Connect with us

Malappuram

അധികൃതരുടെ അനാസ്ഥ; പറപ്പൂര്‍ റോഡ് തകര്‍ന്നു

Published

|

Last Updated

വേങ്ങര: അധികൃതരുടെ അനാസ്ഥമൂലം തറയിട്ടാല്‍-പറപ്പൂര്‍ റോഡ് തകര്‍ന്നു. അപകടകരമായ രീതിയില്‍ റോഡ് തകര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
20 കോടി രൂപ ചെലവിട്ട് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈനിന് നിര്‍മിച്ച കിടങ്ങാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. കണ്ണമംഗലം മുതല്‍ പറപ്പൂര്‍ കല്ലക്കയം വരെയുള്ള റോഡിന്റെ ഒരു വശമാണ് മാസങ്ങള്‍ക്ക് മുമ്പ് കിടങ്ങാക്കി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. 20 കോടി ചെലവിട്ട് നടത്തുന്ന പദ്ധതിക്ക് വേണ്ടി പി ഡബ്ല്യു ഡി ഉടമസ്ഥതയിലുള്ള റോഡ് കിടങ്ങുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പദ്ധതി നടത്തിപ്പുകാരായ വാട്ടര്‍ അതോറിറ്റി നാല്‍പ്പത്തിയാറ് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് അടവാക്കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന റോഡുകള്‍ വാട്ടര്‍ അതോറിറ്റി തന്നെ പൂര്‍വസ്ഥിതിയിലാക്കാമെന്നുമാണ് ധാരണ. പറപ്പൂര്‍ തറയിട്ടാല്‍ മുതല്‍ കല്ലക്കയം വരെയുള്ള ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷമിട്ട മണ്ണ് മഴയില്‍ ഒലിച്ചു പോയത് കാരണം വന്‍ ഗര്‍ത്തമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
റോഡിന്റെ പകുതി ഭാഗം ഗതാഗതയോഗ്യമല്ലാത്ത രീതിയിലാണ്. കിടങ്ങില്‍ വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്നതും പതിവായി മാറിയിട്ടുണ്ട്. റോഡ്പുനഃസ്ഥാപിക്കാനാവശ്യമായ തുക തങ്ങള്‍ പൊതുമരാമത്തിന് കൈമാറിയിട്ടുണ്ടെന്നും റോഡ് നന്നാക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നും ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങള്‍ അടുത്ത ദിവസം തന്നെ വാട്ടര്‍ അതോറിറ്റി പൂര്‍വസ്ഥിതിയിലാക്കുമെന്നും വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ സിറാജിനോട് പറഞ്ഞു. അതേ സമയം പറപ്പൂര്‍ റോഡിനോട് നിരന്തരമുള്ള അവഗണന നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം വേങ്ങര ഭാഗത്തുള്ള കിടങ്ങ് പേരിന് മാത്രം മെറ്റല്‍ പൊടിയിട്ട് അടക്കുന്നതായും ആരോപണമുണ്ട്.