Connect with us

National

അയല്‍വാസികളുടെ പരാതി: എ എ പിയുടെ ഒരു രൂപ വാടകയുള്ള ഡല്‍ഹി ഓഫീസ് മാറ്റുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഹനുമാന്‍ റോഡിലെ ഡല്‍ഹി ഓഫീസ് മാറ്റുന്നു. ഒരു പ്രവാസി വാടകയായി പ്രതിമാസം ഒരു രൂപ മാത്രം വാങ്ങുന്ന രണ്ട് നില കെട്ടിടത്തിലുള്ള ഓഫീസാണ് ഡല്‍ഹിയിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. ശബ്ദവും അലോസരങ്ങളും ഉണ്ടാകുന്നുവെന്നാണ് അയല്‍വാസികളുടെ പരാതി. മധ്യ ഡല്‍ഹിയിലെ ഏതെങ്കിലുമൊരു സ്ഥലത്ത് ഓഫീസ് ലഭിക്കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആഗ്രഹം. രാജേന്ദ്ര നഗറില്‍ ഒരു കെട്ടിടം കണ്ടുവെച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കൗശുംബിയിലാണ്. ഈ ഓഫീസ് ഡല്‍ഹി ഓഫീസുമായി സംയോജിപ്പിക്കാനും പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ട്. ഡല്‍ഹിയില്‍ പാര്‍ട്ടി ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് എ എ പി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ല.
2013ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു. എന്നാല്‍ 48 ദിവസത്തെ ഭരണത്തിന് ശേഷം മുഖ്യമന്ത്രി കെജ്‌രിവാള്‍ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 440 സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. പഞ്ചാബില്‍ നിന്ന് നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ജയിച്ചു കയറാനായത്. കനത്ത ആഘാതം ഏറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ഘടന ഉടച്ചു വാര്‍ക്കാന്‍ എ എ പി തീരുമാമിച്ചിട്ടുണ്ട്.