Connect with us

Gulf

ദുബൈ നഗരസഭ വേനല്‍ സുരക്ഷാ ക്യാമ്പയിന്‍ തുടങ്ങി

Published

|

Last Updated

ദുബൈ: വേനല്‍കാലത്തെ സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നഗരസഭ നടത്തുന്ന സമ്മര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. “നിര്‍ജലീകരണം തടയൂ, തളര്‍ച്ച ഒഴിവാക്കൂ.” എന്ന സന്ദേശമുയര്‍ത്തിയാണ് മൂന്നു മാസം നീളുന്ന ക്യാമ്പയിന്‍ ആചരിക്കുന്നത്.
നഗരസഭ പ്രധാന കെട്ടിടത്തിലെ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. സാലം ബിന്‍ മെസ്മര്‍, പൊതു ആരോഗ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
പൊതു-സ്വകാര്യ ഇടങ്ങളില്‍ വേനല്‍ക്കാലത്ത് ചൂടുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക ലക്ഷ്യമാക്കിയാണ് വേനല്‍കാലം അവസാനിക്കുന്നതുവരെയുള്ള ക്യാമ്പയിന്‍ രൂപവത്കരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഏഴ് വര്‍ഷമായി നഗരസഭ വേനല്‍ക്കാലത്ത് ഈ ക്യാമ്പയിന്‍ നടത്തിവരുന്നുണ്ട്.
ആഗോള താപനം എല്ലാ വര്‍ഷവും വര്‍ധിച്ചു വരികയാണെന്നും അതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച് എഞ്ചി. മര്‍വാന്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്തത് കാരണം നിരവധി പേര്‍ മരിക്കാനും അസുഖം ബാധിക്കാനും ഇടയാവുന്നു. അദ്ദേഹം പറഞ്ഞു.
നഗരസഭ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതു-സ്വാകാര്യ സംരംഭങ്ങളുടെ സഹകരണം അത്യാവശ്യമാണ്. അതികഠിനമായ ചൂടില്‍ ശരീരത്തില്‍ ജലാംശം കുറയുന്നത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മരണം വരെ സംഭവിച്ചേക്കാവുന്ന ഇതില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാവണമെന്ന് എഞ്ചി. റായിദ് മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു. ധാരാളം വെള്ളം കുടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.