Connect with us

Wayanad

അധ്യാപകന്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്ത സംഭവം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ഒരു ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി വന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പത്രവാര്‍ത്തയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ സാഹചര്യത്തിലാണ് ഇന്നലെ നടന്ന സിറ്റിംഗില്‍ വിഷയം അടിയന്തിര പരിഗണനക്ക് എടുത്തത്.
ഈ സംഭവത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ഗൗരവമേറിയതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ മാനേജ്‌മെന്റ് ഭാഗത്തുളളവരില്‍ നിന്നോ, അവിടുത്തെ ജോലിക്കാരില്‍ നിന്നോ ഉണ്ടാകുന്ന പിഴവുകള്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ നീളാവുന്ന തടവു ശിക്ഷയും, പിഴയുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ അധ്യായന വര്‍ഷത്തിലാണുണ്ടായത്. എന്നാല്‍ നാളിതുവരെ, ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ പോലീസില്‍ അറിയിക്കാതിരുന്നത് കുറ്റകരമായ കൃത്യവിലോപമാണ്. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുളള 2012-ലെ നിയമം “പോക്‌സോ” വകുപ്പ് 21, ഉപവകുപ്പ്(2) അനുസരിച്ച് പിഴയോടു കൂടിയ ഒരു വര്‍ഷം വരെയുളള തടവു ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്.
ഇത്തരം സംഭവങ്ങള്‍ തുടര്‍കഥയാവാന്‍ കാരണം ധാര്‍മ്മികാധ:പതനവും നിയമങ്ങളെ കുറിച്ചുളള അജ്ഞതയുമാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. സ്ഥാപനത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാകുമെന്ന ഭയമാണ് കുറ്റകരമായ അനാസ്ഥയിലേക്ക് ബന്ധപ്പെട്ടവരെ നയിക്കുന്നത്. ഈ ധാരണ തിരുത്തേണ്ട സമയമായി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ്, സ്ഥാപനത്തില്‍ തങ്ങളുടെ മക്കള്‍ സുരക്ഷിതരായിരിക്കുമെന്ന ധാരണ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാവുക എന്ന് സംസ്ഥാനത്തുതന്നെ നടന്ന പല സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്.
2012 -ലെ “പോക്‌സോ” നിയമത്തില്‍ കുറ്റവാളിയെ ഏതെങ്കിലും തരത്തില്‍ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് കുറ്റവാളിക്ക് ലഭിക്കുന്ന അതേ ശിക്ഷയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മേധാവിയില്‍ നിന്നും, ജോയിന്റ് റീജിയണല്‍ ഡയറക്ടറില്‍ നിന്നും സംഭവത്തെ കുറിച്ചുളള സമഗ്രമായ റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ചൈര്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് നല്‍കി.
ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെമ്പര്‍മാരായ ഡോ. പി ലക്ഷ്മണന്‍, റ്റി ബി സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. എന്‍ ജി ബാലസുബ്രമണ്യന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Latest