Connect with us

Kozhikode

പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രകൃതി പഠന യാത്ര എട്ടായിരത്തോളം വിദ്യാര്‍ഥികള്‍ ചുരം നടന്നിറങ്ങി

Published

|

Last Updated

താമരശ്ശേരി: പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയനാട് ചുരത്തിലൂടെ പ്രകൃതിപഠന യാത്ര നടത്തി.
പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെയും വിവിധ പരിസ്ഥിതിസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രകൃതി പഠനത്തിന്റെ ഭാഗമായി മഴയാത്ര നടത്തിയത്. വയനാട് ജില്ലയുടെ തുടക്കമായ ലക്കിടി അതിര്‍ത്തിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പച്ച പുല്‍ത്തകിടിയില്‍ ഒത്തുകൂടി പശ്ചിമഘട്ടത്തെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചെയ്താണ് കോഴിക്കോട്, വയനാട് ജില്ലകളിലെ 126 സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തില്‍ എട്ടായിരത്തോളം വിദ്യാര്‍ഥികള്‍ പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യം വയനാട് ചുരത്തിലൂടെ കാല്‍ നടയായി ഇറങ്ങി സ്വയമറിഞ്ഞത്. ചുറ്റുപാടിലെ ജൈവവൈവിധ്യത്തെ തിരിച്ചറിയാനുള്ള മത്സരങ്ങളോടെ ആരംഭിച്ച യാത്ര വൈകുന്നേരം അടിവാരത്ത് സമാപിച്ചു. പക്ഷി, മൃഗം, വൃക്ഷം തുടങ്ങിയവയെ തിരിച്ചറിയല്‍, അനുഭവക്കുറിപ്പ്, പരിസ്ഥിതി സന്ദേശ ഡിസ്‌പ്ലേ മത്സരം എന്നിവയാണ് പ്രകൃതിയെ അടുത്തറിയാന്‍ സംഘാടകര്‍ പഠനദിനത്തിന്റെ ഭാഗമായി ഒരുക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള ആവാര്‍ഡ് നേടിയ എക്കോക്ലബ്ബ് സാരഥിയായ മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കുമാരി പി സുഗമ്യ പ്രതിജ്ഞ ചൊല്ലിയതോടെയാണ് ചടങ്ങിന് തുടക്കമായത്. പ്രൊഫ. ശോഭീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഗ്രീന്‍ കോര്‍ കോ ഓഡിനേറ്റര്‍ എം എ ജോണ്‍സണ്‍ സ്വാഗതവും സി ജയരാജന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സാമൂഹിക വനവത്ക്കരണ വിഭാഗം കോഴിക്കോട് റെയിഞ്ച് ഓഫീസര്‍ എന്‍ ഗോപാലന്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് വന്ന പരിസ്ഥിതി പ്രവര്‍ത്തകരായ എ ശ്രീവത്സന്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി വി രാജന്‍, പി രമേശ്ബാബു, സിജേഷ് എന്‍ ദാസ്, കെ കെ സുകുമാരന്‍, സലാം നടുക്കണ്ടി, സി പി കോയ, ശ്രീനി പാലേരി, ജി സുരേഷ് ബാബു, പി ജെ തോമസ്, കെ ജി രഞ്ജിത്ത് രാജ്, എ വി ഫര്‍ദിസ്, ബാലചന്ദ്രന്‍ പുതുക്കുടി, ഗോവിന്ദന്‍ കട്ടയാട്ട്, പ്രമോദ് മണ്ണടത്ത്, യു രാമചന്ദ്രന്‍, സാജുഭായി എന്നിവരും വിവിധ സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബ് കോ- ഓഡിനേറ്റര്‍മാരായ അധ്യാപകരും ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്‍കി. വൈകുന്നേരം അടിവാരം അങ്ങാടിയില്‍ സമാപന സമ്മേളനം നടന്നു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് മാളിക്കടവ് എം എസ് എസ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രകൃതിദുരന്തഭീകരതയെക്കുറിച്ചുള്ള മുരുകന്‍ കാട്ടാക്കടയുടെ പക കവിതയുടെ ചിത്രീകരണവും ഉണ്ടായിരുന്നു.

Latest