Connect with us

National

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗോവന്‍ മന്ത്രിമാര്‍ക്ക് ലോകകപ്പ് ഭ്രമം, ബ്രസീല്‍ യാത്രക്ക് പൊടിക്കുന്നത് 89 ലക്ഷം

Published

|

Last Updated

പനാജി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരും ഭരണകക്ഷി എം എല്‍ എ മാരും ലോകകപ്പ് മത്സരം കാണാന്‍ ബ്രസീലില്‍ പോകുന്നതിനെതിരെ ബി ജെ പി ഭരിക്കുന്ന ഗോവയില്‍ വിവാദം. പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്ന നടപടിയാണിതെന്ന വിമര്‍ശവുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തി. 89 ലക്ഷം രൂപ മുടക്കിയാണ് സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരും മൂന്ന് ബി ജെ പി എം എല്‍എമാരും ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ബ്രസീലിലേക്ക് തിരിക്കുന്നത്.
സ്‌പോര്‍ട്‌സ് മന്ത്രി രമേശ് തവാദ്കര്‍, ഫിഷറീസ് മന്ത്രി അവര്‍ടാനോ ഫുര്‍ത്താദോ, വൈദ്യുതി മന്ത്രി മിലിന്ത് നായിക്ക് എന്നിവര്‍ക്ക് പുറമെ കാര്‍ലോസ് അല്‍മേഡ, ഗ്ലെന്‍ ടിക്‌ളോ, ബെഞ്ചമിന്‍ സില്‍വ എന്നീ എം എല്‍ എമാരാണ് സംഘത്തിലുള്ളത്.
എന്നാല്‍ ഗോവയിലെ പ്രമുഖ ഫുട്‌ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ബ്രൂണോ കുടിനോ സര്‍ക്കാര്‍ സംഘത്തിന്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. സംഘത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവയുടെ ജോയിന്റ് ഡയരക്ടറായ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാനം ഒഴിവാക്കുകയായിരുന്നു. “ആദ്യ ലിസ്റ്റില്‍ എന്റെ പേരുണ്ടായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് മന്ത്രി പരിശോധിച്ച ശേഷം എന്റെ പേര് ഒഴിവാക്കി. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാനൊരു ഫുട്‌ബോള്‍ കളിക്കാരനാണ്. ഞാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടനാണ്” കുടിനോ വൈകാരികമായി പ്രതികരിച്ചു.
പൊതുഫണ്ട് ദുര്‍വ്യയം ചെയ്യില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് കടകവിരുദ്ധമായ നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്ത് പറഞ്ഞു. അദ്ദേഹം പറയുന്നത് ഒന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന ഗോവയിലെ സര്‍ക്കാര്‍ ചെയ്യുന്നത് മറ്റൊന്നുമാണെന്ന് കാമത്ത് ആരോപിച്ചു. ഫുട്‌ബോള്‍ താരങ്ങളെയും സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥരെയും ഇത്തരത്തിലുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു- അദ്ദേഹം പറഞ്ഞു.
പൊതുഖജനാവില്‍ നിന്നുള്ള തുക മുടക്കി ഫുട്‌ബോള്‍ കാണാന്‍ പോകുന്ന നടപടിയെ ആം ആദ്മി പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചു. ബി ജെ പിയുടെ ഈ മുഖ്യമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ചത് തങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്ന് പാര്‍ട്ടി നേതാവ് വാത്മീകി നായിക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ വിമാര്‍ശിച്ചു. അതേസമയം സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി ജെ പി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൊതുഫണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതാണെന്ന് സംഘത്തിലുള്ള എം എല്‍ എ ബെഞ്ചമിന്‍ സില്‍വ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. മുഖ്യമന്ത്രി തങ്ങളോട് നിര്‍ദേശിച്ചു. തങ്ങളത് ചെയ്തുവെന്ന് എം എല്‍ എപറഞ്ഞു. ഖനന നിരോധത്തെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമൂഖീകരിക്കുമ്പോഴാണ് വന്‍തുക ചെലവിട്ട് ആറ് പേരെ ബ്രസീലിലേക്കയക്കുന്നത്. മാസങ്ങള്‍ മുമ്പ് നിരോധം നീക്കിയെങ്കിലും ഖനനം സാധാരണ നിലയിലേക്കെത്തുന്നതേ ഉള്ളൂ.

Latest