Connect with us

Wayanad

ബ്രസീലില്‍ കളിവിളക്കു തെളിഞ്ഞു; നാടും നഗരവും ആവേശത്തിമര്‍പ്പില്‍

Published

|

Last Updated

കല്‍പ്പറ്റ: അലകടലിനക്കരെ ബ്രസീലിന്റെ ഒരു ഡസന്‍ വേദികളില്‍ കളിവിളക്കു തെളിഞ്ഞു. ഫുട്ബാള്‍ ആവേശത്തിന് വളക്കൂറുള്ള വയനാടന്‍ മണ്ണില്‍ ലോകകപ്പ് ജ്വരം. ഇന്നലെ കളിയുടെ വരവറിയിച്ച് നാടും നഗരവും കണ്‍തുറന്നു.
മലബാറിലെ മറ്റേതിടവും പോലെ ജില്ലയിലും ഭൂരിഭാഗം ആരാധകരെയും അര്‍ജന്റീനയും ബ്രസീലും പകുത്തെടുക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഫഌക്‌സ്‌ബോര്‍ഡുകള്‍ നാട്ടിന്‍പുറങ്ങളില്‍വരെ വ്യാപകമായി. അരപ്പറ്റയും മുണ്ടേരിയും മീനങ്ങാടിയും അമ്പലവയലും ചീരാലും അടക്കമുള്ള ഫുട്ബാള്‍ ഗ്രാമങ്ങള്‍ക്കു പുറമെ നാടുനീളെ മുഴുവര്‍ണ ഫഌക്‌സ് ബോര്‍ഡുകളുടെ മേളമാണിപ്പോള്‍. വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ പെയ്ന്റടിച്ചും സ്റ്റിക്കറൊട്ടിച്ചും ആവേശം നിരത്തിലിറങ്ങുന്നു.
ആവേശം മൂര്‍ധന്യത്തിലെത്തിച്ച് കല്‍പറ്റ നഗരത്തില്‍ ഇന്നലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തി. വൈകീട്ട് നാലിന് ഗവ. ആശുപത്രി പരിസരത്തുനിന്നാരംഭിച്ച യാത്രയില്‍ വിവിധ ക്ലബുകളും ഫാന്‍സ് അസോസിയേഷനുകളും അണിനിരന്നു. ബൈക്കുകളിലും ഓട്ടോകളിലും വിവിധ ഫാന്‍സ് അസോസിയേഷനുകളിലുള്ളവര്‍ ആ വേശ ത്തോടെയാണ് പങ്കെടുത്തത്.
കല്‍പ്പറ്റ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബ്രസീലെന്നും അര്‍ജന്റീനയെന്നുമുള്ള രണ്ടു “യൂനിയന്‍” ആണിപ്പോള്‍. മിക്ക ഓട്ടോകളിലും നീലയും വെള്ളയും അല്ലെങ്കില്‍ മഞ്ഞയും പച്ചയും റിബണുകള്‍ പാറിക്കളിക്കുന്നു.
അനന്തവീര തിയറ്ററിനു മുന്നില്‍ ബ്രസീലിയന്‍ പ്രതീക്ഷകളുടെ ശവമടക്ക് നടത്തുമെന്ന് അര്‍ജന്റീന ആരാധകള്‍ ദിവസങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡിന് മറുപടിയായി അതിലും വലിയതൊന്ന് കഴിഞ്ഞ ദിവസം പ്രതിഷ്ഠിച്ചാണ് മഞ്ഞക്കുപ്പായക്കാര്‍ രംഗത്തെത്തിയത്.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും മുമ്പേ കപ്പടിച്ച പ്രതീതിയിലാണ് ബ്രസീല്‍ ഫാന്‍സിന്റെ പരസ്യ ബോര്‍ഡുകള്‍. പുലിമടയിലേക്ക് വരേണ്ടതില്ലെന്നാണ് മുഖ്യവാചകം. അര്‍ജന്റീനയെ പരിഹസിക്കുന്നതും നെയ്മറിനെ വാഴ്ത്തുന്നതുമാണ് വാചകങ്ങളിലേറെയും.
