Connect with us

National

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കേണ്ടതില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാന വേര്‍പെട്ട് പോയ ആന്ധ്രക്ക് പ്രത്യേക പദവിയോ കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കുന്ന സംസ്ഥാന പദവിയോ നല്‍കില്ലെന്ന് ആസൂത്രണ കമ്മീഷന്‍. സീമാന്ധ്ര പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടാനുള്ള ദേശീയ വികസന മാനദണ്ഡങ്ങളില്‍ വരില്ലെന്ന് ആസൂത്രണകാര്യ മന്ത്രി ഇന്ദ്രജിത്ത് സിംഗ് റാവുവിനെ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സീമാന്ധ്രക്ക് അഞ്ച് വര്‍ഷത്തേക്ക് പ്രത്യേക പദവി നല്‍കണമെന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ആസൂത്രണ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ആന്ധ്രാ വിഭജനത്തിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനത്തെ കോണ്‍ഗ്രസ് എം പിമാര്‍ അടക്കമുള്ളവരെ അനുനയിപ്പിക്കാനായിരുന്നു രണ്ടാം യു പി എ സര്‍ക്കാര്‍ അത്തരമൊരു നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ എന്‍ ഡി എ സഖ്യശക്തിയായ ടി ഡി പിയുടെ നേതാവ് ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയാകുകയും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തല്‍ എന്‍ ഡി എ അധികാരത്തില്‍ വരികയും ചെയ്തിട്ടും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഉറപ്പ് പാഴാകുന്നുവെന്നതിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്.
ഫെബ്രുവരി 21 ന് മന്‍മോഹന്‍ സിംഗ് തന്നെയാണ് സീമാന്ധ്രയുടെ പ്രത്യേക പദവി സംബന്ധിച്ച് രാജ്യസഭയില്‍ പ്രഖ്യാപനം നടത്തിയത്. ബീഹാര്‍, രാജസ്ഥാന്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കൂടുതല്‍ സാമ്പത്തിക സഹായത്തിനായി മുറവിളി കൂട്ടുന്നുണ്ട്. ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാനയും ഈ പദവി ആവശ്യപ്പെടും. ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് ബീഹാറിന് സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസ്(എസ് സി എസ്) അനുവദിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഒഡീഷ, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് എന്നിവക്ക് എസ് സി എസ് അനുവദിക്കാമെന്ന നിലപാടിലാണ് കമ്മീഷന്‍. അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളും.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം സംബന്ധിച്ച ഗാഡ്ഗില്‍- മുഖര്‍ജി ഫോര്‍മുല അനുസരിച്ച് മൊത്തം ഫണ്ടിന്റെ 30 ശതമാനം പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ദേശീയ വികസന കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര കാബിനറ്റാണ് എസ് സി എസ് പട്ടികക്ക് അനുമതി നല്‍കുന്നത്. ഗാഡ്ഗില്‍- മുഖര്‍ജി ഫോര്‍മുലയനുസരിച്ച് സാധാരണ സംസ്ഥാനങ്ങള്‍ക്ക് 30 ശതമാനം ഗ്രാന്റും 70 ശതമാനം വായ്പയുമാണ്. എന്നാല്‍ എസ് സി എസ് ആണെങ്കില്‍ 90 ശതമാനം ഗ്രാന്റും 10 ശതമാനം വായ്പയുമാണ്.
പര്‍വത മേഖലകള്‍ കൂടുതലായി ഉണ്ടായിരിക്കുക, നല്ലൊരു വിഭാഗം ജനങ്ങള്‍ ഗോത്ര വര്‍ഗക്കാരാകുക, അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപരമായി പ്രധാന്യമുള്ള സ്ഥാനമായിരിക്കുക, സാമ്പത്തിക വികസനത്തിന്റെ കാര്യത്തിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും ഏറെ പിന്നാക്കമാകുക, പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യം അനുഭവിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് എസ് സി എസ് പട്ടികയുണ്ടാക്കുന്നത്.
ഇപ്പോള്‍ അരുണാചല്‍ പ്രദേശ്, ആസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, ത്രിപുര, ഹിമാചല്‍ പ്രദേശ്, ജമ്മു-കാശ്മീര്‍, സിക്കിം എന്നിങ്ങനെ 11 സംസ്ഥാനങ്ങളെയാണ് പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest