Connect with us

Kozhikode

ബ്ലേഡ് രാജാവ് ചാക്കോളാസ് റിമാന്‍ഡില്‍

Published

|

Last Updated

താമരശ്ശേരി: കൊള്ളപ്പലിശയുടെ പേരില്‍ ഇടപാടുകാരുടെ ഭൂമി കൈക്കലാക്കുന്ന കുപ്രസിദ്ധ ബ്ലേഡ് രാജാവ് ചാക്കോളാസ് റിമാന്‍ഡില്‍. ബാലുശ്ശേരി കിഴക്കേവളപ്പില്‍ പാലക്കുളം പി എം ചാക്കോ എന്ന ചാക്കോളാസ്(57) നെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പൂനൂരില്‍ 33 സെന്റ് ഭൂമി പണയപ്പെടുത്തി രണ്ട് ലക്ഷം വാങ്ങിയ ആനപ്പാറ അബ്ദുല്‍ മജീദിന്റെ പരാതിയില്‍ ബാലുശ്ശേരി പോലീസ് 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ താമരശ്ശേരി സബ് ഡിവിഷനിലെ താമരശ്ശേരി സ്‌റ്റേഷനില്‍ ആറ് കേസുകളും ബാലുശ്ശേരിയില്‍ നാല് കേസുകളും കൊടുവള്ളിയില്‍ ഒരു കേസും നിലവിലുണ്ട്.
എട്ട് മാസം മുമ്പ് സുപ്രീംകോടതി ജാമ്യം നിശേധിച്ചെങ്കിലും ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാക്കോയെ വലയിലാക്കിയത്.
വസ്തു പണയപ്പെടുത്തി പലിശക്ക് പണം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും മുന്നോറോളം സ്ഥലങ്ങള്‍ ഇയാള്‍ കൈക്കലാക്കിയതായാണ് സൂചന. പത്ത് വര്‍ഷത്തിനിടെ മുന്നോറോളം കോടിയുടെ ആസ്ഥിയാണ് ഇയാളുടെ സ്വന്തംപേരിലും ബിനാമികളുടെ പേരിലുമുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജില്ലയിലെ വിവിധ സബ് രജിസ്റ്റാര്‍ ഓഫിസുകളില്‍ നാനൂറോളം ഭൂമി ഇടപാടുകള്‍ ചാക്കോ നടത്തിയതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നു. ചാക്കോയുടെ ഭാര്യ മറിയാമ്മ, മകന്‍ ജിജോ എന്നിവരുടെയും മറ്റു ബന്ധുക്കളുടെയും പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനില്‍ നടന്ന ക്രിത്രിമവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി മറ്റു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തും.