Connect with us

Malappuram

പ്രിയ നേതാവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published

|

Last Updated

തിരൂര്‍: അന്തരിച്ച തിരൂര്‍ മുന്‍ എം എല്‍ എയും സി പി എം നേതാവുമായ പി പി അബ്ദുല്ലക്കുട്ടിയുടെ മയ്യിത്ത് വെട്ടം തീണ്ടാപ്പടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു. നാടിന്റെ പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്. മഴ പെയ്യാതിരുന്നതിനാല്‍ ചടങ്ങുകള്‍ കൃത്യസമയത്ത് തന്നെ ചെയ്യാനായി. മന്ത്രിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി ഒട്ടേറെപേര്‍ മയ്യിത്ത് ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമായി വീട്ടിലെത്തി. മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ കെ ടി ജലീല്‍, സി മമ്മൂട്ടി, അഡ്വ എന്‍ ശംസുദ്ദീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ വി അബ്ദുല്‍ഖാദര്‍, മുഹമ്മദ് മാസ്റ്റര്‍, പി ശ്രീരാമകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ കൂടിയായ കെ രാധാകൃഷ്ണന്‍, സി പി എം നേതാക്കളായ എം എ ബേബി, എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, വി ശശികുമാര്‍, പി പി വാസുദേവന്‍, പി എം എ സലാം, പ്രൊഫ. എ പി അബ്ദുല്‍വഹാബ്, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി തിരൂര്‍ ആര്‍ ഡി ഒ. കെ ഗോപാന്റെ നേതൃത്വത്തിലുള്ള സംഘം റീത്ത് സമര്‍പ്പിച്ചു. വൈകിട്ട് മൂന്നിനാണ് ഖബറക്ക ചടങ്ങുകള്‍ ആരംഭിച്ചത്. ആദരസൂചകമായി പോലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. പിന്നീട് മയ്യിത്ത് ഖബറടക്കത്തിനായി കൊണ്ടു പോയി.