Connect with us

Ongoing News

പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പുകയിലയുടെയും പുകയില വസ്തുക്കളുടെയും നികുതി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാമ്പസുകളെ ലഹരി വിമുക്തമാക്കുന്ന ക്ലീന്‍ ക്യാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യസ്‌നേഹമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗം.
ലഹരി പദാര്‍ത്ഥങ്ങളോടുള്ള വിദ്യാര്‍ഥികളുടെ ആഭിമുഖ്യം വര്‍ധിച്ചുവരുകയാണ്. ഇതില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കുക എന്നത് നാം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ക്യാമ്പസുകളെ ലഹരി വസ്തുക്കളില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതിയാണ് വിദ്യാഭ്യാസ-ആഭ്യന്തര-ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളുടെ ഇടയിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ പാന്‍മസാല ഉത്പന്നങ്ങളുടെ പൂര്‍ണമായ നിരോധനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നു. നിരോധിച്ചിട്ടും രഹസ്യമാര്‍ഗങ്ങളിലൂടെ അത് വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഈ പ്രവണത തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതി സമര്‍പ്പണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പോലീസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് രാജ്യാന്തര ബന്ധം പോലും ഉണ്ട്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതിയിലൂടെ ലഹരി വസ്തുക്കളുടെ ഉപഭോഗം കാമ്പസുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി എ ഷാജഹാന്‍, ഇന്റലിജന്‍സ് ഡി ഐ ജി പി വിജയന്‍, ഹെല്‍ത്ത് ഡയറക്ടര്‍ പി കെ ജമീല, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വര്‍ക്കി ആറ്റുപുറത്ത് പങ്കെടുത്തു.
കാമ്പസുകളെ ലഹരി വിമുക്തമാക്കുന്നതിന് വിദ്യാഭ്യാസ-ആഭ്യന്തര-ആരോഗ്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജാഗ്രത സമിതി, ജനമൈത്രിപോലീസ്, പി ടി എ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, ത്രിതല പഞ്ചായത്ത് എന്നിവയുടെ സഹകരണവും പദ്ധതിയുടെ വിജയത്തിനായി പ്രയോജനപ്പെടുത്തും.

---- facebook comment plugin here -----

Latest