Connect with us

Ongoing News

മഴക്കെടുതി; കേന്ദ്ര സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ചര്‍ച്ച നടത്തി. കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് വേണ്ടുന്ന പരമാവധി വിവരങ്ങള്‍ കേന്ദ്രസംഘത്തെ ധരിപ്പിക്കണമെന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ ഉന്നതോദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പതിവിന് വിരുദ്ധമായി സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴ സംബന്ധിച്ച് മുന്‍ വര്‍ഷങ്ങളിലെ അളവുമായി താരതമ്യം ചെയ്ത് കേന്ദ്രസംഘത്തിന് മുമ്പില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളില്‍ ശക്തമായ മഴയും തുടര്‍ന്ന് നാശനഷ്ടവുമുണ്ടായത് കേന്ദ്ര സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഭവനനാശം, കൃഷിനാശം എന്നിവ ഉള്‍പ്പെടെ 12 ഇനങ്ങളിലായി 14,165.332 ലക്ഷത്തിന്റെ നഷ്ടം സംസ്ഥാനത്തുണ്ടായത് ബോധ്യപ്പെടുത്തുന്നതിനോടൊപ്പം മുന്‍ കാലയളവില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാന്‍ അപേക്ഷ നല്‍കിയതും ലഭിച്ചതുമായ തുകയിലെ അന്തരവും വ്യക്തമാക്കി. കേന്ദ്രത്തിന് ലഭിച്ച റിപ്പോര്‍ട്ടിലെ കാലയളവിന് ശേഷമുള്ള നഷ്ടങ്ങള്‍ പ്രത്യേകം തയ്യാറാക്കണമെന്നും നേരിട്ട് ബോധ്യപ്പെടുന്നവയുടെ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ജോയിന്റ് സെക്രട്ടറി ഷൈലേഷ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഷൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, കൃഷിമന്ത്രി കെ പി മോഹനന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു. മന്ത്രിമാരുമായുള്ള ചര്‍ച്ചക്ക് ശേഷം ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ സംഘം വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജി ബാലസുബ്രഹ്മണ്യം, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സുപ്രണ്ടിംഗ് എന്‍ജിനീയര്‍ ആര്‍ പി സിംഗ്, കേന്ദ്ര ധനകാര്യ കമ്മീഷനിലെ മുകേഷ് കുമാര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ വി എസ് പ്രസന്ന എന്നിവരുള്‍പ്പെടുന്നതാണ് കേന്ദ്ര സംഘം.

 

 

Latest