Connect with us

Wayanad

14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചു

Published

|

Last Updated

മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞദിവസം 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ കുറിച്ച് പോലിസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു.
പണം വാങ്ങാനെത്തിയവരുടെ മൊബൈല്‍ നെറ്റ് വര്‍ക്ക് പിന്തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലും പണം പിന്‍വലിച്ചത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലുമാണ് എര്‍ണാകുളം സ്വദേശിയെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മാനന്തവാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ ധനപാലന്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ ആള്‍ തട്ടിപ്പ് നടത്തിയത്. തന്റെ പേരില്‍ മാനന്തവാടി എസ്.ബി.ടി. ബാങ്കില്‍ 50 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങള്‍ 25 ലക്ഷം രൂപക്ക് പണയം വെച്ചിരുന്നു. അവിടെ നിന്നും തിരിച്ചെടുത്ത് മുത്തൂറ്റില്‍ പണയം വെക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഇയാളെത്തിയത്. പെരുമാറ്റത്തിലും ഇടപെടലുകളിലും അസ്വാഭാവികത തോന്നാത്തതുകാരണം 25 ലക്ഷം രൂപ ഇയാളുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്ത ശേഷം സ്വര്‍ണമെടുക്കാനായി ഒരു ജീവനക്കാരനെയും ഒപ്പമയക്കുകയായിരുന്നു. എന്നാല്‍ എസ്.ബി.ടി.യിലെത്തിയ ഇയാള്‍ വിദഗ്ധമായി ജീവനക്കാരനെ കബളിപ്പിച്ച് മുങ്ങുകയും ചെയ്തു. ഉടന്‍ തന്നെ മാനന്തവാടി പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ബാങ്കില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 14 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതു നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
ബാക്കി അക്കൗണ്ടിലെ തുക ഫ്രീസ് ചെയ്തിരിക്കുകയാണ്. ഇയൂളുടെ ഭാര്യയും മകന്റെ ഭാര്യയുമാണ് എറണാകുളത്ത് താമസിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം.
ഇയാള്‍ പലവിധ തട്ടിപ്പുകള്‍ നടത്തിയതായും വിവിധ സ്റ്റേഷനുകളില്‍ കേസ് നിലവിലുള്ളതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest