Connect with us

Kannur

മേലുദ്യോഗസ്ഥരുടെ മുന്നില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ പോലീസുകാര്‍ വീണ്ടും സര്‍വീസില്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് സഹകരണ സംഘം സൊസൈറ്റി തിരഞ്ഞെടുപ്പിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ 20 പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. 2013 ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. പോലീസ് സഹകരണ സംഘം സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ്, എല്‍ ഡി എഫ്. അനുകൂല വിഭാഗങ്ങള്‍ തമ്മിലുണ്ടായ കൈയാങ്കളിക്കിടെ കണ്ണൂര്‍ ഡി വൈ എസ് പി ആയിരുന്ന പി സുകുമാരനെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പി സുകുമാരന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. സേനക്ക് കടുത്ത മാനഹാനിയുണ്ടാക്കിയെന്ന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഡി ജി പി ബാലസുബ്രഹ്മണ്യം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി കെ എസ് സുദര്‍ശനനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 20 പേരെ അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുല്‍. ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ് പിയുടെ അധികാര പരിധിയിലുള്ള 21 പേര്‍ക്കെതിരെ ആയിരുന്നു നടപടി. ഗ്രേഡ് എസ് ഐ. കെ രാജന്‍, കെ എ പി നാലാം ബറ്റാലിയനിലെ എസ് ഐ രാധാകൃഷ്ണന്‍, എ എസ് ഐ രാജന്‍, പോലീസുകാരായ പ്രമോദ്, നിജേഷ്, ദിനേശന്‍, പ്രജീഷ്, ഷഫീര്‍, ഷിജു, പ്രസാദ്, കൃഷ്ണന്‍, അശോകന്‍, രാജേഷ്, അനീഷ്, പ്രഭാകരന്‍, പ്രകാശ് കുമാര്‍, ഗിരീഷ്, സജീവന്‍, രാജേഷ്, ഗോവിന്ദന്‍, കൃഷ്ണന്‍, രമേശന്‍, പ്രദീപന്‍, റഷീദ്, സഞ്ജയ്, പ്രദീപന്‍, പ്രേമരാജന്‍, നാരായണന്‍ എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍. എന്നാല്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള എസ് ഐ, എ എസ് ഐ തസ്തികയിലുള്ളവരുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നാണ് സൂചന. കുറ്റാരോപിതര്‍ ഇടതു അനുകൂലികളാണ്. സ്ഥാനാര്‍ഥികളും ഏജന്റുമാരുമാണ് ഇവരില്‍ കൂടുതലും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് അനുകൂല സംഘടനയിലെ അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ലെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് ദിവസം മേലുദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചായിരുന്നു ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

---- facebook comment plugin here -----

Latest