Connect with us

International

ബഗ്ദാദ് ലക്ഷ്യമാക്കി തീവ്രവാദികള്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കി കുര്‍ദ് സൈന്യം വടക്കന്‍ എണ്ണ സമ്പന്ന നഗരമായ കിര്‍കൂകിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതേസമയം, ഇസില്‍ തീവ്രവാദ ഗ്രൂപ്പ് ബഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിയത് ഇറാഖിന്റെ ഭാവിക്ക് തന്നെ ഭീഷണിയാണ്. തിക്‌രീത്തിന്റ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. മൂസ്വിലില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നത്.
ശക്തി ക്ഷയിച്ച് കൊണ്ടിരിക്കുന്ന സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഇസില്‍ ആക്രമണം നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകളാണ് ഇസില്‍ പിടിച്ചെടുത്തത്. മൂസ്വിലില്‍ തീവ്രവാദികള്‍ക്ക് നേരെ സൈന്യം മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യം ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. ബഗ്ദാദ് ലക്ഷ്യമാക്കിയ തീവ്രവാദികളെ നേരിടാന്‍ ശിയാ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. 2006- 07ന് ശേഷമുള്ള മറ്റൊരു വംശീയ കലാപമായി ഇത് മാറുമോയെന്ന ആശങ്ക പല കോണുകളിലുമുണ്ട്. സിറിയയിലും ഇറാഖിലും മധ്യകാലഘട്ടത്തിലെ സുന്നി ഇസ്‌ലാമിക് തത്വങ്ങള്‍ നടപ്പിലാക്കുക എന്ന ന്യായവാദവുമായാണ് ഇസില്‍ (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്ത്്) ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഉസാമ ബിന്‍ ലാദന്റെ മുന്‍ ലഫ്റ്റനന്റ് അയ്മന്‍ അല്‍ സവാഹിരിയുമായി തെറ്റിപ്പിരിഞ്ഞ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് ഇസിലിന് നേതൃത്വം നല്‍കുന്നത്. സിറിയയില്‍ അല്‍ഖാഇദക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഇസില്‍ വലിയൊരു ഭാഗം അധീനതയിലാക്കിയിട്ടുണ്ട്. എണ്ണ വിപണനവും നികുതി പിരിവുമാണ് പ്രധാന ഫണ്ട് വഴികള്‍. ഇറാഖില്‍ ശിയാ വിശ്വാസികളെ ലക്ഷ്യം വെച്ച് നിരന്തരം ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു.
ടൈഗ്രിസ് താഴ്‌വരയിലെ പ്രധാന നഗരങ്ങള്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് ലക്ഷങ്ങളാണ് ദിവസവും പലായനം ചെയ്യുന്നത്. സ്വയംഭരണമുള്ള വടക്കു ഭാഗത്തെ കുര്‍ദ് നഗരങ്ങളിലേക്കാണ് ജനങ്ങളുടെ പ്രയാണം.
കിര്‍കൂകില്‍ ഒരു ഇറാഖി സൈനികനും അവശേഷിക്കുന്നില്ലെന്ന് കുര്‍ദ് സൈനികര്‍ പറഞ്ഞു. ഇറാഖിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു എന്‍ രക്ഷാ സമിതി ഇന്ന് ചേര്‍ന്നേക്കും. അതേസമയം, ദേശീയ അടിയന്തരാവസ്ഥ സംബന്ധിച്ച് ഇറാഖ് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്‌തെങ്കിലും വോട്ടെടുപ്പ് നടന്നില്ല. സമയം അവസാനിച്ചതിനാല്‍ വോട്ടെടുപ്പ് നടക്കാതെ പോകുകയായിരുന്നു. 325 എം പിമാരില്‍ 128 പേര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ അനുകൂലമാണ്. മൂസ്വില്‍ നഗരവും നീനിവി പ്രവിശ്യയുടെ ഏതാനും ഭാഗങ്ങളും തീവ്രവാദി വിഭാഗം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി പാര്‍ലിമെന്റിനോട് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥ നൂരിക്ക് സര്‍വാധികാരത്തോടെ ഭരിക്കാന്‍ മാത്രമാണ് ഇടവരുത്തുകയെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ശിയാ പക്ഷക്കാരനാണ് നൂരി. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാമതും പ്രധാനമന്ത്രിയായി നൂരി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Latest