Connect with us

Malappuram

അബ്ദുള്ളക്കുട്ടിയുടെ മരണം; തിരൂരിന് നഷ്ടമായത് വികസനരാഷ്ട്രീയക്കാരനെ

Published

|

Last Updated

തിരൂര്‍: മാറ്റത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യം നാട്ടുകാര്‍ നെഞ്ചേറ്റുകയും അങ്ങനെ തിരൂരിന്റെ പ്രിയപ്പെട്ട എം എല്‍ എയായി തിളങ്ങുകയും ചെയ്ത പി പി അബ്ദുല്ലക്കുട്ടിയുടെ മരണം തിരൂരിന് കനത്ത നഷ്ടമായി.
2006-2011 കാലത്താണ് മുന്‍മന്ത്രിയും ലീഗിന്റെ പ്രമുഖനേതാവുമായ സാക്ഷാല്‍ ഇ ടി മുഹമ്മദ് ബശീറിനെ തോല്‍പ്പിച്ച്്് അദ്ദേഹം തിരൂരിന്റെ എം എല്‍ എ ആയത്. 2011 ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും സി മമ്മൂട്ടിയോട് തോല്‍ക്കുകയായിരുന്നു.
നാട്ടുകാരിലൊരാളെപ്പോലെ എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ എപ്പോഴും ഒരുപടി മുന്നില്‍ തന്നെയായിരുന്നു ഈ വെട്ടത്തുകാരന്‍ സഖാവ്. നാട്ടുകാര്‍ സ്‌നേഹത്തോടെ അബ്ദുല്ലക്കുട്ട്യാക്ക എന്ന് വിളിച്ച് തങ്ങളുടെ കാര്യങ്ങള്‍ അദ്ദേഹത്തോട് ഉണര്‍ത്തി.
എം എല്‍ എ എന്ന സ്ഥാനമുണ്ടായിരുന്നുവെങ്കിലും അതിന്റെ തലക്കനം കൊണ്ടുനടക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. കര്‍ഷക സംഘം നേതാവായതിനാല്‍ ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും അദ്ദേഹം നിരന്തരം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തി.
സംസ്ഥാനത്ത് തന്നെ മാതൃകയായ രീതിയില്‍ ചമ്രവട്ടം പദ്ധതി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട ശ്രമങ്ങളിലും മണ്ഡലത്തിലെ മറ്റുവികസനകാര്യങ്ങളിലും അദ്ദേഹം ജാഗ്രതപുലര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തിരൂരിലെ ഈ മികച്ച രാഷ്ട്രീയക്കാരന്‍ പിന്നീടും നാട്ടുകാര്‍ക്കൊപ്പം നിന്നു.
ഇടക്ക് രോഗം അലട്ടിയിരുന്നുവെങ്കിലും ഇടതുപക്ഷം സംഘടിപ്പിക്കുന്ന എല്ലാപരിപാടികളിലും അബ്ദുല്ലക്കുട്ടി ഓടിയെത്തി. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹം കൂടി ഡയറക്ടര്‍ ആയ പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
മരണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Latest