Connect with us

Gulf

ദുബൈ ട്രാം; പരീക്ഷണ ഓട്ടം ജൂലൈയില്‍ ആരംഭിക്കും

Published

|

Last Updated

ദുബൈ: നഗരത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ദുബൈ ട്രാമിന്റെ പരീക്ഷണ ഓട്ടം അടുത്ത മാസം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മൂന്നു മാസമാണ് ട്രാം തുടര്‍ച്ചയായി പരീക്ഷണ ഓട്ടം നടത്തുക. മുമ്പ് ഒന്ന് രണ്ട് തവണ ചെറിയ തോതില്‍ പരീക്ഷണ ഓട്ടം നടന്നിരുന്നു. നവംബര്‍ മുതലാണ് ട്രാം റെഗുലര്‍ സര്‍വീസ് ആരംഭിക്കുകയെന്ന് ആര്‍ ടി എ. സി ഇ ഒ മൈസ ബിന്‍ത് അദിയ്യ് വ്യക്തമാക്കി.
ട്രാമുമായി ബന്ധപ്പെട്ട റോഡിലെ ജോലികള്‍ ജൂലൈ രണ്ടാം വാരത്തില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമഗ്രമായ പഠനത്തിന് ശേഷമായിരിക്കും ട്രാമുമായി ബന്ധപ്പെട്ട് എവിടെയെല്ലാം ഗതാഗതം തിരിച്ചുവിടണമെന്ന് തീരുമാനിക്കുക. ഇത് പൂര്‍ത്തിയായാല്‍ ഗതാഗതം തടസ്സപ്പെടുന്നതിന്റെ ആഘാതം പരമാവധി കുറക്കാന്‍ കഴിയും. ഏതെല്ലാം റോഡുകളില്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകുമെന്ന് മാധ്യമങ്ങളിലൂടെ അറിയിക്കും. തടസപ്പെട്ട റോഡുകള്‍ക്ക് പകരം ഏത് റൂട്ടുകളിലൂടെയെല്ലാം യാത്ര തുടരാന്‍ സാധിക്കുമെന്നും വിവരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും.
ദുബൈ പോലീസുമായി സഹകരിച്ചാവും ട്രാഫിക് പരിഷ്‌കരണം ഉള്‍പ്പെടെയുള്ളവ ആര്‍ ടി എ നടപ്പാക്കുക. ഏത് സാഹചര്യവും നേരിടാന്‍ ദുബൈ പോലീസ് ആര്‍ ടി എക്കൊപ്പമുണ്ടാവും.
ട്രാം പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ ഏറെക്കുറെ അവസാനിച്ചിരിക്കയാണ്. ട്രാഫിക് സിഗ്നലുകള്‍ പൂര്‍ത്തിയാക്കുക, റോഡില്‍ ട്രാമിന്റെ ചിഹ്നം ഉള്‍പ്പെടെയുള്ളവ അടയാളപ്പെടുത്തുക തുടങ്ങിയ ജോലികളാണ് അവശേഷിക്കുന്നത്. അവയെല്ലാം വരുന്ന ആഴ്ചകളില്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ പറഞ്ഞു.
11 സ്റ്റോപ്പുകളിലാവും ട്രാമുകള്‍ നിര്‍ത്തുകയെന്ന് റെയില്‍ ഏജന്‍സി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി വെളിപ്പെടുത്തി. പുക രഹിതമായും തിക്കും തിരക്കും ഒഴിവാക്കിയുമാവും ട്രാം സഞ്ചരിക്കുക. വേഗതയും കൃത്യതയും വിശ്വാസ്യതയും ട്രാം സര്‍വീസില്‍ ആര്‍ ടി എ ഉറപ്പാക്കും.
ഡൗണ്‍ടൗണ്‍ ദുബൈക്കൊപ്പം ട്രാം പാതയിലെ ബിസിനസ് കേന്ദ്രങ്ങളെല്ലാം തിരക്കില്‍ നിന്നും രക്ഷപ്പെട്ട് നില്‍ക്കുന്നത് ട്രാം സര്‍വീസിന് അനുഗ്രഹമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ മറീന, ജുമൈറ ബീച്ച് റെസിഡന്‍സ്, ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി, നോളജ് വില്ലേജ് തുടങ്ങിയവയെ ബന്ധിപ്പിച്ചാവും ട്രാമിന്റെ സഞ്ചാരം. ഇരു ദിശയിലും ഒരേസമയം ആറു മിനുട്ട് ഇടവേളകളില്‍ സര്‍വീസുണ്ടാകും.
ദുബൈ മെട്രോയുടെ ചുവന്ന പാതയുമായും ട്രാമിനെ ബന്ധിപ്പിക്കുന്നതിനാല്‍ ട്രാമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മെട്രോയിലേക്കും തിരിച്ചും യാത്ര തുടരാന്‍ സാധിക്കും. നഗരത്തിന്റെ മുഖ്യ പാര്‍പ്പിട കേന്ദ്രങ്ങളിലൂടെയും വിനോദ സഞ്ചാര മേഖലയിലൂടെയും ബിസിനസ് കേന്ദ്രങ്ങളിലൂടെയും കടന്നുപോകുന്നതിനാല്‍ നഗരത്തിന്റെ വികസന ചരിത്രത്തിലും ട്രാം സര്‍വീസ് നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Latest