Connect with us

National

അഴിമതി: എം പിമാര്‍ക്കിതിരെ കേസെടുത്തു

Published

|

Last Updated

ന്യുഡല്‍ഹി: അവധിക്കാല യാത്രാ ഇളവ് (എല്‍ ടി സി) അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യസഭാംഗങ്ങളും മുന്‍ അംഗങ്ങളുമായ ആറ് പേര്‍ക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്യുന്ന പ്രഥമ കേസാണിത്. ഡി ബന്ദോപാധ്യായ (തൃണമൂല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പാഠക് (ബി എസ് പി), ലാല്‍ മിംഗ് ലിയാന (എ പി എഫ്) എന്നീ രാജ്യസഭാംഗങ്ങള്‍ക്കും ജെ പി എന്‍ സിംഗ് (ബി ജെ പി) രേണുബാല (ബി ജെ ഡി), മഹമൂദ് എ മദനി (ആര്‍ എല്‍ ഡി) എന്നീ മുന്‍ എം പി മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ആരോപണവിധേയരായ എം പിമാരടക്കമുള്ളവരുടെ വസതികള്‍, ഓഫീസുകള്‍, ഡല്‍ഹിയിലെയും ഒഡിഷയിലെയും ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ തുടങ്ങി പത്ത് കേന്ദ്രങ്ങളില്‍ സി ബി ഐ തിരച്ചില്‍ നടത്തിയിരുന്നു. വ്യാജ എല്‍ ടി സി രേഖകള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ സര്‍ക്കാറില്‍ നിന്ന് തട്ടിയെടുത്തത്.
എയര്‍ ഇന്ത്യയുടെ വിജിലന്‍സ് വിഭാഗമാണ് എല്‍ ടി സി തട്ടിപ്പ് കണ്ടുപിടിച്ച് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യയുടെ ഉപയോഗിക്കാത്ത അറുനൂറ് ബോര്‍ഡിംഗ് പാസുകളുമായി ഒരാളെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്.
യാത്രാ ഇളവ്