Connect with us

Eranakulam

ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ മോദിവത്കരണം: പ്രഭാത് പട്‌നായിക്ക്‌

Published

|

Last Updated

കൊച്ചി: കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിലൂടെ രാജ്യത്ത് സാമുഹിക പ്രതിവിപ്ലവമാണ് അരങ്ങേറിയിരിക്കുന്നതെന്ന് പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പ്രഭാത് പട്‌നായിക്ക് . സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ “ഇന്ത്യന്‍ജനാധിപത്യത്തിന്റെ ഭാവി” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ പോലും മോദിത്വവത്കരണം ആരംഭിച്ചുവെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം രണ്ടാം യു പി എ സര്‍ക്കാര്‍ ജനപ്രിയപദ്ധതികള്‍ക്കായി പണം നീക്കിവെച്ചതാണെന്ന വിലയിരുത്തലുകള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നടത്തുന്നത് ഈ മോദിത്വവത്കരണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രാജ്യത്തിന്റെ സ്ഥാനത്ത് ഹിന്ദുരാജ്യമെന്ന ആശയവും രാജ്യത്തിനകത്തുള്ള ഒരുവിഭാഗം ആഭ്യന്തര ശത്രുക്കളാണെന്ന തരത്തിലുള്ള പ്രചാരണവും നടത്തുന്നതോടൊപ്പം സമ്പദ്ഘടന നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഭരണത്തിന്റെയോ പരാജയമാണെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയാണ് സാമൂഹിക പ്രതിവിപ്ലവത്തിനുള്ള സാഹചര്യം സൃഷ്ടിച്ചെടുത്തത്. കോര്‍പറേറ്റ് മൂലധനവും കോര്‍പറേറ്റ് മുലധനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നവ ഉദാരീകരണനയങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് പരിഹാരം ഒരു മിശിഹയാണെന്ന തരത്തിലുള്ള പ്രചാരണം സൃഷ്ടിച്ചാണ് കോര്‍പറേറ്റ് മൂലധനം അവര്‍ തന്നെയുണ്ടാക്കിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഈ സങ്കീര്‍ണതകള്‍ക്കിടയിലും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുക ഇടതുപക്ഷത്തിനാണെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കരുത്ത് നേടണമെങ്കില്‍ ഇടതുപക്ഷം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താനും പുന:സൃഷ്ടിക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Latest