Connect with us

International

വിമതരില്‍ നിന്ന് തുറമുഖ നഗരം ഉക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചു

Published

|

Last Updated

കീവ്: റഷ്യന്‍ അനുകൂല വിമതരുമായി ഉക്രൈന്‍ സൈന്യം നടത്തിയ കനത്ത ഏറ്റുമുട്ടലിനൊടുവില്‍ തുറമുഖ നഗരമായ മരിയോപോള്‍ തിരിച്ചുപിടിച്ചു. വിമതരുടെ ശക്തികേന്ദ്രമായ നഗരം സുരക്ഷാ സൈന്യം പിടിച്ചെടുത്തുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രി ആര്‍സിനി അവകോവ് പറഞ്ഞു. ഏറ്റുമുട്ടലില്‍ അഞ്ച് റഷ്യന്‍ അനുകൂല വിമതര്‍ കൊല്ലപ്പെടുകയും നാല് സര്‍ക്കാര്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
തങ്ങളുടെ കൈവശം ഇനി മൂന്ന് യുദ്ധ ടാങ്കുകള്‍ മാത്രമേയുള്ളൂവെന്ന് മേഖലയിലെ വിമതര്‍ സ്ഥിരീകരിച്ചു. ഡോണറ്റ്‌സ്‌ക മേഖലയില്‍ യുദ്ധ ടാങ്കുകള്‍ കണ്ടത് ഉക്രൈനും റഷ്യയുമായി കലഹത്തിന് കാരണമായിരുന്നു. റഷ്യയില്‍ നിന്നാണ് ടാങ്കുകളെത്തിയതെന്ന ഉക്രൈനിന്റെ ആരോപണം റഷ്യ നിഷേധിച്ചിരുന്നു.
അതേസമയം വിമതര്‍ നഗരം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചേക്കുമെന്ന സൂചനകളുമുണ്ട്. ഡോണറ്റ്‌സ്‌കിലും തൊട്ടടുത്ത മേഖലയായ ലുഹാന്‍സ്‌കിലും നൂറു കണക്കിന് പോരാളികളും സാധാരണക്കാരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് മേഖലകള്‍ രക്തക്കളമായത്. സ്വാതന്ത്ര്യ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് കീവ് വ്യക്തമാക്കിയിട്ടുണ്ട്.
ഉക്രൈനിന്റെ അഞ്ചാമത്തെ സോവിയറ്റാനന്തര പ്രസിഡന്റായി പെട്രോ പ്രോഷങ്കോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം വിമതര്‍ക്കെതിരെ കനത്ത പോരാട്ടമാണ് നടത്തുന്നത്. റഷ്യയുമായുള്ള ബന്ധത്തിലെ പ്രതിസന്ധിയുടെയും കിഴക്കന്‍ മേഖലയിലെ വിഘടനവാദ സമീപനങ്ങളുടെയും പശ്ചാത്തലത്തില്‍ ഭാരിച്ച ഉത്തരവാദിത്വമാണ് പ്രോഷങ്കോക്കുള്ളത്. കോടിപതിയായ 48കാരന്‍ പ്രോഷങ്കോ മെയ് 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 54.7 ശതമാനം വോട്ടാണ് നേടിയത്. ഉക്രൈനിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമാണ് താന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതെന്ന് സ്ഥാനമേറ്റ ശേഷം പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രോഷങ്കോ പറഞ്ഞിരുന്നു. വിമത പ്രവര്‍ത്തനങ്ങള്‍ സജീവമായ ഡോണ്‍ബാസ്സ് മേഖലയില്‍ റഷ്യന്‍ ഭാഷ സ്വതന്ത്രമായി ഉപയോഗിക്കുന്നതടക്കമുള്ള സ്വയംഭരണ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യൂറോപ്യന്‍ അനുകൂല സമീപനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ക്രിമിയന്‍ ഉപദ്വീപിന്റെ കാര്യത്തില്‍ റഷ്യയുമായി വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയ ഉക്രൈനിന്റെ ഭാഗമാണ്. അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനെ അറിയിച്ചിട്ടുണ്ടെന്നും പ്രേഷങ്കോ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ അടക്കമുള്ള ലോക നേതാക്കള്‍ പങ്കെടുത്തിരുന്നു.

---- facebook comment plugin here -----

Latest