Connect with us

International

ഇറാഖിലെ കൂട്ടക്കൊലയില്‍ യു എന്‍ അപലപിച്ചു

Published

|

Last Updated

ജനീവ: ഇറാഖില്‍ നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയ ഇസില്‍ സായുധ സംഘം ്‌നടത്തിയ കൂട്ടക്കൊലയെ എന്‍ മനുഷ്യാവകാശ മേധാവി അപലപിച്ചു. സായുധ സംഘം നിരവധി ഇറാഖി സൈനികരെ പിടികൂടി വധിച്ചെന്ന് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇറാഖില്‍ സംഭവിച്ച നാടകീയമായ വഷളന്‍ വഴിത്തിരിവുകളെ ഹൈക്കമ്മീഷണര്‍ നവി പിള്ള അപലപിക്കുന്നതായി അവരുടെ വക്താവ് റൂപര്‍ട്ട് കോള്‍വില്ലി പറഞ്ഞു. തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളിലും ലക്ഷക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്തതിലും നവി പിള്ള ആശങ്ക രേഖപ്പെടുത്തി.
ഇറാഖില്‍ ഈയടുത്ത ദിവസങ്ങളില്‍ മരിച്ചവരുടെ എണ്ണം നൂറോളം ആയെന്നും പരുക്കേറ്റവരുടെത് ആയിരമായതായും ഇറാഖിലെ യു എന്‍ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. പോരാട്ടത്തില്‍ ഏര്‍പ്പെട്ടവര്‍ അന്താരാഷ്ട്ര നിയമം പാലിക്കണമെന്നും സൈനികര്‍ ആയുധം വെച്ച് കീഴടങ്ങിയിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കണമെന്നും നവി പിള്ള പറഞ്ഞു. എല്ലാ തരത്തിലുള്ള കൊലപാതകങ്ങളും ചിത്രവധവും ക്രൂര പീഡനവും മറ്റും യുദ്ധക്കുറ്റങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസില്‍ പിടിച്ചെടുത്ത മൂസ്വിലില്‍ നാല് സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സൈനികര്‍ക്ക് പുറമെ പോലീസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 17 സാധാരണക്കാരെയും വധിച്ചിട്ടുണ്ട്.
മൂസ്വിലിലെ കോണ്‍സുലേറ്റില്‍ നിന്ന് നിരവധി തുര്‍ക്കി പൗരന്‍മാരെയും ഇറാഖി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന 16 ജോര്‍ജിയക്കാരെയും ഇസില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.