Connect with us

Wayanad

വേനല്‍ മഴ: കേന്ദ്ര സംഘം നാശനഷ്ടം വിലയിരുത്തി

Published

|

Last Updated

കല്‍പ്പറ്റ: വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴയില്‍ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി. പ്രധാനമായും കൃഷി, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് സംഭവിച്ച നഷ്ടമാണ് സംഘം വിലയിരുത്തിയത്. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൈസില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലയില്‍ സംഭവിച്ച നാശ നഷ്ടങ്ങള്‍ എ.ഡി.എം കെ. ഗണേശന്റെ നേതൃത്വത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ സംഘത്തിന് മുന്‍പില്‍ വിവരിച്ചു. കൃഷി, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് ആകെ 13 കോടിയോളം രൂപയുടെ നാശനഷ്ടം വേനല്‍മഴയില്‍ ജില്ലയില്‍ സംഭവിച്ചതായാണ് കണക്ക്.
തുടര്‍ന്ന് നെന്‍മേനി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു. കൃഷിക്കാരില്‍ നിന്നും തദ്ദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. നഷ്ട പരിഹാരം സംബന്ധിച്ച കണക്കുകളടങ്ങിയ റിപ്പോര്‍ട്ടുകള്‍ പരമാവധി വേഗത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കേണ്ടതാണെന്ന് സംഘം ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര കുടിവെള്ളം-ശുചിത്വ ഡെപ്യൂട്ടി അഡൈ്വസര്‍ ജി.ബാലസുബ്രഹ്മണ്യം, കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്‍.പി.സിങ്, കേന്ദ്ര ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മുകേഷ്‌കുമാര്‍, കേന്ദ്ര ഗ്രാമവികസന അസി. കമ്മീഷണര്‍ പ്രസന്ന.വി.സാലിയന്‍ എന്നിവരടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തിയത്. ഹുസൂര്‍ ശിരസ്തദാര്‍ പി.പി.കൃഷ്ണന്‍കുട്ടി, ഡെ.കളക്ടര്‍ എം.ഒ. മൈക്കിള്‍, പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. മോഹനന്‍, തഹസില്‍ദാര്‍മാര്‍,മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

 

Latest