Connect with us

Kozhikode

പത്ത് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published

|

Last Updated

വടകര: പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കടമേരി വെള്ളിലാട്ട് മജീദിനെ(50)യാണ് വടകര എ എസ് പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജ്വല്ലറി ഉടമയായ സേട്ടുവാണ് വില്യാപ്പള്ളി സ്വദേശിയായ ഹോമിയോ മജീദിന് നല്‍കാന്‍ പണം നല്‍കിയതെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കി. ഇയാള്‍ കരിയര്‍ ഏജന്റ് മാത്രമാണ്. തലശ്ശേരിയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറി അടക്കാതെരു ജംഗ്ഷനിലിറങ്ങി വില്യാപ്പള്ളിയിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
തുണിസഞ്ചിയില്‍ പ്രത്യേക അറകളുണ്ടാക്കി അരയില്‍ കെട്ടിയാണ് പണം സൂക്ഷിച്ചിരുന്നത്. ഹോമിയോ മജീദിന് പണമെത്തിച്ച് അവിടെ നിന്ന് ലോക്കല്‍ ഏജന്റുമാര്‍ വഴിയാണ് ലിസ്റ്റ് പ്രകാരം പണം വിതരണം ചെയ്യുന്നത്. ഇങ്ങനെ പണം നല്‍കേണ്ടവരുടെ ലിസ്റ്റും പോലീസ് പിടിച്ചെടുത്തു. മാസത്തില്‍ 30 കോടി രൂപയോളം അനധികൃതമായി വില്യാപ്പള്ളിയില്‍ എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ വിദേശികള്‍ കള്ളപ്പണം വെളുപ്പിക്കാനാണ് ഏജന്റുമാരെ വെച്ച് വിദേശ മലയാളികള്‍ക്ക് പണമെത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വില്യാപ്പള്ളി കേന്ദ്രീകരിച്ച് നാല് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ വില്യാപ്പള്ളിയില്‍ നിന്ന് മാത്രം 82 ലക്ഷം രൂപ വടകര പോലീസ് പിടിച്ചെടുത്തതായും എ എസ് പി പറഞ്ഞു. പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.