Connect with us

Kannur

ബ്ലേഡ് മാഫിയക്കെതിരെ കുടുംബശ്രീയും

Published

|

Last Updated

കണ്ണൂര്‍: ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെ ബോധവത്കരണത്തിനായി കുടുംബശ്രീയും രംഗത്തിറങ്ങുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പരിചയസമ്പന്നത കൂടി കണക്കിലെടുത്താണ് കുടുംബശ്രീയെ ബ്ലേഡ് ബോധവത്കരണത്തിന് നിയോഗിച്ചിട്ടുള്ളത്. 40 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയുടെ ഈ രംഗത്തെ ഇടപെടല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷിത പണമിടപാടിനായി കുടുംബശ്രീ കൂട്ടായ്മ എന്ന പേരിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ക്യാമ്പയിനില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ലീഡ് ബേങ്ക് മാനേജര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, എഫ് എല്‍ സി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബേങ്കിംഗ് നടപടിക്രമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സേവനം എന്നിവ ഫലപ്രദമാക്കുന്നതിനെ കുറിച്ചുള്ള ധാരണ ഉറപ്പ് വരുത്തുക, സ്വകാര്യ പണിമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെടുക്കുന്ന വായ്പയുടെ ദോഷഫലങ്ങളെക്കുറിച്ചും ബേങ്കുകള്‍, അയല്‍ക്കൂട്ടങ്ങള്‍, സി ഡി എസുകള്‍ എന്നിവയില്‍ നിന്നുള്ള വായ്പകളുടെ കൃത്യമായ തിരിച്ചടവിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുക തുടങ്ങിയവ ക്യാമ്പയിനിന്റെ ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള ബേങ്കുകളുടെ വിവിധ പദ്ധതികളും ഔപചാരിക ബേങ്കിംഗ് സംവിധാനത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തി സുസ്ഥിര സാമ്പത്തിക സ്ഥിതി കൈവരിക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രേരിപ്പിക്കുക, ഗുണഭോക്താക്കളും ബേങ്കുകളും തമ്മിലുള്ള പരാതി പരിഹാരത്തിനും ബേങ്കുകളും കുടുംബശ്രീയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമുള്ള പശ്ചാത്തലമൊരുക്കല്‍ തുടങ്ങിയവയാണ് ക്യാമ്പയിനിന്റെ മറ്റ് ലക്ഷ്യങ്ങള്‍.
ക്യാമ്പയിനിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും. തുടര്‍ന്ന് സി ഡി എസ് തലത്തില്‍ ബോധവത്കരണം സംഘടിപ്പിക്കും. അടുത്ത മാസം സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരേ ദിവസം ഒരേ സമയം പ്രതിജ്ഞയും ചര്‍ച്ചയും സംഘടിപ്പിക്കും. ബ്ലേഡ് മാഫിയയുടെ പിടിയിലകപ്പെട്ടവരുടെ അനുഭവസാക്ഷ്യവും പരിപാടികളില്‍ ഉള്‍പ്പെടുത്തും.
കുടുംബശ്രീയുടെ ലഘുസമ്പാദ്യ വായ്പാ പ്രവര്‍ത്തനങ്ങള്‍, ബേങ്കിന്റെ സേവനങ്ങള്‍, പോലീസ് സേവനങ്ങള്‍ എന്നിവ ക്യാമ്പയിനുകളില്‍ വിശദമാക്കും. ജനങ്ങളെ ബ്ലേഡിന്റെ കെണിയിലകപ്പെടാതിരിക്കാന്‍ ബോധവത്കരണത്തിലൂടെ സാധ്യമാക്കുകയാണ് കുടുംബശ്രീയുടെ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ജില്ലകളില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.