന്നതിനിടയിലാണ് നദിയുടെ ഭാവം മാറിയത്. ശക്തമായ കുത്തിയൊഴുക്കില്‍ എല്ലാം ഒലിച്ചുപോയി. നദീതീരത്ത് നിന്ന് ചില വിദ്യാര്‍ഥികള്‍ ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ ആരിലും ഭീതി ജനിപ്പിക്കുന്നതാണ്. ഒഴുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറാന്‍ ചില വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നതും, നിലയുറപ്പിക്കാനാകാതെ പ്രളയജലത്തില്‍ ഒലിച്ചുപോകുന്നതും വീഡിയോ ക്യാമറകള്‍ പകര്‍ത്തിയിട്ടുണ്ട്. മഞ്ഞുരുകിവരുന്ന ജലപ്രവാഹം ബിയാസ് നദിയെ വേനല്‍ക്കാലത്തും അപകടകാരിയാക്കാറുണ്ട്. പക്ഷെ ഈ ഭാഗങ്ങളിലൊന്നും അപകട മുന്നറിയിപ്പിനായി ഒരു ബോര്‍ഡ് പോലുമില്ല എന്നത് ഗൗരവമേറിയ കാര്യമാണ്. ഈ ദുരന്തത്തിന് ശേഷം അപകടമുന്നറിപ്പ് പലകകള്‍ അധികതര്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഏതായാലും ദുരന്തം സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മാണ്ടി ജില്ലാ മജിസ്‌ട്രേട്ട് ദേവേഷ് ശര്‍മയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ദുരന്ത ദിനത്തിലും അതിന്‌ശേഷമുള്ള ദിനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ദേവേഷ് ശര്‍മയാണ്. പോലീസും നാട്ടുകാരും സൈനികരും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ദുരന്തത്തില്‍ ഒലിച്ചുപോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കണം. മുഴുവന്‍ കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ എല്ലാ ശ്രമവും നടത്തണം. അതോടൊപ്പംതന്നെ ദുരന്തത്തിന് പിന്നില്‍ മണല്‍ മാഫിയയും അണക്കെട്ടിലെ എന്‍ജിനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിനെകുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഇത്തരം ദുരന്തങ്ങള്‍ ഇനി ഒരിടത്തും ഉണ്ടായിക്കൂട.

Latest