Connect with us

Malappuram

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഷാഡോ പോലീസ്

Published

|

Last Updated

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ സ്വര്‍ണാഭരണം പൊട്ടിക്കുന്നത് പതിവാകുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികള്‍ ഒപിയില്‍ പരിശോധനക്കെത്തുന്ന ഇവിടെ തിരക്കുള്ള സമയങ്ങളിലാണ് സ്വര്‍ണാഭരണം മോഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ചെട്ടിപ്പടി സ്വദേശി കുട്ടിയെ ഡോക്ടറെ കാണിക്കുന്നതിന് ഒപി കൗണ്ടറില്‍ വരിനില്‍ക്കുന്നതിനിടെ ഒക്കത്തുള്ള കുഞ്ഞിന്റെ അരപവന്‍ സ്വര്‍ണപാദസരം പൊട്ടിച്ച മലയാളികളായ മൂന്ന് സഹോദരിമാരെ പിടികൂടുകയുണ്ടായി. ഇതിന്റെ തൊട്ടുമമ്പുള്ള ദിവസം കൊടിഞ്ഞി സ്വദേശിയായ കുട്ടിയുടെ പാദസരം പൊട്ടിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു. ദിവസവും എന്ന തോതിലാണ് ഇവിടെ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത്. പലരും പോലീസില്‍ പരാതി പെടാറില്ല. കുട്ടികള്‍ക്ക് തുള്ളിമരുന്ന് കൊടുക്കുന്ന ദിവസങ്ങളിലും കൂടുതല്‍ തിരക്കുള്ള ദിവസങ്ങളിലുമാണ് പിടിച്ചുപറി കൂടുതല്‍ നടക്കാറുള്ളത്. ഡോക്ടറെ കാണിക്കാനെന്ന വ്യാജേന വരിയില്‍ നിന്നാണിവര്‍ കൃത്യം നിര്‍വഹിക്കുന്നത്. നാടോടി സ്ത്രീകളാണ് ഇതില്‍ കൂടുതലെങ്കിലും ഇപ്പോള്‍ മലയാളികളും ഇത്തരം പ്രവര്‍ത്തനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മോഷണം പെരുകിയ സാഹചര്യത്തില്‍ ഇവിടെ ഷെഡോ പോലീസിനെ നിയോഗിക്കാന്‍ നടപടി സ്വീകരിച്ചതായി തിരൂരങ്ങാടി എസ് ഐ കൃഷ്ണന്‍കുട്ടി സിറാജിനോട് പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മഫ്തി വേഷത്തില്‍ ആശുപത്രിയില്‍ നിരീക്ഷണം നടത്തും. മോഷ്ടാക്കളെ എളുപ്പത്തില്‍ പിടികൂടുന്നതിന് ആശുപത്രിയിലെ പ്രധാന ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തിപ്പെട്ടിട്ടുണ്ട്.