Connect with us

International

താലിബാനെതിരായ സൈനിക നീക്കം: പാക് കുടുംബങ്ങള്‍ അഫ്ഗാനിലേക്ക് കുടിയേറുന്നു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായതിനെ തുടര്‍ന്ന് നൂറുകണക്കിന് പാക് കുടുംബങ്ങള്‍ അതിര്‍ത്തി കടന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ആക്രമിച്ചതിനു ശേഷം അഫ്ഗാന്‍ അതിര്‍ത്തിക്ക് തൊട്ടടുത്തുള്ള പടിഞ്ഞാറന്‍ താഴ്‌വരയില്‍ പാക് താലിബാന്‍കാര്‍ക്കെതിരെ പാക് സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. സ്വന്തം രാജ്യത്ത് നിന്ന് നിരന്തര ആക്രമണങ്ങള്‍ കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരാണ് ഇപ്പോള്‍ തിരിച്ചുപോകുന്നത്.
മുന്നൂറോളം പാക് കുടുംബങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതായി കിഴക്കന്‍ അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യാ ഗവര്‍ണറായ ജബ്ബാര്‍ നാഹിമി പറഞ്ഞു. നൂറ് കുടുംബങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തതായും മറ്റുള്ളവര്‍ക്കും ഉടനെ സഹായം നല്‍കുമെന്നും ഇവര്‍ക്ക് പോളിയോ കുത്തിവെപ്പ് നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസത്തിനിടെ ആദ്യമായി കഴിഞ്ഞ ദിവസം വടക്കന്‍ വസീറിസ്ഥാന്‍ മേഖലയില്‍ യു എസ് ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ മലനിരകളിലെ ഒളിസങ്കേതങ്ങളില്‍ നിന്നാണ് താലിബാന്‍കാര്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്നത്. ഈയടുത്ത് അതിര്‍ത്തിയിലെ പാക് സൈനികര്‍ക്ക് നേരെ താലിബാന്‍ നിരന്തര ആക്രമണം നടത്തിയിരുന്നു.
താലിബാന്‍ ഒളിസങ്കേതങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കാന്‍ പാക് സൈന്യം തീരുമാനിച്ചിട്ടുണ്ട്. കറാച്ചി ആക്രമണത്തെ തുടര്‍ന്നാണ് സൈന്യത്തിന്റെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച അര്‍ധ രാത്രിയിലെ ആക്രമണത്തിന് പിന്നാലെ കറാച്ചി വിമാനത്താവളത്തിലെ സുരക്ഷാ ട്രെയിനിംഗ് അക്കാദമിക്ക് നേരെ ചൊവ്വാഴ്ച ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ദി ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാന്‍ (ഇമു) എന്ന സംഘടന രംഗത്തെത്തിയിരുന്നു. അല്‍ഖാഇദ, താലിബാന്‍ തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇമു നേരത്തെ സംഘടിത ആക്രമണം നടത്തിയിരുന്നു. അതേസമയം, ആക്രമണങ്ങള്‍ നടത്തിയതിന് തഹ്‌രീകെ താലിബാനെതിരെയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദവിരുദ്ധ നിയമം അനുസരിച്ച് താലിബാന്റെ മുതിര്‍ന്ന നേതാവ് മുല്ല ഫസലുല്ല അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

---- facebook comment plugin here -----

Latest