Connect with us

National

ടി കെ എ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഉപദേശകന്‍ ടി കെ എ നായര്‍, കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗിന്റെ ഭാര്യ സരോജ് കുമാരി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ച ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് ബംഗ്ലാവില്‍ കഴിയാനുള്ള കാലാവധി മുന്‍ സര്‍ക്കാര്‍ നീട്ടിനല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് നിയമ വിരുദ്ധമാണെന്നും ഒഴിപ്പിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്നും നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
മുന്‍ സര്‍ക്കാറിലെ ക്യാബിനറ്റ് അക്കമഡേഷന്‍ കമ്മിറ്റിയാണ് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, മുന്‍ യു ഐ ഡി ചെയര്‍മാന്‍ നന്ദന്‍ നിലേകനി, ടി കെ എ നായര്‍, അര്‍ജുന്‍ സിംഗിന്റെ ഭാര്യ സരോജ് കുമാരി എന്നിവര്‍ക്ക് ബംഗ്ലാവില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കിയത്.
അതേസമയം മുന്‍ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ബംഗ്ലാവുകള്‍ ഒഴിയണമെന്ന് നായിഡു നിര്‍ദേശിച്ചു. ഇത് പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് നല്‍കും. മന്ത്രിസഭ മാറിയിട്ടും ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ പ്രയാസം അവര്‍ക്ക് മനസ്സിലാകും. ബംഗ്ലാവുകള്‍ അനുവദിക്കുമ്പോള്‍ സീനിയോറിറ്റി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

Latest