ബ്രസീലിനെ നേരിടാന്‍ അര മെസ്സി മതിയെന്നാണ് അര്‍ജന്റീന ഫാന്‍സ് ഒരുക്കിയ ഫഌക്‌സ് ബോര്‍ഡുകളിലെ മറുപടി. ബ്രസീല്‍ അഹങ്കാരികളാണെന്നും അവര്‍ ആക്ഷേപിക്കുന്നു. കപ്പടിക്കുന്നത് അഹങ്കാരമാണെങ്കില്‍ തങ്ങള്‍ അഹങ്കാരികള്‍തന്നെയെന്ന് ബ്രസീലുകാരുടെ മറുപടി. ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ ഇംഗഌണ്ടിനാണ് ആരാധകരേറെ. കല്‍പറ്റയിലെ ഇംഗഌണ്ട് ആരാധകര്‍ പ്രൊജക്ടറും സ്‌ക്രീനുമൊക്കെയായി ബിഗ് സ്‌ക്രീനില്‍ കളി ആസ്വാദിക്കാനുള്ള തയാറെടുപ്പിലാണ്. പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ലോകകപ്പ് ഇത്തവണ ജര്‍മനിക്കെന്നാണ് ജര്‍മന്‍ ആരാധകരുടെ അവകാശവാദം. ഫ്രാന്‍സും പോര്‍ചുഗലും ഇറ്റലിയുമെല്ലാം വയനാട്ടില്‍ ആരാധകരുള്ള ടീമുകളാണ്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞാലും അന്നും ഇന്നും ഫൈസല്‍ ബ്രസീലിന്റെ ആരാധകന്‍ തന്നെ.
നെയ്മറാണ് ഇത്തവണത്തെ ഹീറോ. ഫൈസലിനെ പിന്തുണച്ച് ഭാര്യ ബബിതയും ഒന്നാം ക്ലാസുകാരന്‍ മുഹമ്മദ് സനദും മൂന്നു വയസ്സുകാരനായ മുഹമ്മദ് ഐനാസുമുണ്ട്.
സ്‌പോര്‍ട്‌സ് വിപണിയും ഏറെ സജീവമായിരുന്നു. പതാകകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നു. പുതിയ രീതിയിലുള്ള തൊപ്പികളും ആരാധകരെ ലക്ഷ്യമിട്ട് മാര്‍ക്കറ്റിലുണ്ട്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ പേരിലുള്ള ജഴ്‌സികള്‍ക്കാണ് ആവശ്യക്കാരേറെ. ബ്രസൂക്ക മോഡല്‍ പന്തുകള്‍ വിപണിയിലുണ്ട്. താരങ്ങളുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്. പന്തുരുളുന്നതിന് മുമ്പുതന്നെ നാടന്‍ വാതുവെപ്പുകളും മുറുകിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി: ബ്രസീല്‍തന്നെ കപ്പടിക്കുമെന്നതില്‍ ചുള്ളിയോട് കേളോത്ത് പറമ്പില്‍ ഫൈസലിന് തെല്ലും സംശയമില്ല. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കണ്‍മുന്നിലെത്തിനില്‍ക്കേ ആവേശത്തിമിര്‍പ്പിലാണ് ഈ ബ്രസീല്‍ ആരാധകനും കുടുംബവും. ബ്രസീലിന്റെ ജഴ്‌സിയണിയുക മാത്രമല്ല, സഞ്ചരിക്കുന്ന ബജാജ് 150 പള്‍സര്‍ ബൈക്കും സ്റ്റിക്കറൊട്ടിച്ച് ബ്രസീല്‍ ടീം മയമാക്കി. കഴിഞ്ഞ തവണ തന്റെ മാരുതി കാര്‍ സ്റ്റിക്കര്‍ പതിച്ച് ബ്രസീല്‍ മയമാക്കിയിരുന്നു.

Latest