Connect with us

Kozhikode

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ജില്ലയില്‍ 22ന് തുടക്കം

Published

|

Last Updated

കോഴിക്കോട്: രണ്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് വിവിധ പരിപാടികളോടെ 22ന് ജില്ലയില്‍ തുടക്കം കുറിക്കും. ഈ മാസവും അടുത്ത മാസവുമായി നടത്തുന്ന ഫെസ്റ്റിവലിനോടുബന്ധിച്ച് രണ്ടാമത് കയാക്കിംഗ് ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പും വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗും സംഘടിപ്പിക്കുമെന്ന് കലക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കേരള കയാക്കിംഗ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മദ്രാസ് ഫണ്‍ ടൂണ്‍സിന്റെ സഹകരണത്തോടെയാണ് തുഷാരഗിരിയില്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മുപ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഫെസ്റ്റിവലിനായി പത്ത് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. ചാലിയാറിന്റെ ഉപനദികളായ ചാലിപ്പുഴ, ഇലവഞ്ഞിപ്പുഴ എന്നിവിടങ്ങളില്‍ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും സമാപനവും ചാലിപ്പുഴയിലെ പുലിക്കയത്താണ് നടക്കുക.
“മഴ മഹോത്സവം ജലോത്സവം” എന്ന പേരില്‍ മണ്‍സൂണ്‍ കാലഘട്ടത്തില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഒരേയൊരു വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിയിക്കും. പായക്കപ്പലില്‍ ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനായ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ചടങ്ങില്‍ ആദരിക്കും. അടുത്ത മാസം 25, 26, 27 തീയതികളില്‍ നടക്കുന്ന കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യനായ ന്യൂസിലന്‍ഡിന്റെ സാം സട്ടണ്‍, യു എസ് എ, ബ്രിട്ടണ്‍, ഇറ്റലി, ചൈന, സ്‌കോട്ട്‌ലാന്റ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള കയാക്കിംഗ് താരങ്ങള്‍ പങ്കെടുക്കും. കയാക്ക് സ്പ്രിന്റ് (വ്യക്തിഗതം), ബോട്ടര്‍ ക്രോസ് (നാല് അത്‌ലറ്റുകള്‍ ഒരേസമയം പങ്കെടുക്കുന്ന ഗ്രൂപ്പ് കയാക്കിംഗ് റേസ്), ഫ്രീസ്റ്റൈല്‍ കോമ്പിനേഷന്‍, മാസ് ബോട്ടര്‍ ക്രോസ് (60 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മാരത്തണ്‍) എന്നീ നാല് ഇനങ്ങളിലായാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. വിവിധ ശ്രേണികളിലായി അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിജയികള്‍ക്ക് സമ്മാനിക്കും.
മലബാര്‍ റാഫ്റ്റിംഗിന്റെ ഉദ്ഘാടനം ഈ മാസം 22ന് രാവിലെ 11ന് കോടഞ്ചേരിയില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ലഹിക്കും. ചാലിപ്പുഴയില്‍ പറപ്പറ്റ പാറമല മുതല്‍ പൂത്തല്‍കണ്ടന്‍ കടവ് വരെയും ഇരുവഞ്ഞിപ്പുഴയില്‍ അരിപ്പാറ മുതല്‍ തമ്പലമണ്ണ വരെയുമാണ് വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത്തവണ സെപ്തംബര്‍ 15 വരെ നടത്താനുദ്ദേശിക്കുന്ന വാട്ടര്‍ റാഫ്റ്റിംഗ് അടുത്ത വര്‍ഷം മുതല്‍ എല്ലാ മണ്‍സൂണ്‍ സീസണിലും നടത്താനാണ് ഡി ടി പി സി ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം മുതല്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി എട്ട് കിലോമീറ്റര്‍ വാട്ടര്‍ റാഫ്റ്റിംഗിനുള്ള സൗകര്യം ഒരുക്കും. നിലവില്‍ ഇന്ത്യയില്‍ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മാത്രമാണ് വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് നടത്താറുള്ളത്.
കോടഞ്ചേരി, തിരുവമ്പാടി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി സി മോയിന്‍കുട്ടി എം എല്‍ എയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആന്റണി നീര്‍വേലി, കണ്‍വീനര്‍ വി ഡി ജോസഫ്, വൈസ് ചെയര്‍മാന്‍ ആനി ജോണ്‍, ഡി ടി പി സി സെക്രട്ടറി പി ജി രാജീവ്, ഡി ടി പി സി മെമ്പര്‍ വിജയന്‍, പി ജി ശിവന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇ കെ വിജയന്‍ സംബന്ധിച്ചു.