Connect with us

Ongoing News

സ്‌നൈഡര്‍ 100 ാം മത്സരത്തിന്

Published

|

Last Updated

ഹോളണ്ട് മിഡ്ഫീല്‍ഡര്‍ വെസ്‌ലെ സ്‌നൈഡര്‍ തന്റെ നൂറാം രാജ്യാന്തര മത്സരത്തിനാണൊരുങ്ങുന്നത്. നാല് വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ സ്‌പെയ്‌നിന് മുന്നില്‍ കിരീടം അടിയറ വെച്ച ഹോളണ്ട് ടീമില്‍ സ്‌നൈഡറുണ്ടായിരുന്നു. ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം തനിക്കുണ്ടാകില്ലെന്ന് പറയുന്ന സ്‌നൈഡര്‍ ഇന്ന് ജയം ആഗ്രഹിക്കുന്നു. വെറുമൊരു ആഗ്രഹം മാത്രമല്ല, മധുരപ്രതികാരം. അതാണ് ഡച്ച് താരത്തിന്റെ മനസ്സില്‍.
ലോകകപ്പ് ഫൈനലിലെ തോല്‍വിയാണ് കരിയറിലെ ഏറ്റവും വേദനയാര്‍ന്ന നിമിഷം. ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത മത്സരമാണത്. അധിക സമയത്ത് സുവര്‍ണാവസരം ലഭിച്ചിട്ടും ഹോളണ്ടിന് കപ്പുയര്‍ത്താനായില്ല. ഒടുവില്‍ ഇനിയെസ്റ്റയുടെ ഗോളില്‍ സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായി. മൂന്ന് മിനുട്ട് ശേഷിക്കെയായിരുന്നു ഇനിയെസ്റ്റയുടെ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ വീഴ്ത്തിയ ഹോളണ്ടിന് ഫൈനല്‍ ദുരന്തമായി.ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതൊന്നും തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് സ്‌നൈഡര്‍ പറഞ്ഞു. കോച്ച് ലൂയിസ് വാന്‍ ഗാല്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയെയാണ് ക്യാപ്റ്റനാക്കിയത്. ഞാന്‍ ക്യാപ്റ്റനല്ല, പക്ഷേ ടീം ലീഡറാണ് -ടീം സ്പിരിറ്റ് ഒട്ടും ചോര്‍ന്നു പോയിട്ടില്ലെന്ന് സ്‌നൈഡര്‍ വ്യക്തമാക്കുന്നു.