Connect with us

Malappuram

അനാഥാലയം വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

Published

|

Last Updated

തിരൂര്‍: വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ അനാഥാലയത്തിലെ ആദിവാസി വിദ്യാര്‍ഥികളെ ബസ് സ്റ്റോപ്പില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു. ഇവരെ പിന്നീട് പോലീസെത്തി കൊണ്ടുപോയി. തൃപ്രങ്ങോട് പരപ്പേരിയിലെ സി എസ് ഐ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ നിന്ന് ഇന്നലെ രാവിലെ ആരുമറിയാതെ ഓടിപ്പോയ എട്ട് കുട്ടികളെയാണ് സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞത്. ഇവരെല്ലാം മണ്ണാര്‍ക്കാട് സ്വദേശികളായ ആദിവാസിക്കുട്ടികളാണെന്ന് പോലീസ് അറിയിച്ചു. അനാഥാലയത്തിലെ ജീവിത രീതിയോട് പൊരുത്തപ്പെടാനാകാതെയും സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗും മൂലാണ് തങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് ഇറങ്ങാന്‍ കാരണമെന്ന് കുട്ടികള്‍ അറിയിച്ചു. ഐസ്‌ക്രീമും മറ്റു സൗകര്യങ്ങളും നല്‍കാമെന്നറിയിച്ചാണ് തങ്ങളെ കൊണ്ടുവന്നതെന്നും സ്ഥാപനത്തിലെ ജീവിതം മടുത്തെന്നും ഇനി കുടുംബത്തോടൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഈ വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ എത്തിയത്. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി ആനക്കണ്ണം ഇരുമ്പന്‍ചോല കോളനിയിലെ വിശാല്‍, വിനീത്, രാജേഷ്, ശരത്, രാഗേഷ്, സനൂപ്, സുരേഷ്, വിഷ്ണു എന്നീ കുട്ടികളാണ് സ്ഥാപനത്തില്‍ നിന്ന് ഓടിപ്പോയ സംഘത്തില്‍ ഉള്ളത്. ഇവരെല്ലാം പരപ്പേരി ബി ഇ എം യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇവരുടെ കൂടെയെത്തിയ മൂന്ന് കുട്ടികള്‍ ഇപ്പോഴും സ്ഥാപനത്തിലുണ്ട്. അനാഥാലയത്തില്‍ നിന്നും നാലു കിലോമീറ്ററോളം ദൂരെയുള്ള കോടക്കല്‍ ബസ് സ്‌റ്റോപ്പില്‍ ഇവരെ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസ് എത്തി കുട്ടികളെ തിരൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. അതേസമയം കുട്ടികളെ രക്ഷിതാക്കള്‍ തന്നെയാണ് ഇവിടെ എത്തിച്ചതെന്നും പ്രലോഭനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അനാഥാലയ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest