Connect with us

Kozhikode

റമസാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുക്കം തുടങ്ങി

Published

|

Last Updated

ലപ്പുറം: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുക്കം ആരംഭിച്ച് കഴിഞ്ഞു. പള്ളികളിലും മുസ്‌ലിം വീടുകളിലുമാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ സജീവമായിരിക്കുന്നത്.
വിശ്വാസികള്‍ നോമ്പനുഷ്ടിക്കുന്നതിന്റെ മുന്നോടിയായി പരമ്പരാഗതമായ രീതിയില്‍ മുസ്‌ലിം വീടുകളില്‍ നടത്തിവരുന്ന നനച്ചുകുളി എന്ന പേരിലുള്ള ശുദ്ധീകരണത്തിലാണ്.
ഇതിന്റെ ഭാഗമായി വീടും അതിനകത്ത് സൂക്ഷിച്ചിരിക്കുന്ന മറ്റു വസ്തുക്കളും അഴുക്കുകള്‍ നീക്കം ചെയ്ത് വൃത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ ഓരോ വീട്ടുകാരും. നോമ്പിന് ആവശ്യമായ അരി, മല്ലി, മുളക് തുടങ്ങിയവ മില്ലുകളിലെത്തിച്ച് പൊടികളാക്കി സൂക്ഷിക്കുന്നുണ്ട്. ഇതിനാല്‍ ചില ഭാഗങ്ങളിലെ പൊടി മില്ലുകളില്‍ ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്ന വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശം നോമ്പിന് മുമ്പായി നടത്താനുള്ള തീവ്ര ശ്രമത്തിലാണ്.
വിശ്വാസികളെ സ്വീകരിക്കാന്‍ പള്ളികളിലും ഒരുക്കം സജീവമായിട്ടുണ്ട്. പള്ളികള്‍ അറ്റകുറ്റ പണി നടത്തിയും ചായം പൂശി മനോഹരമാക്കിയും തകരാറിലായ വൈദ്യുതി ഉപകരണങ്ങളും മറ്റും മാറ്റി സ്ഥാപിച്ചുമുള്ള പ്രവര്‍ത്തനങ്ങളും എങ്ങും സജീവമാണ്. ഭൂരിഭാഗം പള്ളികളിലും പായക്ക് പകരം ഇപ്പോള്‍ കാര്‍പ്പെറ്റ് വിരിച്ചെതിനാല്‍ യുവാക്കളുടെ സഹായത്തോടെ പള്ളികള്‍ കഴുകുന്ന സമ്പ്രദായം മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലെ പള്ളികളില്‍ റമസാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന് നേത്യത്വം നല്‍കാന്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളായ ഇമാമുകളെ ഏര്‍പ്പെടുത്താനുള്ള ശ്രമവും കമ്മിറ്റി ഭാരവാഹികള്‍ നടത്തുന്നുണ്ട്. കൂടാതെ റമസാനിന്റെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ഉപകാര പ്രദമായ അറിവ് പകര്‍ന്ന് നല്‍കുന്നതിനുള്ള പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാനും പ്രഭാഷണങ്ങള്‍ നടത്തുന്നതിനുമായി പ്രമുഖരെ നേരത്തെ തന്നെ നിശ്ചയിച്ച് കഴിഞ്ഞു. അല്ലാത്തവരായ പ്രാസംഗികരെ പ്രഭാഷണം നടത്താനും ക്ലാസെടുക്കാനും ഏല്‍പ്പിക്കാനുള്ള ചുമതലയുടെ തിരക്കും ഇപ്പോള്‍ ചില മഹല്ല് കമ്മറ്റി അംഗങ്ങള്‍ക്കും സംഘടന ഭാരവാഹികള്‍ക്കുമുണ്ട്. റമസാന്‍ വിപണി മുന്നില്‍ കണ്ട് വ്യത്യസ്ഥ തരം ഭക്ഷ്യോത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞു. അല്ലാത്തവക്ക് വ്യപാരികള്‍ ഓര്‍ഡര്‍ നല്‍കികൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയോളം മാത്രമാണ് റമസാന്‍ വിശ്വാസികളിലേക്ക് വന്നണയാനുള്ളത്.

Latest